മകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തു; വീട്ടിലേക്ക് പാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊല്ലാന്‍ ശ്രമം
തിരുവനന്തപുരം: മുന്‍വൈരാഗ്യത്തിന്റെ പേരില്‍ വീട്ടിനുള്ളിലേക്ക് പാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമം. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ഗൃഹനാഥന്റെ പരാതിയില്‍ ഗുണ്ടുറാവു എന്നറിയപ്പെടുന്ന കിച്ചവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകളെ ശല്യം ചെയ്തത് വിലക്കിയതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് പാമ്പിനെ എറിഞ്ഞതെന്ന് കിച്ചു പൊലീസിനോട് പറഞ്ഞു.
ഞായറാഴ്ച പുലര്‍ച്ചയാണ് സംഭവം. വിഷപ്പാമ്പിനെ വീട്ടിലേക്ക് വലിച്ചെറിഞ്ഞ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് വീട്ടുകാരെ കൊലപ്പെടുത്താനായിരുന്നു പ്രതിയുടെ ശ്രമം. മകളെ ശല്യം ചെയ്തതിന് ഗൃഹനാഥനും കിച്ചുവും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ശല്യം ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കി പൊലീസ് വിട്ടയച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൃത്യത്തിന് പ്രേരിപ്പിച്ചത്.

വീട്ടിലേക്ക് പാമ്പിനെ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പൊലീസില്‍ കുടുംബം പരാതി നല്‍കിയത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ പരാതി വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് പൊലീസിന് ബോധ്യപ്പെടുകയായിരുന്നു. പാമ്പിനെ വീട്ടിലിട്ട് പ്രതി ബൈക്ക് ഉപേക്ഷിച്ച് ഓടിപ്പോവുകയായിരുന്നു. ബൈക്ക് നമ്പര്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. പാമ്പിനെ വീട്ടുകാര്‍ തല്ലിക്കൊന്നു. ഏത് പാമ്പാണെന്ന് അറിയാന്‍ പാലോട് മൃഗാശുപത്രിയില്‍ എത്തിച്ച് പരിശോധിക്കും.












Click it and Unblock the Notifications