പ്രായാധിക്യം മറന്ന് അവര്‍ ഒത്തു ചേര്‍ന്നു; വടകരയിൽ വ്യത്യസ്തമായൊരു സംഗമം
വടകര: ഒന്നിച്ചു കളിച്ചുവളര്‍ന്നു പിന്നീട് ജീവിതത്തില്‍ വ്യത്യസ്ത മേഖലകളിലേക്ക് ചേക്കേറിയവര്‍ പ്രായാധിക്യത്തെ മാറ്റി നിര്‍ത്തി ഒത്തുചേര്‍ന്നത് നാടിനും പുതുതലമുറയക്കും ഉത്തേജനമായി. നാട്ടില്‍ തന്നെയുണ്ടായിട്ടും പ്രായാധിക്യത്തിന്റെ അവശതകളാല്‍ പരസ്പരം കാണാന്‍ പോലും കഴിയാത്ത സാഹചര്യത്തിലായവരുടെ കൂടിച്ചേരല്‍. ഓര്‍മകളുടെ വേലിയേറ്റത്തിനൊപ്പം തലമുറകളുടെ സംഗമത്തിനു കൂടിയാണ് സാക്ഷ്യം വഹിച്ചത്.
കാലത്തിനൊപ്പം സഞ്ചരിച്ചവര്‍ ഓര്‍മകളിലേക്കു ഊളിയിടുകയും താണ്ടിയ വഴികളെ കുറിച്ചു വിശദീകരിക്കുകയും ചെയ്തപ്പോള്‍ ഒരുതലമുറയുടെ നേര്‍ക്കാഴ്ചയാണ് പുതുതലമുറയക്ക് മുന്നില്‍ തെളിഞ്ഞത്. ഗതകാല സ്മരണയില്‍ ഒരു ഒത്തു ചേരല്‍ എന്ന പേരില്‍ കൊളരാട്ചാരിറ്റബിള്‍ ട്രസ്റ്റാണ് അത്യപൂര്‍വമായ പുനസമാഗമത്തിനു വേദി ഒരുക്കിയത്. വയോജനങ്ങളുടെ മാനസീക ഉല്ലാസവും ആരോഗ്യ പരിരക്ഷയും മുന്‍നിര്‍ത്തിയായിരുന്നു പരിപാടി.

കൊളരാട് തെരുവിലും പരിസരത്തുമുള്ള 80 വയസ് പിന്നിട്ട 32 പേരെ ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം പിരിയുമ്പോള്‍ വീണ്ടും കാണാം എന്ന വാക്കുകളോടെയും സംഗമങ്ങള്‍ ഇനിയും ഒരുക്കണമെന്നു സംഘാടകരോട് ആവശ്യപ്പെട്ടുമാണ് പങ്കെടുത്തവര്‍ വേദി വിട്ടത്. ഇതോടനുബന്ധിച്ചു നടത്തിയ മെഡിക്കല്‍ ക്യാമ്പിന് ഡോ. വി.സുദിന്‍ കുമാര്‍ നേതൃത്വം നല്‍കി. കൊളരാടിന്റെ ചരിത്രം ബാബു കെ. പുത്തലത്ത് അവതരിപ്പിച്ചു. സുനില്‍ കോട്ടേമ്പ്രത്തിന്റെ സ്റ്റേജ് ഷോയും മാസ്റ്റര്‍ അരുണ്‍ ശിവദാസിന്റെ മാജിക് പ്രകടനവും കുട്ടികളുടെ കലാപരിപാടിയും അരങ്ങേറി. വാര്‍ഡ് മെമ്പര്‍ പി.പി. ശ്രീധരന്‍ മുഖ്യാതിഥിയായിരുന്നു. പി.പി.പ്രകാശന്‍, എം.പി. രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.
പടം:വയോജന സംഗമത്തിൽ ആദരിക്കപ്പെട്ടവർ












Click it and Unblock the Notifications