അങ്കമാലി–അരൂർ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി; പുനർവിജ്ഞാപനം ഉടൻ
കൊച്ചി: അങ്കമാലി-അരൂർ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അന്തിമാനുമതി ലഭിച്ചതായി ബെന്നി ബെഹ്നാൻ എംപി . പദ്ധതിയുമായി ബന്ധപ്പെട്ട പുനർവിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
അങ്കമാലി മുതൽ കുണ്ടന്നൂർ വരെ മുമ്പ് നിർദേശിച്ചിരുന്ന ബൈപ്പാസ് പദ്ധതി പരിഷ്കരിച്ചാണ് ഇപ്പോൾ അങ്കമാലിയിൽ നിന്ന് ആരംഭിച്ച് അരൂരിൽ എത്തുന്ന രീതിയിൽ 50 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ പാതയായി രൂപപ്പെടുത്തുന്നത്. ദേശീയപാത 544യുടെ ഭാഗമായ ഈ പദ്ധതി 70 മീറ്റർ വീതിയിൽ ആദ്യഘട്ടത്തിൽ എട്ടുവരിയായും പിന്നീട് പത്തുവരിയായി വികസിപ്പിക്കാവുന്ന രീതിയിലുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പദ്ധതിക്കായി പുതിയ ട്രാഫിക് സർവേ പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര അനുമതി ലഭിച്ചത്. മുൻപ് അഞ്ച് വർഷം മുമ്പ് നടത്തിയ സർവേ അടിസ്ഥാനമാക്കിയുള്ള ആറുവരിപാത പദ്ധതികൾ പിന്നീട് കാലഹരണപ്പെട്ടിരുന്നു. ഇതോടെയാണ് പുതുക്കിയ രൂപരേഖയോടെ പദ്ധതിക്ക് വീണ്ടും അംഗീകാരം നൽകിയത്.
സ്ഥലം ഏറ്റെടുക്കൽ നടപടികളിൽ ഉണ്ടായ വൈകിപ്പിക്കൽ മൂലം പദ്ധതി മുൻകാലത്ത് തടസ്സപ്പെട്ടിരുന്നുവെന്നും, അതിനുശേഷം പുതിയ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പുനർവിജ്ഞാപനത്തിന് തയ്യാറെടുപ്പ് നടക്കുന്നതെന്നും എംപി വ്യക്തമാക്കി.
കൊച്ചിയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നിർണായകമായ ഈ പദ്ധതി യാഥാർത്ഥ്യമാക്കാൻ പാർലമെന്റിലും കേന്ദ്ര ഗതാഗത മന്ത്രാലയത്തിലും തുടർച്ചയായി ഇടപെട്ടിരുന്നതായി ബെന്നി ബെഹ്നാൻ പറഞ്ഞു. പദ്ധതിയുടെ പുരോഗതി പ്രദേശവാസികൾക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ












Click it and Unblock the Notifications