അനില്‍കാന്ത് കേരളത്തിന്റെ പുതിയ പൊലീസ് മേധാവി; തീരുമാനം മന്ത്രിസഭ യോഗത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കാലാവധി തികച്ച് ഒഴിയുന്ന പശ്ചാത്തലത്തില്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവിയായി ഡിജിപി അനില്‍കാന്തിനെ നിയമിച്ചു. 1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ അനില്‍കാന്ത് ദില്ലി സ്വദേശിയാണ്. നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ്.
കേരളത്തിന്റെ പുതിയ പൊലീസ് മേധാവിയായി തിരഞ്ഞെടുക്കാനുള്ള ചുരുക്കപട്ടികയില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചത് അനില്‍കാന്തിനാണ്. ബി സന്ധ്യ, സുധേഷ് കുമാര്‍ എന്നിവരാണ് മറ്റുള്ളവര്‍. മൂന്നംഗ പട്ടികയില്‍ സീനിയോരിറ്റി സുധേഷ് കുമാറിനാണെങ്കിലും അദ്ദേഹത്തിനെതിരായ ദാസ്യപ്പണി വിവാദം തിരിച്ചടിച്ചെന്നാണ് സൂചന. ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ സംസ്ഥാന പൊലീസ് മേധാവി കൂടിയാണ് അനില്‍ കാന്ത്.
കേരളാകേഡറില്‍ എ.എസ്.പി ആയി വയനാട് സര്‍വ്വീസ് ആരംഭിച്ച അനിൽ കാന്ത് തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്പി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ദില്ലി, ഷില്ലോംങ് എന്നിവിടങ്ങളില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്പി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡിഐജി ആയും സ്പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐജി ആയും ജോലി നോക്കിയിട്ടുണ്ട്. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ്.
വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. 64 ാമത് ആള്‍ ഇന്ത്യ പോലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്റേഷനും 2018 ല്‍ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചിട്ടുണ്ട്.
Recommended Video
അതേസമയം, ഡിജപിയായി നിയോഗിച്ചതിന് പിന്നാലെ പ്രതികരണവുമായി അനില്‍കാന്ത് രംഗത്തെത്തി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, ക്രമസമാധാന നില എന്നിവയ്ക്ക് പ്രധാന്യം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പ്രവൃത്തികള്‍ മികച്ചതാണെന്നും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് പുതിയ ഡിജിപിയെ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications