സര്‍ക്കാറേ ഒന്നുണരൂ: അനൂപ് മേനോന്
കൊച്ചിയിലെ മെട്രോ റെയില്‍ നിര്‍മ്മാണം ജനജീവിതം ദുരിതത്തിലാക്കുന്നതില്‍ ധാര്‍മിക രോഷം പൂണ്ട് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്. മെട്രോ റെയില്‍ നിര്‍മ്മാണം കാരണമുള്ള ഗതാഗതക്കുരുക്കില്ക്കിടന്ന് മടുത്ത അനൂപ് ഫേസ്ബുക്കിലൂടെയാണ് തന്റെ രോഷം പ്രകടിപ്പിച്ചിരിക്കുന്നത്. ഗതാഗതക്കുരുക്കില്‍പ്പെട്ട് ഒരു ആംബുലന്‍സ് അരമണിക്കൂറോളം ഒരിഞ്ചുപോലും നീങ്ങാന്‍ കഴിയാതെ കിടക്കുന്നത് കണ്ടതോടെയാണ് അനൂപിന് നിയന്ത്രണം പോയത്.
രണ്ട് കിലോമീറ്റര്‍ സഞ്ചരിക്കാന്‍ മൂന്ന് മണിക്കൂര്‍ ഗതാഗതക്കുരിക്കില്‍ കാത്തുകെട്ടി കിടക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. നമ്മള് നാളെയെക്കുറിച്ച് തീര്‍ച്ചയായും ചിന്തിക്കണം എന്നാല്‍ ഇന്നത്തെ ജീവിതം നരകമാക്കിക്കൊണ്ടല്ല അത് ചെയ്യേണ്ടത്. ഒരു സമാന്തര റോഡ് മാര്‍ഗ്ഗത്തെക്കുറിച്ച് ചിന്തിക്കാതെ എന്തുകൊണ്ടാണ് അധികാരികള്‍ ഈ ധൃതി കാണിച്ചത്. സര്‍ക്കാര്‍ ഏതുമാകട്ടെ ഇനിയെങ്കിലും ഒന്ന് ഉണര്‍ന്ന് പ്രവര്‍ത്തിക്കൂ- എന്നാണ് അനൂപ് മേനോന് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്തായാലും അനൂപ് മേനോന്റെ പോസ്റ്റ് കണ്ട് സര്‍ക്കാര്‍ കണ്ണ് തുറന്നാലും ഇല്ലെങ്കിലും സംഗതി ക്ലിക്കായിട്ടുണ്ട്. ഒട്ടേറെപ്പേര്‍ ഇത് ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും സമാനമായ ചിന്താഗതി പങ്കുവെയ്ക്കുകയുമൊക്കെ ചെയ്തിട്ടുണ്ട് ഫേസ്ബുക്കില്‍. മെട്രോ പദ്ധതിയുടെ കുരുക്കില്‍പ്പെട്ട് കിടന്ന് സമയം പോകുന്നത് പതിവായി മാറിയ പലരും അനൂപിന്റെ പോസ്റ്റിന് കീഴെ ധാര്‍മ്മികരോഷം പ്രകടിപ്പിക്കുന്നുണ്ട്.