പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയുടെ ആക്രമണം; ദൗത്യസംഘാംഗത്തിന് പരിക്ക്
വയനാട്: മാനന്തവാടി പഞ്ചാരകൊല്ലിയില്‍ വീണ്ടും കടുവയുടെ ആക്രമണം. കഴിഞ്ഞ ദിവസം സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെയായിരുന്നു കടുവയുടെ ആക്രമണം. കടുവയുടെ ആക്രമണത്തില്‍ ആര്‍ ആര്‍ ടി സംഘാംഗത്തിന് പരിക്കേറ്റു. മാനന്തവാടിയിലെ ആര്‍ ആര്‍ ടി അംഗമായ ജയസൂര്യയെ ആണ് കടുവ ആക്രമിച്ചത്.
ജയസൂര്യയുടെ കൈയില്‍ കടുവ മാന്തുകയായിരുന്നു. ഉള്‍ക്കാട്ടില്‍ വച്ചായിരുന്നു ആക്രമണം. ജയസൂര്യയെ മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ആക്രമണമുണ്ടായ കാര്യം വനം മന്ത്രി എകെ ശശീന്ദ്രനും സ്ഥിരീകരിച്ചിട്ടുണ്ട്. തറാട്ട് ഭാഗത്ത് കടുവ തിരച്ചിലിന് ഇറങ്ങിയ സംഘത്തിലെ അംഗമാണ് ജയസൂര്യ. സ്ഥലത്ത് കടുവയെ കണ്ടു എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘം ഇവിടെ പരിശോധനക്ക് എത്തിയത്.

മൂന്ന് വെറ്റിനറി ഡോക്ടര്‍മാരുടെ കീഴിലുളള മയക്കുവെടി സംഘമടക്കം ഏഴ് ടീമുകളാണ് കടുവയ്ക്കായി പരിശോധന നടത്തുന്നത്. കടുവയുടെ കല്‍പ്പാട്, കടുവ കിടന്ന സ്ഥലം എന്നിവ തേടിയാണ് തെരച്ചില്‍ നടക്കുന്നത്. 80 അംഗ ആര്‍ആര്‍ടി സംഘമാണ് ആകെ പരിശോധനയ്ക്കായി ഉള്ളത്. കടുവയെ പിടിക്കുന്നതിനായി രണ്ട് കൂടുകളും 38 ക്യാമറകളും വിവിധ മേഖലകളിലായി സ്ഥാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. വനം വകുപ്പിലെ താത്കാലിക വാച്ചര്‍ അപ്പച്ചന്റെ ഭാര്യ രാധയായിരുന്നു കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളിലുള്ള സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ എത്തിയപ്പോഴായിരുന്നു കടുവയുടെ ആക്രമണം. വനമേഖലയോട് ചേര്‍ന്ന പ്രദേശമാണിത്. രാധയുടെ തലയുടെ പിന്‍ഭാഗം ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.
നാട്ടുകാരുടെ പ്രതിഷേധത്തിന് പിന്നാലെയാണ് നരഭോജി കടുവയെ വെടിവെച്ച് കൊല്ലാന്‍ വനം വകുപ്പ് നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെയാണ് പരിശോധനയ്ക്കായി സംഘങ്ങളെ നിയോഗിച്ചത്. രാധയെ ആക്രമിച്ചതിന് ശേഷം പ്രദേശവാസികളില്‍ ചിലര്‍ കടുവയെ വീണ്ടും കണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും കടുവയുടെ സാന്നിധ്യം കണ്ടെത്താന്‍ വനം വകുപ്പിന് സാധിച്ചിരുന്നില്ല.
ഇതിനിടെയാണ് ഇന്ന് ദൗത്യസംഘത്തിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. അതേസമയം വനം മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ഇന്ന് ഉന്നതതല യോഗം ചേരും. നരഭോജി കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ യോഗം വിലയിരുത്തും. ജില്ലാ കലക്ടര്‍, പൊലീസ് മേധാവി, വിവിധ ഡിഎഫ്ഒമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.












Click it and Unblock the Notifications