'എല്ലാവരും ഇനി മുതൽ വെജിറ്റേറിയനാകണം എന്ന തീട്ടൂരം കടന്ന കൈ', പുതിയ ഗവർണർക്ക് വിമർശനം

തിരുവനന്തപുരം: ചുമതലയേറ്റെടുത്തതിന് തൊട്ട് പിന്നാലെ ലോക്ഭവനില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ പാടുളളൂ എന്നുളള പുതിയ ഗവര്‍ണര്‍ ഓം പ്രകാശ് മാഥുറിന്റെ നിര്‍ദേശം വിവാദത്തിലായിരിക്കുകയാണ്. ലോക്ഭവന്‍ അടുക്കളയില്‍ മത്സ്യമോ മാംസമോ പാചകം ചെയ്യരുത് എന്നാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടക്കമുളളവര്‍ ഗവര്‍ണറെ വിമര്‍ശിച്ച് രംഗത്ത് എത്തി. ഭക്ഷണം ഓരോരുത്തരുടേയും സ്വാതന്ത്ര്യം ആണെന്നും അത് മറ്റുളളവര്‍ അല്ല തീരുമാനിക്കേണ്ടത് എന്നുമാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

സംഘപരിവാറിന്റെ കാവി അജണ്ട കേരളത്തിൽ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമാണിതെന്നാണ് കെസി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. കെസി വേണുഗോപാലിന്റെ പ്രതികരണം: ' കേരളാ ഗവർണറായി ഓംപ്രകാശ് മാഥൂർ ചുമതലയേറ്റെടുത്തിരിക്കുകയാണ്. ഇന്നുമുതൽ മുതൽ ലോക്ഭവന്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില്ലെന്നാണ് ഗവർണർ സ്ഥാനമേറ്റെടുക്കും മുൻപേ നൽകിയിരിക്കുന്ന നിർദേശം. ചുമതലയേറ്റെടുക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപേ, കേരളത്തിന്റെ സാമൂഹിക സാഹചര്യം പോലും മനസ്സിലാക്കും മുൻപേ, ഞാനിവിടെ അധികാരം ഏറ്റെടുക്കുന്നത് മുതൽക്ക് ഇവിടെ എല്ലാവരും ഇനിമുതൽ വെജിറ്റേറിയനാകണം എന്ന തീട്ടൂരം കടന്ന കൈയായിപ്പോയി.

സമ്മിശ്രമായ ഭക്ഷണ സംസ്കാരമുള്ള നാടാണ് കേരളം. തീരദേശ സംസ്ഥാനമായ കേരളത്തിൽ മത്സ്യസമ്പത്ത് ആവോളമുണ്ട് താനും. അതുകൊണ്ടുതന്നെ വെജിറ്റേറിയനായും നോൺ വെജിറ്റേറിയനായും ഓരോ മനുഷ്യനും ഇവിടെ തുടർന്നുപോരാം. മലയാളി ശീലിച്ച ഭക്ഷണരീതിക്ക് വിലക്കേർപ്പെടുത്താനോ ഇനിമുതൽ എന്ത് കഴിക്കണമെന്ന നിർദേശം പുറപ്പെടുവിക്കാനോ ആരെങ്കിലും ശ്രമിച്ചാൽ അത് അംഗീകരിക്കാൻ കഴിയുന്നതല്ല.

Om Prakash Mathur

ഭക്ഷണത്തിൽപ്പോലും കടന്നുകയറി മലയാളിയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കുന്ന അന്ത്യശാസനങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനത്തിൽക്കുറഞ്ഞതൊന്നുമല്ല. എന്ത് കഴിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും തീരുമാനിക്കാനുള്ള ഭരണഘടന നൽകുന്ന അവകാശം സംരക്ഷിക്കാൻ ബാധ്യതപ്പെട്ട ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തി തന്നെയാണ് ഇവിടെ തന്റെ ഭക്ഷണ രീതി തന്നെ മറ്റുള്ളവർ പിന്തുടരണമെന്ന് നിർബന്ധം പിടിക്കുന്നത്. തന്റെ അധികാരം ഉപയോഗിച്ച് ഇവിടെ വ്യക്തിസ്വാതന്ത്ര്യം കവർന്നെടുക്കുകയാണ് നിയുക്ത ഗവർണർ ചെയ്യുന്നത്.

കാലങ്ങളായി കവർന്നെടുക്കലെന്ന അജണ്ട പിന്തുടരുന്ന സംഘപരിവാറിന്റെ ഭരണഘടനാ വിരുദ്ധ താത്പര്യങ്ങളുടെ തുടർച്ചയാണിത്. വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കൽ കത്തി വെച്ചവർ തന്നെ ഇപ്പോൾ നമ്മളിൽ നിന്ന് ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണ്.

സംഘപരിവാറിന്റെ കാവി അജണ്ട കേരളത്തിൽ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമാണിത്. വെജിറ്റേറിയനായ ഗവർണറുടെ ഭക്ഷണക്രമം അദ്ദേഹം അതേപടി തന്നെ തുടരുന്നതിൽ ഒരുതരത്തിലുള്ള തടസ്സവും ഉണ്ടാകാൻ പാടില്ല. എന്നാൽ, മലയാളികൾ കൂടി ജീവനക്കാരായുള്ള ലോക്ഭവന്റെ അടുക്കള, തന്റെ പ്രത്യേക താത്പര്യത്തോട് കൂടി മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂവെന്ന നിർദേശമടങ്ങിയ നിയന്ത്രണം അംഗീകരിക്കാൻ കഴിയുന്നതല്ല.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ, ആളുകൾ ഭക്ഷണത്തിൻ്റെയും ധരിക്കുന്ന വസ്ത്രത്തിൻ്റെയും പേരിൽ കൊല്ലപ്പെടുന്ന നിലയുണ്ടായത് പകൽ പോലെ നമ്മുടെ കൺവെട്ടത്തുണ്ട്. ദാദ്രി അടക്കമുള്ളവ നമ്മുടെ രാജ്യത്തിന്റെ ഹൃദയത്തിലേൽപ്പിച്ച മുറിവ് ഇന്നുമിവിടെ അവശേഷിക്കുന്നുണ്ട്. ഭക്ഷണത്തെ മുൻനിർത്തി ഇങ്ങനെ പലയിടങ്ങളിലും സംഘപരിവാർ നടത്തുന്ന തീവ്രവർഗീയപ്രചരണവും അപരവിദ്വേഷ പ്രകടനവും അതിന്റെ അടുത്ത ഘട്ടത്തിലേക്ക് കൂടിയാണ് കടക്കുന്നത്. സംഘപരിവാർ നടപ്പിലാക്കുന്ന ഈ നയങ്ങൾ ലോക്ഭവനിൽ നിന്ന് ഓരോ കേന്ദ്രങ്ങളിലേക്ക് വ്യാപിക്കുകയും, ക്രമേണ അതൊരു ആധിപത്യമായി മാറി നമ്മുടെ സ്വാഭാവികത നമുക്ക് നഷ്ടപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തുകയും ചെയ്യുമെന്നതിൽ സംശയമില്ല.

ഭക്ഷണ സ്വാതന്ത്ര്യം ഓരോ വ്യക്തിയുടെയും അവകാശമാണ്. അതിന് തടയിടുന്ന പ്രവൃത്തിയിൽ നിന്ന് കേരളത്തിന്റെ ഗവർണർ പിന്മാറണം. ഇഷ്ടമുള്ളത് പാചകം ചെയ്യാനും ഇഷ്ടമുള്ളത് കഴിക്കാനും കഴിയുന്ന അവകാശങ്ങൾക്ക് ഭരണഘടന നൽകുന്ന പരിരക്ഷ ഉറപ്പുവരുത്തേണ്ട പദവിയിൽക്കൂടിയാണ് ഇരിക്കുന്നതെന്ന് ഗവർണർക്ക് ഓർമ വേണം'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma