കോടിയേരി സഖാവിന്റെ വാക്കുകള്‍ വെറുതെയായി, സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷ തള്ളി, കീഴടങ്ങണം
കൊച്ചിയില്‍ വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസില്‍ സിപിഎം നേതാവ് സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
കൊച്ചി : കൊച്ചിയില്‍ വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസില്‍ സിപിഎം നേതാവ് സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒരാഴ്ചയ്ക്കുള്ളില്‍ സക്കീര്‍ ഹുസൈന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും കോടതി ആവശ്യപ്പെട്ടു.
സക്കീറിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാരും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ച സാഹചര്യത്തിലായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സാക്ഷികളെ സ്വാധീനിക്കും
സക്കീര്‍ ഹുസൈനു ജാമ്യം അനുവദിക്കുന്നതിനെ പോലീസ് കോടതിയില്‍ എതിര്‍ത്തു. ജാമ്യം ലഭിച്ചാല്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവു നശിപ്പിക്കുമെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി. സക്കീര്‍ ഹുസൈനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പോലീസ് കോടതിയെ അറിയിച്ചു.

വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി
വെണ്ണല സ്വദേശിയായ വ്യവസായി ജൂബി പൗലോസിനെ ഭീഷണിപ്പെടുത്തിയെന്നാണ് സക്കീറിനെതിരായ കേസ്. ബിസിനസ് തര്‍ക്കത്തിലിടപെട്ട് സിവില്‍ കേസ് പിന്‍വലിക്കണമെന്നും ധാരണാ പത്രത്തില്‍ നിന്നു പിന്മാറണമെന്നും ആവശ്യപ്പെട്ടായിരുന്നു ഭീഷണി. കാറില്‍ തട്ടിക്കൊണ്ട് പോയി സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെത്തിച്ചെന്നും ഏരിയ കമ്മി റ്റി സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈന്‍ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് ജുബി പരാതിയില്‍പ്പറയുന്നത്. കേസിലെ മറ്റ് പ്രതികളായ സിദ്ധിഖ് ഫൈസല്‍ എന്നിവരെ ഒക്്‌ടോബര്‍ 31ന് അറസ്റ്റ് ചെയ്തിരുന്നു. സക്കീര്‍ ഹുസൈന്‍ ഒളിവിലാണ്.

സക്കീര്‍ ഗുണ്ട തന്നെ
സക്കീര്‍ ഹുസൈന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ സക്കീറിനെതിരായ നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. കേസില്‍ ഒളിവില്‍ കഴിയുന്ന സക്കീര്‍ ഗുണ്ട , ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

കേസുകള്‍ ജനകീയ സമരങ്ങളില്‍ പങ്കെടുത്തതിന്
സക്കീര്‍ ഹുസൈനെതിരായ കേസുകള്‍ സിപിഎമ്മിനെ വികൃതമാക്കുന്നതിന് വേണ്ടിയാണെന്നാണ് കോടിയേരി പറയുന്നത്. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സക്കീര്‍ ഹുസൈനെതിരെ 14 ക്രിമിനല്‍ കേസുകളുണ്ടെന്ന് ചില പത്രങ്ങള്‍ പ്രചരിപ്പിക്കുന്നതാണെന്നും കോടിയേരി പറഞ്ഞിരുന്നു.സക്കീര്‍ ഗുണ്ട ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് കോടിയേരിയുടെ പ്രസ്താവന.












Click it and Unblock the Notifications