കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ പണം തിരിച്ചടയ്ക്കും... ഇപി ജയരാജന് അഞ്ജു ബോബി ജോര്‍ജ്ജിന്റെ വികാര നിര്‍ഭരമായ കത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: കായിക മന്ത്രി ഇപി ജയരാജന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജിനെ ശകാരിച്ചു എന്ന വിവാദം തീരുന്നില്ല. അഞ്ജുവിനോട് അപമര്യാദയായി പെരുമാറിയില്ലെന്ന് ജയരാജന്‍ ആവര്‍ത്തിയ്ക്കുമ്പോഴും അഞ്ജു തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.

ഈ സാഹചര്യത്തിലാണ് ജയരാജന് അഞ്ജു തുറന്ന കത്ത് എഴുതുന്നത്. ആറ് മാസം മാത്രം ഭരണത്തിലിരുന്ന തങ്ങളെ അഴിമതിക്കാരെന്ന് മുദ്രകുത്തരുതെന്നാണ് അഞ്ജു പറയുന്നത്. ആറ് മാസത്തിനെ കൈപ്പറ്റിയ 40,000 രൂപ തിരിച്ചുനല്‍കുകയാണെന്നും വികാര നിര്‍ഭരമായി എഴുതിയ കത്തില്‍ അഞ്ജു പറയുന്നു.

Anju Bobby George

അഞ്ജു ബോബി ജോര്‍ജ്ജിന്റെ തുറന്ന കത്തിന്റെ പൂര്‍ണരൂപം....

ബഹുമാനപ്പെട്ട സംസ്ഥാന കായിക വകുപ്പ് മന്ത്രി ഇപി ജയരാജൻ സാറിന്,

ആശ്വാസം, പ്രതീക്ഷ, ആശങ്ക തുടങ്ങിയ സമ്മിശ്ര വികാരങ്ങളുടെ തിരത്തള്ളലിലാണ് അങ്ങേയ്ക്കു ഞാൻ ഈ കുറിപ്പെഴുതുന്നത്. അഞ്ജുവിനെ നേരിട്ടു കുറ്റപ്പെടുത്തിയിട്ടില്ല എന്ന വാക്ക് ആശ്വാസം തരുന്നു. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന വാക്കുകൾ പ്രതീക്ഷ നൽകുന്നു. എന്നാൽ ചില സ്ഥാനങ്ങൾ നോട്ടമിട്ടവരുടെ താൽപര്യങ്ങൾക്കൊപ്പിച്ചാണോ നീക്കങ്ങൾ എന്ന സംശയം ആശങ്കപ്പെടുത്തുകയും ചെയ്യുന്നു. ആറു മാസം മാത്രം ഭരണത്തിലിരുന്ന ഞങ്ങളുടെ ഭരണ സമിതിയെ അഴിമതിക്കാരെന്നു മുദ്രകുത്തി കുരിശിൽ തറയ്ക്കുകയും ദീർഘകാലം തലപ്പത്തിരുന്നവർ അതുകണ്ടു പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവരുതെന്ന അപേക്ഷയുണ്ട്.
സ്പോർട്സ് കൗൺസിലിൽ അഴിമതിയുണ്ടെന്ന ആരോപണം സാർ എന്നോടു പറഞ്ഞിരുന്നു. എന്റെ കാലത്താണ് അഴിമതി നടന്നതെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചുവെന്ന് എനിക്കിപ്പോൾ തോന്നുന്നു. അതുകൊണ്ടാവാം അങ്ങ് അത്ര രൂക്ഷമായി എന്നോടു പ്രതികരിച്ചത്. ശരിയാണു സാർ, അഴിമതി അന്വേഷിക്കണമെന്നു തന്നെയാണ് എന്റെയും അഭിപ്രായം. അതു കഴിഞ്ഞ ആറുമാസത്തേക്കു മാത്രമായി പരിമിതപ്പെടുത്തരുത്. കഴിഞ്ഞ പത്തു വർഷത്തെയോ അതിനു പിന്നിലെ വരെയോ നിയമനങ്ങളും നിർമ്മാണപ്രവർത്തനങ്ങളും ചെലവുകളും സമഗ്രമായ അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണം. അതിനു തക്കതായ ശിക്ഷയും ഉറപ്പുവരുത്തണം. സർക്കാരും കായിക ഭരണരംഗത്തുള്ളവരും കായികതാരങ്ങളുമെല്ലാം യോജിച്ച പ്രവർത്തനമാണ് അഴിമതിക്കെതിരെ രൂപപ്പെടേണ്ടത്. സാർ തുടക്കമിടുന്ന ഏതു പോരാട്ടത്തിനും എന്റെ പിന്തുണ ഉറപ്പു തരുന്നു.
സാർ പറഞ്ഞതു ശരിയാണ്. കൗൺസിലുമായി ബന്ധപ്പെട്ട പല മേഖലകളിലും ചില അനഭലഷണീയ രീതികൾ നിലനിൽക്കുന്നുണ്ട്. ഒളിംപിക്‌സ് ഉൾപ്പടെ ലോകവേദികളിൽ അഭിമാനത്തിന്റെ കൊടിക്കൂറ പാറിക്കാൻ പറ്റിയ താരങ്ങളെ ഒരുക്കേണ്ടവർ അഴിമതിയുടെ ആഴങ്ങളിൽ നീന്തിത്തുടിച്ചതിനു നിത്യസ്മാരകം പോലെ ഒട്ടേറെ പ്രേതാലയങ്ങൾ നാട്ടിലെങ്ങുമുണ്ടു സാർ. ആറു വർഷം മാത്രം പഴക്കമുള്ള മൂന്നാർ ഹൈ ഓൾട്ടിറ്റിയൂഡ് സെന്റർ കെട്ടിടം സാറും ഒന്നു നേരിൽ കാണണം. അതു കെട്ടിപ്പൊക്കിയത് ഇഷ്ടികകൊണ്ടാണോ, അഴിമതിയുടെ ചൂളയിൽ ചുട്ടെടുത്ത അധമമനസു കൊണ്ടാണോയെന്നു സംശയിച്ചു പോകും. ചോർന്നൊലിക്കുന്ന കെട്ടിടവും കനാൽ ബണ്ട് പോലെ കോൺക്രീറ്റ് ചെയ്ത ട്രാക്കും. ഇത് ആരുടെ ഉള്ളിൽ ഉടലെടുത്ത ആശയമാണെങ്കിലും അഴിമതിയുടെ ആമാശയം അവർ നിറച്ചിട്ടുണ്ടാവും; ഉറപ്പ്.

സ്പോർട്സ് വികസനത്തിന് ഒരു ലോട്ടറിയുടെ കാര്യം സാറിന് ഓർമയുണ്ടോ. 24 കോടി പിരിച്ചു. 22 കോടി ചെലവായി എഴുതിത്ത്ത്ത്ത്തള്ളി. ബാക്കി രണ്ടു കോടി രൂപ ഇതുവരെ കൗൺസിൽ അക്കൗണ്ടിലെത്തിയിട്ടില്ല. ഇതിനെക്കുറിച്ചും അന്വേഷിക്കേണ്ടതല്ലേ സാർ. എന്റെ കൂടി പടംവച്ചടിച്ച ലോട്ടറിയിൽ നിന്നാണ് ചിലർക്ക് അഴിമതിയുടെ ബമ്പറടിച്ചത്. വമ്പൻ പദ്ധതിയായി കെട്ടിയെഴുന്നള്ളിച്ചു കൊണ്ടുവന്നതാണ് മൾട്ടി പർപ്പസ് സിന്തറ്റിക് ടർഫ്. കേരളത്തിൽ പലേടത്തുമുണ്ട്. ഓരോന്നിന്റെയും ചെലവ് 25 ലക്ഷം രൂപ. കെട്ടിടങ്ങളുടെ മേൽക്കൂരയ്‌ക്കെന്ന പോലെ കോൺക്രീറ്റിനു മുകളിൽ ചുവന്ന ചായം തേച്ചു വച്ചിരിക്കുന്നു ! നിലവാരമുള്ള വിദേശ പരിശീലന സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുള്ള എന്നെ ഏറെ വേദനിപ്പിച്ചു സാർ ആ കാഴ്ചകൾ.

എന്റെ ഓഫിസിൽ നിന്ന് ഇ മെയിൽ ചോർത്തിയിരുന്നു. കൗൺസിലിന്റെ തീരുമാനങ്ങൾ അറിഞ്ഞ് അഴിമതിക്കു കളമൊരുക്കാൻ ചില ബാഹ്യശക്തികൾ ശ്രമിച്ചിരുവെന്നു ഞാൻ സംശയിക്കുന്നു. ചോർച്ച കണ്ടെത്തിയ ഉടനെ സൈബർ സെല്ലിനു പരാതി നൽകി. അതിന്റെ നടപടികളും മുന്നോട്ടു കൊണ്ടുപോകണം സാർ. വിദേശ പരിശീലനത്തിനെന്ന പേരിൽ പലരും ലക്ഷങ്ങൾ കൈപ്പറ്റിയിട്ടുണ്ടെങ്കിലും അതിന്റെ നിബന്ധനകളിൽ പറയുന്നതു പ്രകാരം പരീക്ഷകൾ ജയിച്ചിട്ടുണ്ടോ, കേരള സ്‌പോർട്‌സിനു സൗജന്യ സേവനം നൽകിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും അഴിമതിയുടെ കള്ളിയിൽ തന്നെ ഉൾപ്പെടുത്തണം.

ഇൻഡോർ സ്‌റ്റേഡിയങ്ങൾ കല്യാണമണ്ഡപങ്ങളായി രൂപപ്പെടുത്തിയത്, പിരപ്പൻകോ സ്വിമ്മിങ് പൂൾ നിർമ്മാണം, മഹാരാജാസ് കോളജിലെ ട്രാക്കവുമായി ബന്ധപ്പെട്ട് 25 ലക്ഷം നഷ്ടമായത് തുടങ്ങി ഞാൻ മനസിലാക്കിയ ഒട്ടേറെ അഴിമതികളുണ്ട്. കുട്ടികൾക്കു നൽകുന്ന ഭക്ഷണത്തിൽ വരെ അഴിമതി നിലനിൽക്കുണ്ടെന്നു അറിയുമ്പോൾ കായിക കേരളം ലജ്ജിച്ചു തലതാഴ്‌ത്തേണ്ടതാണ്.

ഇതെല്ലാം നേരിൽ കണ്ടു മനസുമടുത്താണ് സ്പോർട്സ് കൗൺസിൽ എത്തിക്‌സ് കമ്മിഷൻ രൂപപ്പെടുത്താൻ തീരുമാനിച്ചത്. അതിന്റെ പരിധിയിൽ അഴിമതി, താരങ്ങളോടുള്ള പീഡനം, സ്വഭാവദൂഷ്യം, കായികരംഗവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു. അന്നു സാറിനെ കാണാൻ വരുമ്പോൾ ഇതിന്റെ ഡ്രാഫ്റ്റും !ഞങ്ങളുടെ പക്കലുണ്ടായിരുന്നു. പക്ഷേ, അങ്ങയുടെ രോഷപ്രകടനത്തിനിടെ ഇത്തരം കാര്യങ്ങൾ പ്രസക്തമല്ലാതെ പോയി.

കൗൺസിലിലെ ചില അനാവശ്യ രീതികൾക്കു മാറ്റം വരുത്താനുള്ള ശ്രമങ്ങൾക്കു ഞാൻ തുടക്കം കുറിച്ചിരുന്നു. കൗൺസിലിലെ എല്ലാവരെയും കൂട്ടി ചില ജില്ലകളിലെ സന്ദർശനം പൂർത്തിയാക്കുകയും ചെയ്തു. കായികതാരങ്ങൾ, പരിശീലകർ, ഭാരവാഹികൾ, ജനപ്രതിധികൾ എന്നിവരുമായി സിറ്റിങ് നടത്തി. ബാക്കി ജില്ലകളിലും കൂടി സിറ്റിങ് പൂർത്തിയാക്കി കൗൺസിൽ ഭരണത്തിലെ സമഗ്രമായ ഉടച്ചുവാർക്കലിനുള്ള ശ്രമത്തിലയിരുന്നു ഞങ്ങൾ. ഈ സന്ദർശനങ്ങൾക്കിടെയാണ് ഞാൻ മുൻപു സൂചിപ്പിച്ച ഒട്ടേറെ അഴിമതികൾ നേരിട്ടു മനസിലാക്കിയത്.

ഇത് ഒളിംപിക്‌സ് വർഷമാണല്ലോ. നമ്മുടെ കൗൺസിൽ അംഗമായ ശ്രീജേഷാണ് ഇന്ത്യൻ ഹോക്കി ടീമിന്റെ നെടുന്തൂൺ. കൗൺസിലിനിത് അഭിമാനനിമിഷമാണ്. എന്നാൽ ഒളിംപിക് ഹോക്കി മെഡൽ ജേതാവായ മാനുവൽ ഫ്രെഡറിക്‌സിന്റെ വീടുനിർമ്മാണത്തിനു കൗൺസിൽ പണം അനുവദിച്ചെങ്കിലും ചില പ്രശ്‌നങ്ങൾ ബാക്കി നിൽക്കുന്നുണ്ട്. അതിൽ അങ്ങയുടെ ശ്രദ്ധ അടിയന്തിരമായി പതിയണം എന്നഭ്യർഥിക്കുന്നു. ഒളിംപിക്‌സിന്റെ കാര്യം പറഞ്ഞതുകൊണ്ട് ഒരു കാര്യം ഓർമിപ്പിക്കട്ടെ. കൗൺസിലിൽ നിന്ന് സർക്കാർ ചെലവിൽ ഒളിംപിക്‌സ് കാണാനുള്ള ശ്രമങ്ങൾ ഇത്തവണയും ഉണ്ടാവും. സ്വന്തം മികവുകൊണ്ട് ഒളിംപിക്‌സുകളിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ച ഞാൻ ഈ നീക്കങ്ങളെ ഒരു കാരണവശാലും പിന്തുണയ്ക്കില്ല. മുൻ പ്രസിഡന്റിന്റെ കാലത്തെ യാത്രയ്ക്കു തന്നെ ഏഴു ലക്ഷത്തിലധികം രൂപ ചെലവായി. അധികം കൈപ്പറ്റിയ തുക തിരിച്ചടപ്പിക്കാൻ ഏറെ ശ്രമം നടത്തേണ്ടി വന്നു. പലിശ സഹിതം തിരിച്ചടപ്പിച്ചുവെന്നതു വേറെ കാര്യം. യാത്രയ്ക്കായി ലക്ഷങ്ങൾ കൗൺസിലിന്റെ അക്കൗണ്ടിൽ നിന്നു ചെലവിടുന്നതല്ലാതെ, അവിടെ കണ്ട എന്തെങ്കിലും നല്ല കാര്യം കേരള കായിക രംഗത്തു പകർത്താൻ ശ്രമിച്ചതായി എനിക്കു തോന്നിയിട്ടില്ല.

ബെംഗളൂരുവിൽ താമസിക്കുന്ന ഞാൻ സ്പോർട്സ് ഭരണത്തിൽ എന്തു ചെയ്തുവെന്ന സംശയം ചിലർ അങ്ങയുടെ മുന്നിൽ ഉന്നയിച്ചു കാണുമല്ലോ. മികച്ച താരങ്ങൾക്കു മൽസരങ്ങളിൽ പങ്കെടുക്കാൻ എയർ ടിക്കറ്റ്, തീവണ്ടിയിൽ എസി ടിക്കറ്റ്, അബ്ദുൽകലാം സ്‌കോളർഷിപ്, എലീറ്റ് പരിശീലന പദ്ധതി, ക്വാളിറ്റി ട്രെയ്‌നിങ് കിറ്റ്, ഹോസ്റ്റലുകളുടെ നവീകരണം, പരിശീലകരുടെ റിഫ്രഷർ കോഴ്‌സുകൾ, സ്പോർട്സ് ഡേ തുടങ്ങിയവയെല്ലാം ചുരുങ്ങിയ കാലത്തിനുള്ളിലെ ചില പദ്ധതികൾ മാത്രം. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു കൊണ്ട് ഭരണതലത്തിൽ ചില താമസങ്ങൾ പിന്നീടുണ്ടായതു ഞങ്ങളുടെ പരിഷ്‌കരണവേഗത്തെയും കുറച്ചു.

കായിക രംഗത്തെ എല്ലാ നിയമനങ്ങളെക്കുറിച്ചും(എന്റെ സഹോദരന്റേതുൾപ്പടെ) സംശുദ്ധവും സുതാര്യവുമായ അന്വേഷണം വിജിലൻസ് ഡിജിപി ജേക്കബ് തോമസ് സാറിന്റേതു പോലുള്ള സംശുദ്ധ വ്യക്തിത്വങ്ങളുടെ കീഴിൽ നടക്കണം എന്നാവശ്യപ്പെടുന്നതിനൊപ്പം എല്ലാ നിയമനങ്ങളും പിഎസ്‌സിക്കു വിടണമെന്ന നിർദ്ദേശവും ഞാൻ മുന്നോട്ടുവയ്ക്കുന്നു. അങ്ങയ്‌ക്കൊപ്പം അഴിമതിക്കെതിരായ പോരാട്ടത്തിൽ ഞാൻ ഒപ്പമുണ്ട്.

വിമാനം കയറിപ്പറക്കുന്ന ഒരു ആക്ഷേപത്തെക്കുറിച്ചു കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. മുൻഗണനാ ക്രമത്തിലുള്ള കായിക ഇനങ്ങളിലെ താരങ്ങൾക്കു ദേശീയ മൽസരങ്ങൾക്കു വിമാനടിക്കറ്റ് അനുവദിച്ചതു ഞാനും കൂടി ഉൾപ്പെട്ട സമിതിയാണ്. കായിക രംഗത്തു വളർന്നു വരുന്ന താരങ്ങൾക്കു പോലും ആത്മവിശ്വാസത്തോടെ മൽസരങ്ങളെ സമീപിക്കാനുള്ള പിന്തുണ ഒരുക്കിയ ഒരു ഒളിംപ്യനാണ് ആറുമാസത്തിനിടെ 40,000 രൂപ കൈപ്പറ്റിയതിന്റെ പേരിൽ നാണംകെടുത്തുന്ന ആക്ഷേപങ്ങൾ നേരിടേണ്ടി വരുന്നത്. വ്യക്തമായ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ആ തുക സ്വീകരിച്ചത് എന്നതു പോലും ബന്ധപ്പെട്ടവർ കണക്കിലെടുത്തില്ല. സമാന പോസ്റ്റുകളിൽ നിയമിക്കപ്പെട്ടവർ ആറുമാസത്തിനുള്ളിൽ യാത്രാപ്പടിയായി എത്ര തുക കൈപ്പറ്റിയിട്ടുണ്ടാവും എന്നു കൂടി അങ്ങ് അന്വേഷിക്കണം. എന്തായാലും 40,000 രൂപയുടെ പേരിൽ കളങ്കപ്പെടുത്താനുള്ളതല്ല തപസ്യപോലെ കണ്ടു കായികരംഗത്തു ഞാൻ സൃഷ്ടിച്ചെടുത്ത നേട്ടങ്ങളും പ്രതിച്ഛായയും. വിക്ടറി സ്റ്റാൻഡിൽ വികാരത്തള്ള്ളിൽ നിൽക്കുമ്പോൾ, നൂറുകോടിയിലേറെപ്പേർക്കു വേണ്ടി ഈ നേട്ടം കൊയ്യാൻ ദൈവം അവസരം തന്നല്ലോയെന്നാണു കരുതിയിട്ടുള്ളത്. മൂവർണക്കൊടിയിലേക്കു കണ്ണുപായിച്ച്, കണ്ണീരു നിറച്ചു നിന്നിട്ടുള്ള ഒരാൾക്കു കായികരംഗത്തെ വിറ്റു തിന്നാനാവില്ല സാർ. ദൈവത്തെയും കായിക രംഗത്തെയും മറന്ന് ഒരു പ്രവർത്തി ഈ ജീവിതത്തിലുണ്ടാവില്ല. ആ 40,000 രൂപ ഞാൻ തിരിച്ചടയ്ക്കുകയാണ്. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം ശമ്പളമില്ലാത്ത ജോലിയാണെന്നു കൂടി അങ്ങു മനസിലാക്കണം.

സ്‌നേഹപൂർവം

പത്മശ്രീ അഞ്ജു ബോബി ജോർജ്ജ്

English summary
Anju Bobby George's open letter to EP Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X