'അൻസിബ എന്നെ വിളിച്ചിരുന്നു, എഫ്ഐആർ ഇട്ടൊരു കേസിൽ ഞാൻ ഇടപെടില്ല'; ചെന്നിത്തല
നടി അൻസിബയുടെ ഫേസ്ബുക്ക് കുറിപ്പിന് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അൻസിബയുടെ കാര്യം താൻ കമ്മീഷ്ണറോട് തിരിക്കിയെന്നും എഫ്ഐആർ ഇട്ടിട്ടുണ്ടെന്നാണ് അറിയാൻ സാധിച്ചതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. എഫ്ഐആർ ഇട്ടൊരു കേസിൽ പിന്നെ താൻ ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസിനെ വിമർശിച്ചുകൊണ്ടുള്ള അൻസിബയുടെ പോസ്റ്റ് സംബന്ധിച്ച് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയതോടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

'നടി എന്നെ ഫോണിൽ വിളിച്ചിരുന്നു. പരാതി കൊടുത്തിട്ടും പോലീസ് എഫ്ഐആർ എടുക്കാൻ തയ്യാറാകുന്നില്ലെന്ന് എന്നോട് പറഞ്ഞു.കമ്മീഷ്ണറെ വിളിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് എഫ്ഐആർ എടുത്തിട്ടുണ്ടെന്നാണ്. പോലീസ് അന്വേഷണം തുടങ്ങിയ ഒരു കേസിൽ പിന്നെ ഞാൻ ഇടപെടുന്നത് ശരിയായ കാര്യമല്ല. ആഭ്യന്തര മന്ത്രി ഒരു അന്വേഷണത്തിലും ഇടപെടാൻ പാടില്ല. നമ്മുടെ രീതി അതല്ല, ഞാൻ ഇടപെട്ടാലാണ് തെറ്റാവുന്നത്. എഫ്ഐആർ ഇട്ടുകഴിഞ്ഞാൽ അക്കാര്യം അന്വേഷിച്ച് നടപടിയെടുക്കേണ്ടത് അവരുടെ ഡ്യൂട്ടിയാണ്. കമ്മീഷ്ണർ പറഞ്ഞ കാര്യങ്ങൾ നടിയെ അറിയിക്കാൻ തിരിച്ചുവിളിച്ചെങ്കിലും അവരെ കിട്ടിയില്ല. അതുകൊണ്ട് പറയാനും സാധിച്ചില്ല', ചെന്നിത്തല വ്യക്തമാക്കി.
നടി ലക്ഷ്മിപ്രിയ യുട്യൂബ് ചാനലിലൂടെ തന്നെ അപമാനിച്ചെന്ന് കാണിച്ച് നൽകിയ പരാതിയിൽ കേസ് എടുക്കാനാകില്ലെന്ന പാലാരിവട്ടം പോലീസിൻ്റെ നിലപാടിനെതിരെയാണ് അൻസിബ രംഗത്തെത്തിയത്.
ഒരു സ്ത്രീയെ അപമാനിക്കാവുന്നതിന്റെ പരമാവധിയിൽ എത്തിച്ച് അസത്യപ്രചാരണം നടത്തിയ പ്രതികൾക്കെതിരെ കേവലം ഒരു 'മാനനഷ്ടക്കേസ്' മാത്രമാണ് പാലാരിവട്ടം പോലീസ് എടുത്തതെന്നും അതിനൊപ്പം അൻസിബ നൽകുന്ന പരാതികൾ അന്വേഷിക്കലല്ല കേരള പോലീസിന്റെ ജോലി എന്ന് സർക്കാർ കോടതിയിൽ പറഞ്ഞതായും അറിയാൻ കഴിഞ്ഞെന്നുമാണ് ഫേസ്ബുക്കിലൂടെ നടി തുറന്നടിച്ചത്.
'സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് അളക്കുന്നതെന്ന് വ്യക്തമാക്കണം. എങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ നേരിടേണ്ടി വരുന്ന അപമാനങ്ങൾ ക്ഷമിച്ചുകളയാൻ ഞാൻ തയ്യാറാണ്. പ്രതികളുടെ നിലവിലെ പ്രവർത്തി എന്റെ സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അങ്ങേയറ്റം അപമാനിക്കുന്നതാണെന്ന് ബോധ്യമുള്ളതിനാലാണ് ഞാൻ നിയമപരമായി പരാതി നൽകിയത്. ഇനി അധികാരികൾ കാണുന്ന സ്ത്രീകൾക്ക് ഇത് അപമാനമായി തോന്നുന്നില്ലെങ്കിൽ, ഞാൻ നൽകിയ പരാതിയുടെ പേരിൽ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.
പക്ഷേ, ഈ വിഷയത്തിൽ നീതിതേടി ഏതറ്റം വരെ പോകാനും ഞാൻ തയ്യാറാണ്. കാരണം, നിങ്ങൾ തകർക്കാൻ ശ്രമിച്ചത് എന്റെ അന്തസ്സിനെയാണ്, എന്റെ സ്ത്രീത്വത്തെയാണ്. അത് നഷ്ടപ്പെടുമ്പോഴുള്ള വേദന അനുഭവിക്കുന്നവൾക്ക് മാത്രമേ മനസ്സിലാകൂ. നിങ്ങൾക്കത് മനസ്സിലാകില്ല. കാരണം, ആ വേട്ടക്കാർ നിങ്ങളിലേക്ക് എത്തുന്നതുവരെ നിങ്ങൾ സുരക്ഷിതരാണല്ലോ!
ഒന്നോർക്കുക, ഹിൽപ്പാലസ് കേസിലും കടവന്ത്ര കേസിലും നിങ്ങൾ ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ഒടുവിൽ നിങ്ങൾക്ക് ജനമധ്യത്തിൽ നാണംകെട്ട് നീതി നടപ്പിലാക്കേണ്ടി വന്നു. ഈ കേസിലും അതിൽ നിന്നും വ്യത്യസ്തമായി ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഈ വിഷയത്തിൽ ഭരണകൂടത്തിന്റെ സകല ശക്തിയും നിങ്ങൾ പാലാരിവട്ടം കേസിനായി ഉപയോഗിച്ചാലും, അതിനെയെല്ലാം അതിജീവിച്ച് എന്റെ സ്ത്രീത്വവും നീതിയും തലയുയർത്തിപ്പിടിച്ചു നിൽക്കുക തന്നെ ചെയ്യും', എന്നായിരുന്നു അൻസിബ ഫേസ്ബുക്കിൽ കുറിച്ചത്.












Click it and Unblock the Notifications