വെല്ലൂരില്‍ എത്തിയിട്ട് 2 മാസം; ഈ കിടപ്പിന് 87 ദിവസത്തെ വേദനയും: മമ്മൂക്കയുടെയും ലാലേട്ടന്റെയും കാര്യം പറഞ്ഞു
കൊച്ചിയില്‍ രണ്ടര മാസം മുന്‍പ് പരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ രാജേഷ് കേശവിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുമായി സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മി. വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രാജേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നാണ് പ്രതാപ് വ്യക്തമാക്കുന്നത്.
ഓഗസ്റ്റ് 24 ന് കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിക്കിടെയാണ് രാജേഷ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ലേക്‌ഷോര്‍ ഹോസ്പിറ്റലില്‍ കൊണ്ടുവന്നു. കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ ആയിരുന്നു. തുടര്‍ ചികിത്സയ്ക്കായി വെല്ലൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ട് ഇപ്പോള്‍ രണ്ടു മാസം പൂര്‍ത്തിയാവുകയാണ്.

ഒക്ള്‍ടോബര്‍ 24ന് പ്രതാപ് പങ്കുവെച്ച ഫേസ്ബുക്ക് കുറുപ്പില്‍ രാജേഷ് കണ്ണു തുറന്നുവെന്നും വിവിധ തെറാപ്പികളിലൂടെ കടന്നു പോവുകയാണെന്നും വ്യക്തമാക്കിയിരുന്നു. ഇന്ന് പങ്കുവെച്ച കുറുപ്പിലാണ് രാജേഷിന്റെ 87 ദിവസമായി തുടരുന്ന കിടപ്പിന്റെ വേദനയെക്കുറിച്ച് പങ്കുവെച്ചത്. സിനിമയും സംഗീതവും യാത്രകളും സൗഹൃദവും ഭക്ഷണത്തിന്റെ കഥയുമെല്ലാം പറഞ്ഞ് അവനെ പരമാവധി ആക്റ്റീവ് ആക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ റിസള്‍ട്ടായി അവനില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും പ്രതാപ് കുറിക്കുന്നു. സ്റ്റേജിലും സിനിമയിലും അവന്‍ വീണ്ടും പാടിത്തിമിര്‍ക്കുന്ന നാളുകള്‍ക്കായി കാത്തിരിക്കുകയാണെന്ന് പ്രതാപ് ജയലക്ഷ്മി പ്രതീക്ഷ പങ്കുവയ്ക്കുന്നു. പ്രതാപ് ജയലക്ഷ്മിയുടെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂര്‍ണ രൂപം.
പ്രിയപ്പെട്ട രാജേഷ് Rajesh Keshav വെല്ലൂർ മെഡിക്കൽ കോളേജിൽ എത്തിയിട്ട് നാളെ 2 മാസമാകുന്നു, ഈ കിടപ്പിന് 87 ദിവസത്തിന്റെ വേദനയും.
അവൻ host ചെയ്ത,ലോക' 300 കോടി ചിത്രമായി റെക്കോർഡ് ഇട്ടതും അവന്റെ പ്രിയപ്പെട്ട മമ്മുക്ക രോഗ മുക്തനായി സിനിമയിൽ സജീവമായതും, ലാലേട്ടൻ ഫാൽകെ അവാർഡ് മേടിച്ചതും ഞാൻ പറഞ്ഞു കൊടുത്തു, സുരേഷേട്ടനൊപ്പമുള്ള ഒറ്റക്കൊമ്പൻ സിനിമയിലെ രാജേഷിന്റെ ഇനിയുള്ള സീൻ വേദനയോടെ ഒഴിവാക്കേണ്ടി വന്നതു മാത്രം പാവം അവൻ അറിഞ്ഞിട്ടില്ല. രാജേഷ് ഉഷാറായി വരുമ്പോൾ ആദ്യത്തെ ഷോ എനിക്ക് വേണ്ടി ചെയ്യണമെന്ന് ശ്രീ സുരേഷ് ഗോപി വാക്ക് തന്നിട്ടുണ്ട്. രാജേഷ് അഭിനയിച്ച ഇന്നസന്റ് സിനിമ റിലീസ് ആയതും, അവനു ഏറെ പ്രതീക്ഷയുള്ള വടക്കൻ തേരോട്ടം എന്ന സിനിമ റിലീസിന് തയ്യാറെടുക്കുന്നതും എല്ലാം പറഞ്ഞത് അവൻ മനസ്സിലാക്കിക്കാണും എന്നാണ് ഞങ്ങളുടെ വിശ്വാസം.
ഇങ്ങിനെ സിനിമയും സംഗീതവും യാത്രകളും, സൗഹൃദവും, ഭക്ഷണത്തിന്റെ കഥയുമെല്ലാം പറഞ്ഞു ഞങ്ങൾ അവനെ active ആക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു.
അതിന്റെ ഒക്കെ result /response ഉണ്ട്, അത് അവനിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇടയ്ക്ക് സുഹൃത്തുക്കൾ വന്നു അവനോടു സംസാരിക്കുന്നതും, ഉണർത്താൻ ശ്രമിക്കുന്നതുമെല്ലാം അത്ഭുതകരമായ മാറ്റം ഉണ്ടാക്കുന്നുണ്ട്. അതിനു സമയം കണ്ടെത്തുന്ന നല്ല മനസ്സുകൾക്ക് നന്ദി
ശ്രീരാമൻ വനവാസത്തിനു ഇറങ്ങിയപ്പോൾ എല്ലാം ഉപേക്ഷിച്ചു കൂടെ വന്ന സീതയും ലക്ഷ്മണനും കഴിഞ്ഞ മൂന്നു മാസമായി രാജേഷിനൊപ്പമുണ്ട്.. സിന്ധുവിന്റെയും രൂപേഷിന്റെയും സ്നേഹത്തിനും കരുതലിനും,, ആത്മ സമർപ്പണത്തിനും മുന്നിൽ പകരം വെയ്ക്കാൻ ഈ ജന്മത്തിൽ ഒന്നുമില്ല. ക്ഷമയോടെ സഹന ശക്തിയോടെ അവരോടൊപ്പം CMC യിലെ ഡോക്ടർമാരും, തെറാപ്പിസ്റ്റുകളും ഒപ്പമുണ്ട് എന്നുള്ളത് ഏറെ പ്രതീക്ഷ നൽകുന്നു.
പ്രാർത്ഥനയും സ്നേഹവും തുടരുക.. പലരുടെയും സ്നേഹാന്വെഷണങ്ങൾക്ക് കൃത്യമായി മറുപടി തരാൻ പറ്റാത്തതിന് ക്ഷമാപണം. ഈ വനവാസം കഴിഞ്ഞു അവനു തിരിച്ചു വരാതിരിക്കാൻ ആവില്ല.. വരും...എന്റെ ചങ്ക് വീണ്ടും സ്റ്റേജിലും സിനിമയിലും ആടിത്തിമിർക്കുന്ന നാളുകൾക്കായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുന്നു.. നന്ദി...സ്നേഹം.. പ്രാർത്ഥന












Click it and Unblock the Notifications