വയനാട്ടിൽ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യൻ, തൃശൂരിൽ സുനിൽ കുമാർ; സിപിഐ സ്ഥാനാര്‍ത്ഥികളായി
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി പി ഐ. ഇന്ന് ചേർന്ന് സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനം. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, മാവേലിക്കരയിൽ സി എ അരുൺ കുമാർ, വയനാട്ടിൽ ആനി രാജ, തൃശൂരിൽ വി എസ് സുനിൽ കുമാർ എന്നിവരാണ് മത്സരിക്കുക.
തിരഞ്ഞെടുപ്പിന് എൽ ഡി എഫ് സജ്ജമാണെന്നും എൽഡിഎഫ് ഒരേ മനസോടെയാണ് തിരഞ്ഞെടുപ്പ് പോരിന് ഒരുങ്ങുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ബിനോയ് വിശ്വം പറഞ്ഞു. ഇത്തവണ സംസ്ഥാനത്ത് എൽ ഡി എഫിന് അനുകൂലമാണ് രാഷ്ട്രീയ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ മത്സരിച്ചേക്കുമെന്ന വാർത്തകളോടും ബിനോയ് വിശ്വം പ്രതികരിച്ചു. രാഹുൽ ഗാന്ധിക്ക് എവിടേയും മത്സരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അദ്ദേഹത്തോട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് യാതൊരു വിരോധവുമില്ല. എന്നാൽ ബി ജെ പിക്കെതിരെ കനത്ത പോരാട്ടം കാഴ്ചവെയ്ക്കേണ്ട സാഹചര്യത്തിൽ അദ്ദേഹം 20 എംപിമാർ മാത്രമുള്ള കേരളത്തിൽ മത്സരിക്കണോ അതോ ഉത്തരേന്ത്യയിൽ നിന്നും മത്സരിക്കണോയെന്നത് പ്രധാനമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. വയനാട്ടിൽ രാഹുൽ വീണ്ടും മത്സരിക്കാൻ എത്തിയാൽ കോൺഗ്രസ് പല ചോദ്യങ്ങൾക്കും മറുപടി നൽകേണ്ടി വരുമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം ഇത്തവണ തൃശൂരിൽ എൽ ഡി എഫ് തന്നെ വിജയിക്കുമെന്ന് വി എസ് സുനിൽ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കും. ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ യുഡിഎഫ് തന്നെയാണ് പ്രധാന എതിരാളി. എന്നുവെച്ച് ബിജെപി സ്ഥാനാര്‍ത്ഥി മോശക്കാരനാണെന്ന് പറയാനാകില്ലെന്നും സുനിൽ കുമാർ പറഞ്ഞു.
ഇത്തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂർ. ബി ജെ പി വലിയ പ്രതീക്ഷയാണ് മണ്ഡലത്തിൽ പുലർത്തുന്നത്. സുരേഷ് ഗോപി ഇതിനോടകം തന്നെ മണ്ഡലത്തിൽ സജീവമായി തുടങ്ങി. ശക്തമായ പ്രചാരണമാണ് ബി ജെ പി മണ്ഡലത്തിൽ നടത്തുന്നത്. 2019 ൽ ഏറ്റവും അവസാനമായിരുന്നു സുരേഷ് ഗോപിയെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. എന്നിട്ടും ബി ജെ പിയുടെ വോട്ടുകൾ കുത്തനെ ഉയർത്താൻ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു. ഈ കണക്കിലാണ് ബി ജെ പി പ്രതീക്ഷ പുലർത്തുന്നത്. ഇത്തവണ ക്രിസ്ത്യൻ വോട്ടുകളടക്കം ബി ജെ പിക്ക് വീഴുമെന്നാണ് പാർട്ടി അവകാശപ്പെടുന്നത്.












Click it and Unblock the Notifications