നരഭോജി കടുവയുടെ ആമാശയത്തിൽ കമ്മൽ; പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്
പഞ്ചാരക്കൊല്ലിയിൽ ചത്തനിലയിൽ കണ്ടെത്തിയ കടുവയുടെ ആമാശയത്തിൽ നിന്നും കമ്മൽ, വസ്ത്രങ്ങളുടെ ഭാഗം മുടി എന്നിവ കണ്ടെത്തി. കൊല്ലപ്പെട്ട രാധയുടേതാണ് ഇതെന്നാണ് നിഗമനം. കഴുത്തിലേറ്റ മുറിവുകളാണ് കടുവയുടെ മരണകാരണം എന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നത്.
കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള നാല് മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിന് അധികം പഴക്കമില്ല. അതുകൊണ്ട് തന്നെ രാത്രിയിൽ ഉൾക്കാട്ടിൽ വെച്ച് മറ്റ് കടുവകളുമായി ഏറ്റുമുട്ടിയപ്പോൾ ഉണ്ടായതാകാം ഈ മുറിവുകൾ എന്നാണ് കണക്കാക്കുന്നത്. ഇത് തന്നെയാണ് മരണകാരണം മരിച്ചത് 5 വയസ് പ്രായമുള്ള പെൺകടുവയാണ്. സാധാരണഗതിയിൽ കാടിറങ്ങുന്ന കടുവകൾ കന്നുകാലികളെയാണ് ആക്രമിക്കാറുള്ളത്. ഇതാദ്യമായാണ് കടുവ മനുഷ്യരെ നേരിട്ട് ആക്രമിക്കുന്നതെന്ന് പോസ്റ്റുമാർട്ടത്തിന് ശേഷം ചീഫ് വൈൽ ലൈഫ് വാർഡ് പ്രമോദ് ജി കൃഷ്ണൻ പറഞ്ഞു. അതേസമയം കടുവയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. പഞ്ചാരക്കൊല്ലിയിൽ ഇനിയും നിരീക്ഷണം തുടരുമെന്നും പ്രമോദ് അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് പിലാക്കാവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. രാത്രി 12.30 തോടെയാണ് കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ആ സമയം കടുവ അവശനിലയിലായിരുന്നു. ഏകദേശം 2 മണിക്കൂർ നേരം കടുവയ്ക്കു പിറകെ പോയെങ്കിലും പിന്നീട് ഇതിനെ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു.
24 നാണ് പഞ്ചാരക്കൊല്ലിയിൽ കടുവ ഇറങ്ങിയത്. ഇവിടെ കാപ്പി പറിക്കാൻ തോട്ടത്തിലേക്ക് പോയ രാധയെ ആണ് കടുവ ആക്രമിച്ചത്. തണ്ടർബോൾട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കടുവ പാതി ഭക്ഷിച്ച നിലയിലായിരുന്നു. 100 മീറ്ററോളം രാധയുടെ മൃതദേഹം വലച്ച് കൊണ്ടു പോയിരുന്നു. അന്ന് മുതൽ പ്രദേശത്ത് പരിശോധന ഊർജിതമാക്കിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ഇതോടെ പ്രദേശവാസികൾ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. തുടർന്ന് 10 ഓളം സംഘങ്ങളായി കടുവയ്ക്ക് വേണ്ടിയുള്ള പരിശോധന നടത്തിയിരുന്നു. അപ്പോഴും നിരാശയായിരുന്നു ഫലം. ഇതിനിടയിൽ കടുവയെ വെടിവെച്ച് കൊല്ലാൻ സർക്കാർ ഉത്തരവിറക്കി. തുടർന്ന് പരിശോധന നടത്തുന്നതിനിടയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.
അതേസമയം വനം വകുപ്പിന്റെ ദൗത്യം ഇതോടെ അവസാനിപ്പിക്കില്ലെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. മറ്റ് പല സ്ഥലങ്ങളിലും പരിശോധന തുടരും. കടുവയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഉണ്ടാകും. അതിനായുള്ള ക്രമീകരണം നടത്താന്‍ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications