'നിങ്ങൾ വീണിടാതെ വയ്യ'; പൊരുതുന്ന വിദ്യാർത്ഥി സമൂഹത്തിന് പടപ്പാട്ട് സമര്‍പ്പിച്ച് റഫീഖ് അഹമ്മദ്
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി ഉയര്‍ന്നു വന്ന പ്രതിഷേധം അയവില്ലാതെ തുടരുകയാണ്. പ്രതിഷേധങ്ങളെ അടിച്ചൊതുക്കാന്‍ പോലീസും മുന്നിട്ടിറങ്ങിയതോടെ ആഭ്യന്തര കലാപത്തിന് സമാനമായ സ്ഥിതി വിശേഷണമാണ് രാജ്യത്ത് അരങ്ങേറുന്നത്. പ്രതിഷേധത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ ഇന്നലെ 3 പേര്‍ കൊല്ലപ്പെടുക കൂടി ചെയ്തതോടെ സാഹചര്യം കൂടുതല്‍ വഷളാക്കി.
മിക്കയിടങ്ങളിലും വിദ്യാര്‍ത്ഥികളാണ് പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്നത്. ജാമിയ മിലയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് നടത്തിയ അതിക്രൂരമായ മര്‍ദ്ദനമാണ് പ്രതിഷേധങ്ങള്‍ രാജ്യവ്യാപകമാക്കുന്നതില്‍ പ്രധാന കാരണമായത്. ഈ സാഹചര്യത്തില്‍ തെരുവില്‍ പൊരുതുന്ന വിദ്യാര്‍ത്ഥി സമൂഹത്തിന് സമര്‍പ്പിക്കുന്ന പടപ്പാട്ടുമായി രംഗത്ത് എത്തിയിരിക്കുകയാണ് കവി റഫീഖ് അഹമ്മദ്.

റഫീഖ് അഹമ്മദിന്‍റെ പടപ്പാട്ടിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
അറിയുമോ ഞങ്ങളെ അറിയുമോ ഞങ്ങളെ
ഞങ്ങളാണ് ഞങ്ങളാണ് ഞങ്ങളാണ് യൗവ്വനം
വെളിച്ചമുള്ള ലോകമൊന്നു കാണുവാൻ തുറന്നതാം
തെളിച്ചമുള്ള കണ്ണുകൾ
കരുത്തുറഞ്ഞ കയ്യുകൾ
ആയിരുണ്ട ഗോത്ര കാല ഭൂമി തൻ വെറുപ്പുമായ്
ഈ യുഗത്തിലേക്കു വന്നതെന്തിനായ് ദിനോസറേ
ലോകമേറെ മാറിയെന്നതൊന്നു നിങ്ങളോർക്കുക .
രോഗമാണ് നിങ്ങൾ തൻ മനസ്സിനെന്നു മോർക്കുക.
ഞങ്ങളീ മഹാചരിത്ര സംസ്കൃതിക്കു കാവലായ്
ജീവനെങ്കിൽ ജീവനേകി നിങ്ങളെ തുരത്തിടും
ഏതു പൗരനെന്തു പൗരൻ മർത്യ വർഗമൊന്നു താൻ.
ഏതു ജാതിയെങ്കിലും മനുഷ്യരൊറ്റ വശമാം
തോക്കു നീട്ടി നാക്കു നീട്ടി നേരിടുന്ന മൂഢരേ
നേർക്കു ഞങ്ങൾ നൽകിടാം
തുടുത്ത ചെമ്പനീരലർ
മൃഗത്തിൽ നിന്നു നിങ്ങൾ പോന്ന
ദൂരമെത്ര തുച്ഛമോ
മനുഷ്യരാണ് ഞങ്ങളോർക്ക, നാളെ തൻ തുടിപ്പുകൾ.
കെടുത്തുവാൻ കഴിഞ്ഞതില്ല നാളിതിത്രയാകിലും
മനുഷ്യരാശിയെ നയിക്കു മുജ്വല പ്രതീക്ഷകൾ.
ഞങ്ങളാണ്, ഞങ്ങളാണ് ഞങ്ങളാണ് യൗവ്വനം
നിങ്ങൾ വീണിടാതെ വയ്യ
ഹാ ചവറ്റു കൂനയിൽ..












Click it and Unblock the Notifications