45000 രൂപ പോയി ഗയ്സ്: എല്ലാത്തിനും കാരണം ഒരു മെസേജ്: തട്ടിപ്പിന് ഇരയായതിനെ കുറിച്ച് അമൃത സുരേഷ്
സൈബർ തട്ടിപ്പിന് ഇരയായി ഗായിക അമൃത സുരേഷ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ താരം തന്നെയാണ് തട്ടിപ്പിനെക്കറിച്ച് വ്യക്തമാക്കുന്നത്. സഹോദരി അഭിരാമി സുരേഷും അമൃതക്ക് ഒപ്പം വീഡിയോയില്‍ വന്ന് എങ്ങനെയാണ് തട്ടിപ്പ് നടന്നത് എന്നതിനെക്കുറിച്ച് പറയുന്നു. പരിപാടികളൊക്കെ വളരെ കുറഞ്ഞ് നില്‍ക്കുന്ന സമയത്താണ് ഇത്തരമൊരു തട്ടിപ്പിന് ഇരയായതെന്നും ഇരുവരും പറയുന്നു.തട്ടിപ്പിലൂടെ 45000 രൂപയാണ് അമൃതക്ക് നഷ്ടമായിരിക്കുന്നത്.
നമ്മള്‍ ചെയ്യുമ്പോള്‍ സൈബർ തട്ടിപ്പിനെ കുറിച്ചുള്ള മുന്നറിയിപ്പ് നമ്മളെല്ലാവരും കേള്‍ക്കാറുണ്ട്. വൃത്തികെട്ട അനൗണ്‍സ്‌മെന്റ്, ഇതുകാരണം കോള്‍ കണക്ടാകാന്‍ എത്ര സമയമെടുക്കുന്നു എന്നൊക്കെയാണ് അത് കേള്‍ക്കുമ്പോള്‍ ഞാന്‍ വിചാരിക്കാറുള്ളത്. അതുകൊണ്ട് തന്നെ ഇത്രനാളും ഈ അറിയിപ്പ് താന്‍ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ തട്ടിപ്പിന് ഇരയായ ശേഷം ചെയ്ത കോളിന് മുമ്പ് ഇത് കേട്ടപ്പോള്‍ 'ഈശ്വരാ ഇത് തന്നെയാണല്ലോ പറയണെ, അന്ന് മര്യാദയ്ക്ക് ശ്രദ്ധിച്ചാല്‍ മതിയായിരുന്നു' എന്ന് തോന്നിയെന്നും അമൃത പറയുന്നു.

ഒരു ദിവസം ഞാന്‍ സ്റ്റുഡിയോയില്‍ ഇരിക്കുന്ന സമയത്തുണ്ട് കസിന്‍ സിസ്റ്ററായ ബിന്ദു ചേച്ചിയുടെ ഫോണില്‍ നിന്നും എനിക്ക് ഒരു മെസേജ് വരുന്നു. വാട്ട്സാപ്പിലാണ് മെസേജ് വന്നത്. 45000 രൂപ അത്യാവശ്യമായി വേണമെന്നും തന്റെ യു പി ഐക്ക് എന്തോ പ്രശ്മമുള്ളതിനാല്‍ മറ്റൊരു അക്കൗണ്ടിലേക്ക് ഇടണമെന്നുമായിരുന്നു മെസേജ്. ആ സമയത്ത് കറക്ട് 45000 രൂപയോളം അക്കൌണ്ടിലുണ്ടായിരുന്നു.
ഇന്ന് ഇ എം ഐ പിടിക്കുമെന്ന് പറഞ്ഞപ്പോള്‍ ഒരു മണിക്കൂർ കൊണ്ട് തിരികെ തരാമെന്നാണ് ചേച്ചിയുടെ മറുപടി. ഞങ്ങള്‍ ഇങ്ങനെ അത്യാവശ്യത്തിന് പൈസ കൊടുക്കുന്നുവരാണ്. സ്റ്റുഡിയോയില്‍ ആയതുകൊണ്ട് തന്നെ വിളിച്ച് അന്വേഷിക്കാനും നിന്നില്ല. എന്തായാലും ഞാന്‍ അപ്പൊ തന്നെ 45000 രൂപ അയച്ചുകൊടുത്തു. ഒപ്പം സ്റ്റുഡിയോയില്‍ നിന്ന് ചിരിച്ചുകൊണ്ടുള്ള സെല്‍ഫിയും അയച്ചുകൊടുത്തു.
പൈസ കിട്ടിയ ഉടനെ തന്നെ ഉണ്ട് 30000 രൂപ കൂടി അയക്കാമോ എന്ന് ചോദിച്ചുകൊണ്ട് മറ്റൊരു മെസേജ് കൂടെ വരുന്നു. എന്റെ കയ്യില്‍ പൈസ ഇല്ലാത്തതുകൊണ്ട് ഞാന്‍ ചേച്ചിയെ വീഡിയോ കോള്‍ ചെയ്തു. അപ്പോള്‍ അവിടുന്ന് കട്ട് ചെയ്യുകയാണ്. അപ്പോള്‍ ഞാന്‍ പെട്ടെന്ന് തന്നെ നോർമല്‍ കോളില്‍ ചേച്ചിയെ വിളിച്ചു. ആ സമയത്തുണ്ട് ചേച്ചി 'അമ്മൂ, എന്റെ വാട്ട്‌സ്ആപ്പ് ആരോ ഹാക്ക് ചെയ്തൂ. കുറേ പേര്‍ക്ക് ഇങ്ങനെ മെസേജ് അയച്ചു. നീ പൈസയൊന്നും അയച്ചുകൊടുക്കല്ലേ' എന്ന് കരഞ്ഞ് വിളിച്ചുകൊണ്ട് പറയുന്നു.
അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. ബിന്ദു ചേച്ചിക്ക് എന്തൊ കൊറിയർ വരാനുണ്ടായിരുന്നു. അങ്ങനെ ഒരു കോള്‍ വരികയും മറ്റൊരു നമ്പറിലേക്ക് വിളിച്ച് അഡ്രസ് പറഞ്ഞ് കൊടുക്കാമോയെന്നും ചോദിച്ചു. ആ സമയത്ത് ഓട്ടോമറ്റിക്ക് ആയി കോള്‍ ഫോർവേർഡ് ആകും അതോടൊപ്പം വാട്സാപ്പ് കോള്‍ ഓതറ്റിക്കേഷനും അവർക്ക് ലഭിക്കും. അങ്ങനെയാണ് തട്ടിപ്പ് നടക്കുന്നതെന്നും അമൃത പറയുന്നു.
തട്ടിപ്പ് നടന്നുവെന്ന് മനസ്സിലായ ഉടന്‍ തന്നെ ഞാന്‍ ഉടനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. അതോടൊപ്പം തന്നെ ബിന്ദുച്ചേച്ചിയുടെ പരിചയത്തിലുള്ള എല്ലാവരോടും ഇക്കാര്യം പറഞ്ഞുവെന്നും ആരും പൈസ അയച്ചുകൊടുക്കരുതെന്ന് പറഞ്ഞു. നമ്മുടെ കയ്യില്‍ നിന്നും തട്ടിക്കുന്ന പൈസ അവർ പെട്ടെന്ന് തന്നെ എടിഎമ്മിലൂടെ പിന്‍വലിക്കും. എന്തായാലും അടുത്ത തവണ മുതല്‍ ഫോണ്‍ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന ആ അനൗണ്‍സ്‌മെന്റ് ശ്രദ്ധിച്ചുകേള്‍ക്കണം. തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ 1903 എന്ന നമ്പറില്‍ പരാതിപ്പെടാം. ആദ്യത്തെ ഒരു മണിക്കൂറാണ് പ്രധാനമെന്നും അമൃത കുട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications