മതവിശ്വാസികളെ വ്രണപ്പെടുത്തിയിട്ടില്ല, ഇതൊക്കെ കേരളം പുച്ഛിച്ച് തള്ളും; നിലപാടിലുറച്ച് ഷംസീര്‍
തിരുവനന്തപുരം: ഒരു മതവിശ്വാസിയേയും വ്രണപ്പെടുത്താനുദ്ദേശിച്ചിട്ടില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. എല്ലാ മതവിശ്വാസങ്ങളേയും ബഹുമാനിക്കുന്നു. എനിക്ക് മുന്‍പ് പലരും പറഞ്ഞ കാര്യം തന്നെയെ ഞാനും പറഞ്ഞിട്ടുള്ളൂ. ശാസ്ത്രാഭിരുചി വളര്‍ത്തണം എന്ന് പറയുന്നത് വിശ്വാസികളെ വ്രണപ്പെടുത്തലാകുന്നത് എങ്ങനെയെന്നും ഷംസീര്‍ ചോദിച്ചു. ശാസ്ത്രവും മിത്തും സംബന്ധിച്ച പ്രസംഗം വിവാദമായതിന് പിന്നാലെയാണ് ഷംസീറിന്റെ പ്രതികരണം.
ഇപ്പോള്‍ നടക്കുന്ന വിദ്വേഷപ്രചരണം നിര്‍ഭാഗ്യകരമാണ്. ഈ പ്രചരണം കേരളം പുച്ഛിച്ച് തള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടന ശാസ്ത്രാവബോധം വളര്‍ത്തണം എന്ന് പറഞ്ഞിട്ടുണ്ട്. അക്കാര്യമാണ് താനും പറഞ്ഞത് എന്നും അത് വ്യക്തമാണല്ലോ എന്നും ഷംസീര്‍ ചോദിച്ചു. ഷംസീറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

''ഇതൊന്നും ഞാനായി പറഞ്ഞതല്ല. ഈ പരാമര്‍ശം ഒരു മതവിശ്വാസിയേയും വേദനിപ്പിക്കാനല്ല. ഞാന്‍ ഏതെങ്കിലും മതപരമായ വികാരങ്ങളെ വേദനിപ്പിക്കുന്ന ആളല്ല. എല്ലാ മതവികാരങ്ങളേയും ബഹുമാനിക്കുന്ന ആളാണ് ഞാന്‍. ഭരണഘടന ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഏതൊരാള്‍ക്കും മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട്. ആര്‍ട്ടിക്കിള്‍ 51 പ്രകാരം ശാസ്ത്രാവബോധം വളര്‍ത്തുകയും ചെയ്യാം.
ഒരുഭാഗത്ത് മതവിശ്വാസം ഭരണഘടന പറയുമ്പോള്‍ മറുഭാഗത്ത് ശാസ്ത്രാവബോധം വളര്‍ത്തണം എന്ന് പറയുന്നു. ഭരണഘടനാ പദവി വഹിക്കുന്ന ഒരാളെന്ന നിലയില്‍ ശാസ്ത്രാവബോധം വളര്‍ത്തണമെന്ന് പറയുന്നത് എങ്ങനെയാണ് വിശ്വാസികളെ വ്രണപ്പെടുത്തുന്നതാകുന്നത്. പറഞ്ഞ് പറഞ്ഞ് എവിടേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. അതില്‍ മാധ്യമങ്ങള്‍ ഞാന്‍ പറഞ്ഞതിനെ പിന്തുണച്ചു എന്നാണ് മനസിലാക്കുന്നത്.
കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരം ചര്‍ച്ചകള്‍ നിര്‍ഭാഗ്യകരമാണ്. എനിക്ക് മുന്‍പ് പലരും ഇത്തരം പരാമര്‍ശം നടത്തിയിട്ടുണ്ട്. 2016 ല്‍ ഞാന്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ പേരില്‍ ഒരു മതവിഭാഗം എന്റെ മേലില്‍ കുതിര കയറിയിരുന്നു. സ്പീക്കറായിട്ട് നേരിട്ട് വായുവില്‍ വന്നിറങ്ങിയവരല്ല. വിദ്യാര്‍ത്ഥി-യുവജന രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് വന്ന ആളാണ് ഞാന്‍. എന്റെ മതേതരത്വം ചോദ്യം ചെയ്യാന്‍ ഇവിടെ ആര്‍ക്കും അവകാശമില്ല.
ഇന്ത്യയ്ക്ക് അകത്ത് ഒരു ഹേറ്റ് ക്യാംപെയ്ന്‍ നടക്കുകയാണ്. കേരളം ഒരു പരിധി വരെ അതിനെ തടയിട്ട് നിര്‍ത്തിയിട്ടുണ്ട്. അത് ഇവിടെ തുടങ്ങാനുള്ള ശ്രമമാണ്. അതിനെ കേരള സമൂഹം തള്ളിക്കളയും. വിശ്വാസികളും തടയും. മതവിശ്വാസികള്‍ എന്റെ കൂടെയാണ്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്ക് സ്വന്തം അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. എനിക്ക് പ്രസംഗിക്കാനുള്ള അവകാശം ഉള്ളത് പോലെ അദ്ദേഹത്തിനും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്.
ബഹുമാന്യനായ സുകുമാരന്‍ നായര്‍ പ്രതിഷേധിച്ചു. ഞാനൊന്നും പറഞ്ഞില്ലല്ലോ. അത് അദ്ദേഹത്തിന്റെ അവകാശമാണ്. അതിന് ഇന്ത്യന്‍ ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. വിശ്വാസികള്‍ ഇത്തരം പ്രചരണങ്ങളില്‍ വീണ് പോകരുത്. വിശ്വാസമാണ് വലുത് എന്നത് സുകുമാരന്‍ നായരുടെ അഭിപ്രായമാണ്. ശാസ്ത്രത്തേയും വിശ്വാസത്തേയും കൂട്ടിക്കലര്‍ത്തിയത് ഞാനല്ലല്ലോ.'












Click it and Unblock the Notifications