• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉത്ര വധം: പാമ്പിനെ കൊണ്ട് കൊത്തിച്ചത് വടി കൊണ്ടടിച്ച്, പിന്നില്‍ നിന്ന് കളിച്ചത് സഹോദരി, ചുരുളഴിഞ്ഞു

കൊല്ലം: ഉത്രയുടെ മരണത്തില്‍ വീണ്ടും നിര്‍ണായക തെളിവുകള്‍ പുറത്തേക്ക്. സൂരജിന് എല്ലാ സഹായവും സഹോദരിയില്‍ നിന്ന് ലഭിച്ചതായി കണ്ടെത്തിയിരിക്കുകയാണ്. നേരത്തെ തന്നെ എല്ലാ പ്ലാനിംഗും ഇതിനായി നടത്തിയിരുന്ന സൂരജിന്, പക്ഷേ ഇക്കാര്യം ഒറ്റയ്ക്ക് ചെയ്യാനാവില്ലെന്ന സംശയത്തിലായിരുന്നു അന്വേഷണ സംഘം. ഇതാണ് ഇപ്പോള്‍ പുറത്തേക്ക് വരുന്നത്. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയാണ് ഇതിലൂടെ വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം വാവാ സുരേഷ് നല്‍കിയ നിര്‍ദേശങ്ങള്‍ കേസില്‍ നിര്‍ണായകമായി മാറിയിരിക്കുകയാണ്. മുറിയില്‍ പാമ്പ് തനിയെ എത്താന്‍ വഴിയില്ലെന്നാണ് വാവ പറഞ്ഞത്.

പാമ്പ് കടിച്ചത്.....

പാമ്പ് കടിച്ചത്.....

ഉത്രയുടെ ശരീരത്തിലേക്ക് കുടഞ്ഞിട്ട മൂര്‍ഖന്‍ പാമ്പിനെ ചെറിയ വടികൊണ്ടടിച്ച് വേദനിപ്പിച്ചാണ് കൊത്തിച്ചതെന്ന് സൂരജ് വെളിപ്പെടുത്തിയിരിക്കുകയാണ്. അതേസമയം താന്‍ പാമ്പിനെ വാങ്ങിയത് അടക്കമുള്ള കാര്യങ്ങള്‍ സഹോദരിക്ക് അറിയാമായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ സൂരജ് സമ്മതിച്ചിരിക്കുകയാണ്. ഇതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്.

കൂടുതല്‍ പ്രതികള്‍....

കൂടുതല്‍ പ്രതികള്‍....

കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കിയിരിക്കുകയാണ്. സൂരജിന്റെ സഹോദരിയെ ചോദ്യം ചെയ്യുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൂരജിന്റെ സഹോദരിയുടെ ഇടപെടലില്‍ നേരത്തെ തന്നെ പോലീസിന് സംശയമുണ്ടായിരുന്നു. സൂരജിനെ ഒളിപ്പിച്ച് താമസിപ്പിച്ചതിന് പിന്നിലെല്ലാം കളിച്ചത് സഹോദരിയായിരുന്നു. പോലീസ് ഇക്കാര്യം അറിയാതിരിക്കാന്‍ ഇന്റര്‍നെറ്റ് കോള്‍ വരെ ഇവര്‍ ഉപയോഗിച്ചിരുന്നു.

ഇനിയുള്ള നീക്കങ്ങള്‍

ഇനിയുള്ള നീക്കങ്ങള്‍

സൂരജിന്റെയും സഹോദരിയുടെയും വാട്‌സ്ആപ്പ് കോളുകളുടെ വിശദാംശങ്ങളെടുക്കാന്‍ ഫോറന്‍സിക് ലാബിന്റെ സഹായം പോലീസ് തേടിയിട്ടുണ്ട്. ഉത്ര കൊല്ലപ്പെട്ട ശേഷം സൂരജ് ആദ്യം ഫോണ്‍ ചെയ്തത് പാമ്പ് പിടിത്തക്കാരനായ സുരേഷിനെയാണ്. സുഹൃത്ത് എല്‍ദോയുടെ ഫോണില്‍ നിന്നാണ് വിളിച്ചത്. കൊലയ്ക്ക് ശേഷം സഹോദരിയുടെ ഫോണില്‍ നിന്ന് വാട്‌സ്ആപ്പ് കോള്‍ വഴി കൂട്ടുകാരുമായി സംസാരിച്ച് അഭിഭാഷകനെ കാണാനുള്ള അവസരം അടക്കം ഒരുക്കിയതായും സൂരജ് പറഞ്ഞു.

നിയമോപദേശം ലഭിച്ചു

നിയമോപദേശം ലഭിച്ചു

അഭിഭാഷകന്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സൂരജ് ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടെ യഥാര്‍ത്ഥ വിവരങ്ങള്‍ പറയുകയായിരുന്നു. അതേസമയം സൂരജിന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് പത്തനംതിട്ട പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ ഉത്രയുടെ വീട്ടുകാര്‍ക്കെതിരെ നല്‍കിയ പരാതിയെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.

കസ്റ്റഡി കാലാവധി നീട്ടി

കസ്റ്റഡി കാലാവധി നീട്ടി

സൂരജിന്റെയും സുരേഷിന്റെയും കസ്റ്റഡി കാലാവധി നീട്ടിയിരിക്കുകയാണ്. അഞ്ച് ദിവസത്തേക്കാണ് ഇവരുടെ കസ്റ്റഡി നീട്ടിയത്. മെയ് 25നാണ് പുനലൂര്‍ കോടതി പ്രതികളെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ന്ന് വിവിധയിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയത്. സൂരജിനെ ചോദ്യം ചെയ്തതില്‍ നിന്ന് പല സുപ്രധാന വിവരങ്ങളും ലഭിച്ചതായി പോലീസ് പറയുന്നു. ഇനിയും നിരവധി കാര്യങ്ങള്‍ സൂരജ് മറച്ചുവെക്കുന്നുവെന്നാണ് പോലീസ് പറയുന്നത്. അതാണ് കസ്റ്റഡി കാലാവധി നീട്ടി നല്‍കാന്‍ കാരണം.

മരുന്ന് കണ്ടെത്തി

മരുന്ന് കണ്ടെത്തി

അടൂരിലെ മരുന്നുകടയില്‍ നിന്ന് സൂരജ് വാങ്ങിയ ഉറക്കഗുളികകുടെ ബാച്ച് നമ്പര്‍ തന്നെ സൂരജിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത ഒഴിഞ്ഞ സ്ട്രിപ്പുകളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. പാമ്പിനെ കൊണ്ട് കടിപ്പിക്കും മുമ്പ് ഉറക്ക ഗുളിക നല്‍കിയതായി ഇതോടെ ഉറപ്പായിരിക്കുകയാണ്. വന്‍ തുകയ്ക്ക് പോളിസി എടുത്തതായുള്ള സംശയങ്ങളിലാണ് പോലീസ് പരിശോധന നടത്തുന്നത്. സമാനമായ രണ്ട് കേസുകള്‍ മഹാരാഷ്ട്രയില്‍ നടന്നതായി പോലീസ് കണ്ടെത്തി.

വാവയുടെ സഹായം

വാവയുടെ സഹായം

ദേഹത്ത് വീണാലും 99 ശതമാനവും പാമ്പ് കടിക്കില്ലെന്ന് വാവാ സുരേഷ് പറയുന്നു. പാമ്പിന് അത്ര വേദനയെടുത്താന്‍ മാത്രമേ ദേഹത്ത് വീഴുന്ന സമയത്ത് കടിക്കൂ. ഉത്രയ്ക്ക് കൈയ്യിലും നെറ്റിയിലുമാണ് കടിയേറ്റിയിരിക്കുന്നത്. സാധാരണ നെറ്റിയില്‍ പാമ്പ് കൊത്താരില്ല. ഇത് മനപ്പൂര്‍വം കൊത്തിച്ചതാണെന്ന് വാവാ സുരേഷ് പറഞ്ഞു. മൂര്‍ഖനോ അണലിയോ കടിച്ചാല്‍ സ്വബോധമുള്ള വ്യക്തിക്ക് നന്നായി വേദനിക്കും. അണലിയുടെ കടിയാണ് ഏറ്റവുമധികം വേദനയുണ്ടാകുകയെന്നും സുരേഷ് പറഞ്ഞു.

അണലി കടിച്ചാല്‍....

അണലി കടിച്ചാല്‍....

അണലി കടിച്ചാല്‍ ഏഴ് മണിക്കൂര്‍ ഒരാള്‍ ജീവിച്ചിരിക്കില്ല. സൂരജ് അണലിയെ വാങ്ങിയത് പാമ്പുപിടിത്തക്കാരനില്‍ നിന്നാണ്. അയാളുടെ വീഡിയോയില്‍ പാമ്പിന്റെ വായില്‍ കുത്തി വിഷം പുറത്തെടുക്കുന്നത് കാണിക്കുന്നുണ്ട്. സൂരജിന് അണലിയെ കൈമാറുന്നത് രണ്ടോ മൂന്നോ ദിവസം മുമ്പ് അയാള്‍ ചിലപ്പോള്‍ അണലിയുടെ വിഷം എടുത്ത് കളഞ്ഞു കാണുമെന്നും വാവ സുരേഷ് പറഞ്ഞു. അതുകൊണ്ടായിരിക്കും ഉത്ര ആദ്യ തവണ കടിയേറ്റപ്പോള്‍ മരിക്കാതിരുന്നത്. അങ്ങനെയെങ്കില്‍ പുതിയതായി വിഷമുണ്ടായി വരാന്‍ സമയമെടുക്കും. വിഷം കുറവായത് കൊണ്ട് മാത്രമാണ് ഉത്ര എഴ് മണിക്കൂര്‍ ജീവിച്ചതെന്നും വാവ പറഞ്ഞു.

പൊളിച്ചടുക്കി നിഗമനം

പൊളിച്ചടുക്കി നിഗമനം

മരത്തിലൂടെയോ ജനല്‍ വഴിയോ പാമ്പ് മുറിക്കുള്ളില്‍ വന്നെന്നാണ് സൂരജിന്റെ വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഉത്രയും സൂരജും കിടന്ന മുറി താഴത്തെ നിലയിലാണ്. ഹാള്‍ വഴി വേണം ഈ മുറിയില്‍ കയറാന്‍. എന്നാല്‍ മുറിയുടെ പുറത്തുള്ള മണലില്‍ പാമ്പ് ഇഴഞ്ഞ പാടില്ല. ഭിത്തിയോട് ചേര്‍ന്നുള്ള മണ്ണില്‍ കുഴിയാനയുടെ കുഴി മൂടപ്പെടാതെ കിടക്കുന്നത് ഇതിന്റെ തെളിവാണ്. മരത്തിലൂടെ പാമ്പ് മുറിക്കുള്ളില്‍ കയറാന്‍ ചാഞ്ഞ മരങ്ങളൊന്നും ഇവിടെയില്ല. ബാത്ത്‌റൂമിന്റെ വെന്റിലേറ്ററിലൂടെ വരാനാണ് മറ്റൊരു സാധ്യത. സിമന്റ് തേച്ച ഭിത്തിയിലൂടെ ഇഴഞ്ഞ് നല്ല പൊക്കമുള്ള വെന്റിലേറ്ററിലൂടെ പാമ്പിന് തനിയെ മുറിയില്‍ കടക്കാനാവില്ല. കമ്പോ മുളയോ കൊണ്ട് വെന്റിലേറ്ററിലൂടെ ഇട്ടതാണെങ്കിലും ആ ഭാഗത്ത് ചിലന്തിവല കാണില്ലായിരുന്നു. ഇതൊന്നും മാറിയിട്ടില്ലെന്ന് വാവാ സുരേഷ് പറഞ്ഞു.

English summary
anjal uthra murder police will question sooraj's sister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X