' അനിൽ സൂപ്പർ ദല്ലാൾ, തെളിവ് പുറത്തുവിടാം, മറ്റൊരു ബിജെപി നേതാവ് 10 ലക്ഷം വാങ്ങി';ദല്ലാൾ നന്ദകുമാർ
തിരുവനന്തപുരം: പത്തനംതിട്ടയിലെ എൻ ഡി എ സ്ഥാനാർത്ഥി അനിൽ ആന്റണിയെ സൂപ്പർ ദല്ലാൾ എന്ന് വിളിച്ച് ദല്ലാൾ നന്ദകുമാർ. കേരള ഹൈക്കോടതിയിലെ സി ബി ഐ സ്റ്റാൻഡിങ് കോൺസൽ നിയമനത്തിനായി അനിൽ ആന്റണി പണം വാങ്ങിയത് സംബന്ധിച്ച തെളിവുകൾ താൻ പുറത്തുവിടാമെന്നും വിഷയത്തിൽ സ്വന്തം ചെലവിൽ അനിലുമായി സംവാദത്തിന് തയ്യാറാണെന്നും നന്ദകുമാർ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രതികരണം.
'അനിലിനെ ഞാൻ വെല്ലുവിളിക്കുന്നു. പത്തനംതിട്ടയിൽ സ്വന്തം ചിലവിൽ സംവാദത്തിന് തയാറാണോയെന്ന് അനിൽ പറയട്ടെ. തനിക്ക് വിശ്വാസ്യത ഇല്ലെന്ന് പറഞ്ഞ അനിൽ ആന്റണി തന്നെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. വിശ്വാസ്യത ഇല്ലാത്ത തന്നെ എന്തിനാണ് അനിൽ ബന്ധപ്പെട്ടത്. അനിലിനെ എല്ലാ ദിവസവും പോയി കാണേണ്ട കാര്യമില്ല. ഇത്തവണ ബി ജെ പി സ്ഥാനാർത്ഥിയായൊരു ഒരു തീപ്പൊരി നേതാവ് തന്റെ കൈയിൽ നിന്നും 10 ലക്ഷം രൂപ അക്കൗണ്ടിൽ വാങ്ങിയിട്ടുണ്ട്.

അനിൽ ആന്റണിയും പി ജെ തോമസും ആന്റോയെന്ന് പറഞ്ഞ സിന്തിക്കേറ്റാണ് ഡൽഹിയിലെ ഹോട്ടൽ കേന്ദ്രീകരിച്ച് കച്ചവടം നടത്തിയിരുന്നത്. ഇപ്പോൾ കച്ചവടം നടത്താനായി എൻ ഡി എയിൽ ചേർന്നു. പി ജെ കുര്യൻ ഇടപെട്ടാണ് എനിക്ക് പണം തിരിച്ചുതന്നത്. പ്രസിഡന്റിനെ ബുദ്ധിമുട്ടിക്കരുത് പണം തിരിച്ചുതരും എന്ന് ഉറപ്പ് തന്നു. അഞ്ച് ഘടുക്കളായി പണം തിരികെ നൽകി. ഞാൻ ദല്ലാൾ നന്ദകുമാർ എങ്കിൽ അനിൽ ആന്റണി സൂപ്പർ ദല്ലാളാണ്.
2014 ൽ സി ബി ഐക്ക് ഇത് സംബന്ധിച്ച് പരാതി നൽകാൻ ശ്രമിച്ചപ്പോൾ കുര്യൻ ഇടപെട്ട് എന്നെ തടഞ്ഞു. അല്ലെങ്കിൽ എൻ ഡി എ സർക്കാരിൽ എന്റെ പരാതി വന്നേനെ. ഡിഫൻസ് മിനിസ്റ്റർ പദവി, യു പി എ ഒന്നും രണ്ടും സർക്കാരുകളെ വിറ്റ് കാശാക്കിയ ഒരു ഇടനിലക്കാരനാണ് അനിൽ ആന്റണി', നന്ദകുമാർ പറഞ്ഞു.
കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാൻഡിങ് കോൺസൽ നിയമനത്തിനായി അനിൽ 25 ലക്ഷം വാങ്ങിയെന്നാണ് നന്ദകുമാർ ആരോപിച്ചത്. നിയമനം നടക്കാതെ വന്നതിനെത്തുടർന്ന് ഏറെ പണിപ്പെട്ടാണു പണം തിരികെ വാങ്ങിയതെന്നും നന്ദകുമാർ പറഞ്ഞു. എന്നാൽ നന്ദകുമാറിന്റെ ആരോപണങ്ങളെ തള്ളി അനിൽ രംഗത്തെത്തി. ആരോപണമുന്നയിച്ച ആൾ സമൂഹവിരുദ്ധനാണെന്നും അയാളുടെ നീക്കങ്ങൾക്ക് പിന്നിൽ രാജ്യവിരുദ്ധനായ ആന്റോ ആന്റണിയാണെന്നുമാണ് അനിൽ പ്രതികരിച്ചത്.












Click it and Unblock the Notifications