അനശ്വര രാജനെതിരെ സംവിധായകൻ; 'കാലുപിടിച്ച് പറഞ്ഞിട്ടും കേട്ടില്ല,ഇന്ദ്രജിത്ത് വരെ അവരോട് മോശമെന്ന് പറഞ്ഞു'
നടി അനശ്വര രാജനെതിരെ ഗുരുതര ആരോപണവുമായി 'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ' എന്ന സിനിമയുടെ സംവിധായകൻ ദീപു കരുണാകരൻ. സിനിമയുടെ പ്രമോഷൻ പരിപാടികളിൽ അവർ സഹകരിക്കുന്നില്ലെന്നാണ് ദീപുവിന്റെ ആക്ഷേപം. പലതവണ താൻ ആവശ്യപ്പെട്ടെന്നും കാലുപിടിച്ച് പറഞ്ഞിട്ടും അനുസരിച്ചില്ലെന്നും ദീപു പറയുന്നു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്നുപറച്ചിൽ.
സിനിമ ചിത്രീകരിക്കുന്ന സമയത്ത് തന്നെ അകമഴിഞ്ഞ് പിന്തുണച്ചയാണ് നടി. പല ഘട്ടങ്ങളിലും സിനിമ നിന്നു പോകുമെന്ന അവസ്ഥ വന്നിരുന്നു, അപ്പോഴും അവർ കൂടെ നിന്നു. എന്നാൽ സിനിമയുടെ പ്രമോഷൻ നടത്താൻ ആവശ്യപ്പെട്ടപ്പോൾ അവർ സഹകരിക്കാൻ തയ്യാറായില്ല എന്നാണ് ദീപു ആരോപിക്കുന്നത്.

സിനിമയുടെ ഓഡിയോ റൈറ്റ്സ് 10 ലക്ഷം രൂപയ്ക്ക് ഒരു കമ്പനിക്ക് നൽകി.പാട്ട് റിലീസായപ്പോൾ അവരുടെ ഔദ്യോഗിക ഇൻസ്റ്റാ പേജിലൂടെ പാട്ട് പ്രമോട്ട് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ അതിന് അവർ തയ്യാറായില്ല, കമ്പനി തനിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. അവരുടെ ആരാധകർ പ്രമോട്ട് ചെയ്യുന്ന പേജിലൂടെ മാത്രമാണ് വീഡിയോ പ്രമോട്ട് ചെയ്തത്. പ്രമോഷന് വരാൻ ആവശ്യപ്പെട്ടപ്പോൾ നോക്കാമെന്നാണ് പറഞ്ഞത്.
അവരുടെ ഈ പ്രതികരണത്തെ തുടർന്ന് നടിയുടെ അമ്മയേയും മാനേജരേയും വിളിച്ചു. ഒരുപരിധിയിൽ കൂടുതൽ ഇക്കാര്യത്തിൽ അവളെ നിർബന്ധിക്കാനാകില്ലെന്നായിരുന്നു അവരുടെ മറുപടി. മാനേജരോട് ചോദിക്കുമ്പോൾ ഇപ്പോൾ ഇടാമെന്ന് പറഞ്ഞ് കളിപ്പിക്കും. ഒടുവിൽ സിനിമയിലെ നായകനായ ഇന്ദ്രജിത്ത് നേരിട്ട് അവരെ വിളിച്ച് സംസാരിച്ചു. നമ്മുടെ സിനിമയല്ലേ ഈ കാണിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞു അദ്ദേഹം. അദ്ദേഹത്തോട് മാത്രമാണ് അവർ സംസാരിച്ചത്.
ഇവരുടെ ഈ നിസഹകരണത്തെ കുറിച്ച് അസോസിയേഷനിൽ പരാതിപ്പെട്ടാൽ നടപടിയുണ്ടാകും. അവർക്ക് സിനിമ പ്രമോട്ട് ചെയ്യേണ്ടി വരും. എന്നാൽ ഇപ്പോൾ അത് ചെയ്യുന്നില്ല. സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിക്കാനായി കാത്തിരിക്കുകയാണ്. അവരോട് അപ്പോൾ പ്രമോഷൻ ഡേറ്റ് അറിയിക്കും. ആ സമയത്ത് അവർ അതിന് തയ്യാറാകുമോയെന്ന് നോക്കട്ടെ', ദീപു പറഞ്ഞു.
ഹൈലൈൻ പിക്ചേഴ്സിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈൻ ആണ് മിസ്റ്റർ ആന്റ് മിസിസ് ബാച്ചിലർ നിർമ്മിച്ചത്. ഡയാന ഹമീദ്, റോസിൻ ജോളി, ബൈജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഴിഞ്ഞ ആഗസ്തിലായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചത്. എന്നാൽ മറ്റ് ചില കാരണങ്ങളാൽ സിനിമയുടെ റിലീസ് വൈകുകയായിരുന്നു.












Click it and Unblock the Notifications