പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും
കൊച്ചി; മോൻസൻ മാവുങ്കൽ ഒന്നാം പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ചാകും ചോദ്യം ചെയ്യൽ. അറസ്റ്റുണ്ടായാൽ 50,000 രൂപയുടെ ബോണ്ടിലും അതേ തുകയ്ക്ക് രണ്ടു പേരുടെ ഉറപ്പിലും ജാമ്യം അനുവദിക്കാനും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.
കെ സുധാകരനെതിരെ കേസിൽ ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. മോൻസനുമായി സുധാകരൻ നിരന്തര സമ്പർക്കം പുലർത്തിയതിന്റെ ഫോൺ വിവരങ്ങൾ അടക്കമുള്ളവ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. മോൻസന്റെ ലാപ്ടോപ്പുകൾ, മൊബൈൽ ഫോൺ എന്നിവയടക്കം പോലീസ് ശേഖരിച്ചിരുന്നു.

മോൻസന്റെ തട്ടിപ്പിന് ഇരയായ പരാതിക്കാരുടെ ശബ്ദ സന്ദേശങ്ങളും രേഖകളും അന്വേഷണ സംഘം ശാസ്ത്രീയ പരിശോധകൾക്ക് വിധേയമാക്കി തെളിവായി സ്വീകരിച്ചിട്ടുണ്ട്. നേരത്തേ കേസിലെ ഒന്നാം പ്രതിയായ മോൻസൻ മാവുങ്കലിന്റെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. വിയ്യൂർ ജയിലിൽ എത്തിയാണ് മോൻസന്റെ മൊഴിയെടുത്തത്.
കഴിഞ്ഞ ദിവസം പരാതിക്കാരനായ തൃശ്ശൂർ സ്വദേശി അനൂപ് മുഹമ്മദിന്റെ മൊഴിയും ക്രൈംബ്രാഞ്ച് ശേഖരിച്ചു. സുധാകരൻ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് അനൂപ് മാധ്യമങ്ങൾക്ക് മുന്നിൽ ആരോപിച്ചത്. 2021-ൽ മോൻസൻ അറസ്റ്റിലായതിന് പിന്നാലെ സുധാകരന്റെ അടുപ്പക്കാരനായ എബിൻ എബ്രഹാം വഴിയാണ് ഭീഷണി മുഴക്കിയത്. സുധാകരന്റെ ശബ്ദസന്ദേശം എബിന്റെ ഫോണിൽ തന്നെ കേൾപ്പിക്കുകയായിരുന്നു. സുധാകരന്റെ പേര് പറഞ്ഞാൽ വംശം തന്നെ ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണിയെന്നും അനൂപ് പറഞ്ഞു.
വിദേശ പണം വരുന്നതിലെ പ്രശ്നം തീർന്നാൽ എല്ലാം ശരിയാകുമെന്ന് കെ സുധാകരൻ പറഞ്ഞു. മോൺസന് പണം കൊടുക്കുമ്പോൾ കെ സുധാകരൻ ഒപ്പമുണ്ടായിരുന്നു. മോൻസൻന്റെ വീട്ടിൽ സുധാകരൻ ഇടനിലക്കാരനായാണ് 25 ലക്ഷം രൂപ കൈമാറിയത്. വിദേശത്ത് നിന്ന് പണം വന്നാൽ കെ സുധാകരനെ 100 കോടി ഇറക്കി മുഖ്യമന്ത്രിയാക്കാമെന്ന് മോൻസൻ പറഞ്ഞുവെന്നും അനൂപ് ആരോപിച്ചു.
മോൻസന്റെ വീട്ടിൽ വെച്ച് സുധാകരന്റെ ഉറപ്പിൻമേൽ 25 ലക്ഷം കൈമാറിയെന്നും ഇതിൽ 10 ലക്ഷം സുധാകരൻ വാങ്ങിയെന്നുമാണ് പരാതിക്കാരുടെ ആരോപണം. കെ സുധാകരന്‍ മോന്‍സന്‍ മാവുങ്കലിന്റെ പക്കല്‍ നിന്ന് പണം വാങ്ങുന്നത് കണ്ടെന്ന് മോന്‍സന്റെ ഡ്രൈവറായ അജിത്തും നേരത്തേ മൊഴി നൽകിയിരുന്നു. എന്നാൽ കേസിൽ സുധാകരന് പങ്കില്ലെന്നാണ് മോൻസൻ പറയുന്നത്. സുധാകരൻ പണം കൈപ്പറ്റിയെന്ന് പറയാൻ തന്നെ പോലീസ് ഭീഷണിപ്പെടുത്തിയതായും മോൻസൻ നേരത്തേ ആരോപിച്ചിരുന്നു.












Click it and Unblock the Notifications