മാധ്യമങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഖേദകരം: പി സതീദേവി
തിരുവനന്തപുരം; മാധ്യമങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഖേദകരമാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷന്‍ പി സതീദേവി. 'ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഖേദകരമാണ്. വനിതാ മാധ്യമപ്രവർത്തകരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനും മികച്ച മാധ്യമപ്രവർത്തന സംസ്ക്കാരം രൂപപ്പെടുത്താനും ഉതകുന്ന മാർഗ്ഗരേഖ തയ്യാറാക്കി സർക്കാരിന് നൽകും.'- പി സതീദേവി പറഞ്ഞു.
എറണാകുളം ആസ്ഥാനമാക്കി കമ്മീഷന് മധ്യമേഖല ഓഫീസ് തുടങ്ങാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കമ്മീഷനിൽ രജിസ്റ്റർ ചെയ്ത സംഘടനകളുടെ സഹായത്തോടെ സ്ത്രീകളുടെ അവസ്ഥ സംബന്ധിച്ച ഡാറ്റ ശേഖരിക്കുകയും വാർഡ് തല ജാഗ്രത സമിതികൾ ശക്തിപ്പെടുത്തുകയും ചെയ്യും. സ്ത്രീധന പീഡനങ്ങൾ പെരുകിവരുന്ന സാമൂഹ്യ സാഹചര്യത്തിൽ വിവാഹ ധൂർത്ത് നിരോധിക്കാനും സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യാനുമായി സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്.

കൂടാതെ സംസ്ഥാനത്ത് സ്ത്രീസൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താനായി പദ്ധതികൾ ആവിഷ്‌കരിക്കും. കമ്മീഷൻ ഇടപ്പെട്ടുക്കൊണ്ട് വിവിധ തലത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തും. ഇതിനായി വനിതാ കമ്മീഷനെ ശക്തിപ്പെടുത്തുന്നതിനായി നിയമം ഭേദഗതി ചെയ്യുന്നതിന് വിദഗ്ധരുമായി ചർച്ച ചെയ്തു സർക്കാരിന് ശുപാർശ നൽകും. മെച്ചപ്പെട്ട ഒരു സാമൂഹ്യ അന്തരീക്ഷം നമ്മുടെ സംസ്ഥാനത്ത് വളർത്തിയെടുക്കാൻ പൊതുജനങ്ങളുടെ ആത്മാർത്ഥ സഹകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സതീദേവി വ്യക്തമാക്കി.
സാരിയില്‍ അതിസുന്ദരിയായി അനു ഇമ്മാനുവല്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
കേരള വനിതാ കമ്മിഷന്റെ 2020-ലെ മാധ്യമപുരസ്‌കാരങ്ങള്‍ ആരോഗ്യ, വനിതാ ശിശു വികസന മന്ത്രി വീണാ ജോര്‍ജിനോടൊപ്പം വിതരണം ചെയ്തായും വനിത കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു. നിയമസഭയിലെ മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മികച്ച റിപ്പോര്‍ട്ട്/ഫീച്ചര്‍ മലയാളം അച്ചടിമാധ്യമം വിഭാഗത്തില്‍ മാതൃഭൂമി തൃശ്ശൂര്‍ സബ് എഡിറ്റര്‍ ശ്രീകല എം.എസ്സ്, മികച്ച ഫോട്ടോഗ്രഫി വിഭാഗത്തില്‍ കേരളകൗമുദി കൊച്ചി ചീഫ് ഫോട്ടോഗ്രഫര്‍ എന്‍.ആര്‍.സുധര്‍മദാസ്, മികച്ച വീഡിയോഗ്രഫി വിഭാഗത്തില്‍ മീഡയവണ്‍ കാമറാമാന്‍ മനേഷ് പെരുമണ്ണ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച റിപ്പോര്‍ട്ട്/ഫീച്ചര്‍ മലയാളം ദൃശ്യമാധ്യമം വിഭാഗത്തില്‍ മാതൃഭൂമി ന്യൂസ് സബ് എഡിറ്റര്‍/റിപ്പോര്‍ട്ടര്‍ റിയ ബേബിക്കുവേണ്ടി ശ്രീകല എം.എസ്സ് പുരസ്‌കാരം ഏറ്റുവാങ്ങി.
കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എം.എസ്.താര, ഇ.എം.രാധ, ഷാഹിദാ കമാല്‍, മെമ്പര്‍ സെക്രട്ടറി പി. ഉഷാറാണി എന്നിവര്‍ സന്നിഹിതരായിരുന്നു.












Click it and Unblock the Notifications