'പ്രധാനമന്ത്രിക്ക് ഭാര്യയെ ഒപ്പം കൊണ്ടുപോകാമെന്ന് വെച്ചാൽ സാധിക്കുമോ?'; മറുപടിയുമായി ആനത്തലവട്ടം
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വിദേശ യാത്രയിൽ കുടുംബം പോകുന്നതിനെതിരായ വിമർശനത്തിൽ മറുപടിയുമായി സി പി എം നേതാവ് ആനത്തലവട്ടം ആനന്ദൻ. കുടുംബം യാത്ര പോകുന്നുണ്ടെങ്കിൽ ആ ചെവവ് വഹിക്കുന്നത് അവർ തന്നെയാണെന്നും സർക്കാർ അല്ല ആ ചെലവ് വഹിക്കുന്നതെന്നും ആനത്തലവട്ടം പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'മുഖ്യമന്ത്രി വിദേശ യാത്ര പോകുമ്പോൾ ഭാര്യ എവിടെ പോകും? ചില മുഖ്യമന്ത്രിമാർ വിദേശ യാത്ര ചെയ്യുമ്പോൾ കൂടെ പോകാൻ ഭാര്യമാർ തയ്യാറായി കാണില്ല.അവർക്ക് ഇഷ്ടമില്ലായിരിക്കും പോകാൻ. ചില മുഖ്യമന്ത്രിമാർക്ക് ഭാര്യ ഉണ്ടായിക്കാണില്ല ഒപ്പം പോകാൻ. നമ്മുടെ പ്രധാനമന്ത്രി വിദേശ പര്യടനം നടത്തുന്നു. ഭാര്യയെ കൊണ്ടുപോകണമെന്ന് ശഠിച്ചാൽ വല്ല രക്ഷയുമുണ്ടോ? മറ്റ് പ്രധാനമന്ത്രിമാർ ഭാര്യയെ കൊണ്ടുപോയിട്ടുണ്ട്'.

'മൻമോഹൻ സിംഗ് വിദേശ യാത്ര പോകുമ്പോൾ ഭാര്യയെ കൊണ്ടുപോയിട്ടുണ്ട്. ഭാര്യയ്ക്കും ഇഷ്ടമാണ് അവർക്ക് ആരോഗ്യമുണ്ട്, പ്രായാധിക്യമില്ല, അസുഖമൊന്നുമില്ലെങ്കിൽ ഭർത്താവിനൊപ്പം പോകാനും അദ്ദേഹത്തെ സുശ്രീഷിക്കാനും ഒക്കെ ഭാര്യ പോകുന്നുണ്ടെങ്കിൽ അതിലെന്താണ്. ഇതൊരു പുതിയ വഴക്കം സൃഷ്ടിക്കലല്ല'.

'മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ പോയിട്ടുണ്ടെങ്കിൽ അവരുടെ സ്വന്തം കാശ് കൊടുത്താണ് പോയിട്ടുള്ളത്. അല്ലാതെ സർക്കാരിന്റെ കാശ് കൊടുത്തല്ല', ആനത്തലവട്ടം പറഞ്ഞു. മുഖ്യമന്ത്രി വിദേശത്തേക്ക് പോയത് സംസ്ഥാനത്തിന് വേണ്ടിയാണെന്നും ചെലവ് സംബന്ധിച്ചിവരങ്ങൾ ആവശ്യപ്പെട്ടാൽ സർക്കാർ അത് നൽകുമെന്നും ആനത്തലവട്ടം പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ വിദേശ യാത്രകളെ സംബന്ധിച്ചുള്ള വിമർശനങ്ങൾക്കും ആനത്തലവട്ടം ചർച്ചയിൽ മറുപടി നൽകി. 'മുൻ ഉമ്മൻചാണ്ടി, ആന്റണി സർക്കാരുകളെയാണ് പ്രതിപക്ഷ പിണറായി സർക്കാരുമായി താരതമ്യം ചെയ്യുന്നത്. അതുപൊലൊരു സർക്കാരല്ല പിണറായിയുടെ നേതൃത്വത്തിലുള്ള എൽ ഡി എഫ് സർക്കാർ. വിദേശ യാത്ര നടത്തുന്നത് മറ്റ് രാജ്യങ്ങളെ കാര്യങ്ങൾ പഠിക്കാനും അത് കേരളത്തിൽ നടപ്പാക്കാനുമാണ്. കൂട്ടത്തിൽ വ്യവസായികളോ ഏതെങ്കിലും രാജ്യങ്ങളോ നമ്മളെ സഹായിക്കാൻ തയ്യാറായാൽ അവരുമായി കരാർ ഒപ്പ് വെയ്ക്കും'

'ചില കാര്യങ്ങൾ നടപ്പാകും ചിലത് നടപ്പാകില്ല. നടപ്പാകുന്നത് സംബന്ധിച്ച് സർക്കാർ പറഞ്ഞിട്ടുണ്ട്. കണ്ണുള്ളവർ അതൊക്കെ കാണുന്നുണ്ട്. ഈ യാത്രയിലും ചില വ്യവസായികൾ ഞങ്ങൾ കേരളത്തിൽ വരുമെന്നും ഇന്ന കാര്യങ്ങൾ ചെയ്യുമെന്നും മൂലധനം ഇൻവെസ്റ്റ് ചെയ്യുമെന്നും പറഞ്ഞിട്ടുണ്ട്. അതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അങ്ങനെ സ്വാഗതം ചെയ്യുന്നതിൽ എന്താണ് തെറ്റ്.ടപ്രകൃതി ദുരന്തം ഉൾപ്പെടെ ഉണ്ടാകുമ്പോൾ അതിനെ എങ്ങനെ മറികടക്കാമെന്നും പരിഹാരം കാണാമെന്നുമുള്ള വിദേശ മാതൃകകൾ പഠിക്കാൻ പോകുന്നതൊക്കെ വേണ്ടെന്നാണോ പറയുന്നത്?, ആനത്തലവട്ടം ചോദിച്ചു.

അതേസമയം മുഖ്യമന്ത്രിയുടെ വിദേശ യാത്ര വെറും തട്ടിക്കൂട്ട് യാത്രമാണെന്ന പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. എന്ത് പരിപാടിക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോയതെന്ന് പ്രതിപക്ഷത്തിന് പോലും അറിയില്ല. യാത്രയ്ക്ക് സുതാര്യത ഇല്ല. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള യാതൊരു പരിപാടിയും ഇതുവരെ അവിടെ ഉണ്ടായിട്ടില്ല. വിദേശയാത്രയ്ക്ക് മന്ത്രിമാര്‍ പോകുന്നതില്‍ പ്രതിപക്ഷം എതിരല്ല. എന്നാൽ സർക്കാർ ചെലവിൽ യാത്ര പോകുമ്പോൾ അതിന് കൃത്യമായ പ്രോഗ്രസ് റിപ്പോർട്ട് ഉണ്ടാകണമെന്നും സതീശൻ പറഞ്ഞു.












Click it and Unblock the Notifications