അനിൽ ആന്റണി ബിജെപി ദേശീയ സെക്രട്ടറി; എപി അബ്ദുള്ളക്കുട്ടി ഉപാധ്യക്ഷനായി തുടരും
ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ ദേശീയ സെക്രട്ടറിയായി നിയമിച്ച് ബി ജെ പി. എപി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും. ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് പുതിയ ഭാരവാഹികളുടെ പേരുകൾ പ്രഖ്യാപിച്ചത്.

മുൻ കോൺഗ്രസ് നേതാവായ അനിൽ ആന്റണി ഏപ്രിലിൽ ആയിരുന്നു പാർട്ടി വിട്ട് ബി ജെ പിയിലെത്തിയത്. ബി ബി സി ഡോക്യുമെന്ററി വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞതിനെ തുടർന്നായിരുന്നു രാജി. ബി ജെ പിയിൽ എത്തിയതിന് പിന്നാലെ തന്നെ അനിലിനെ ദേശീയ തലത്തിലേക്ക് പരിഗണിച്ചേക്കുമെന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിയമനം. ലോക്സഭ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചാണ് അനിലിന്റെ നിയമനം എന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം 13 ദേശീയ വൈസ് പ്രസിഡന്റുമാരുടേയും 13 ജനറൽ സെക്രട്ടറിമാരുടേയും പേരാണ് ജെപി നദ്ദ പ്രഖ്യാപിച്ചത്. തെലങ്കാന സംസ്ഥാന അധ്യക്ഷൻ ബണ്ഡി സഞ്ജയ്,ഉത്തർപ്രദേശിൽ നിന്നുള്ള രാധാ മോഹൻ അഗർവാൾ എന്നിവർ ദേശീയ സെക്രട്ടറിമാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കർണാടകയിൽ നിന്നുള്ള സി ടി രവി, അസമിൽ നിന്നുള്ള ലോക്സഭ എംപി ദിലിപ് സൈകിയ തുടങ്ങിയവരെ ജനറൽ സെക്രട്ടറിമാരുടെ ചുമതലയിൽ നിന്നും നീക്കിയിട്ടുണ്ട്. ഇവർ ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായേക്കുമെന്നാണ് സൂചന.
ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായി ബിഎൽ സന്തോഷും ജോയിന്റ് ജനറൽ സെക്രട്ടറിയായി ശിവപ്രകാശും തുടരും. അലിഗഢ് മുസ്ലിം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറായിരുന്ന താരിഖ് മന്‍സൂറിനെ ഉപാധ്യക്ഷനായി നിയോഗിച്ചിട്ടുണ്ട് . യു പി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടതിന് ശേഷം മൻസൂർ ഈ വർഷം ആദ്യം ചാൻസലർ സ്ഥാനം രാജിവച്ചിരുന്നു. ഉത്തർപ്രദേശിലെ പസ്മന്ത മുസ്ലീങ്ങളെ കൂടെ നിര്‍ത്താനാണ് മൻസൂറിന്റെ നിയമനം എന്നാണ് കണക്കാക്കപ്പെടുന്നത്. മുസ്ലീങ്ങളിലെ പിന്നാക്ക വിഭാഗമാണ് പസ്മന്ത സമുദായക്കാർ. ഈ വിഭാഗത്തെ കൂടെ നിര്‍ത്തിയാല്‍ മുസ്ലിം വോട്ടുകള്‍ ഭിന്നിക്കുമെന്നാമ് ബി ജെ പിയുടെ വിലയിരുത്തൽ.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പും ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും ലക്ഷ്യം വെച്ചാണ് സംഘടന തലത്തിലെ ബിജെപിയുടെ അഴിച്ചുപണിയെന്നാണ് കണക്കാക്കുന്നത്.












Click it and Unblock the Notifications