ആ വീട് തന്റേതല്ലെന്ന് ആന്റോ അഗസ്റ്റിന്‍; രേഖ മറ്റൊന്ന്, ചൊവ്വാഴ്ച ഇരുഭാഗത്തിനും നിര്‍ണായകം
അനധികൃതമായി മദ്യം സൂക്ഷിച്ചു എന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന് ജാമ്യമില്ല. സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടി ജാമ്യം നിഷേധിച്ച പിന്നാലെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആന്റോയ്ക്ക് അനുകൂല വിധി ലഭിച്ചില്ല. ബത്തേരി കോടതി ശനിയാഴ്ച പ്രൊഡക്ഷന്‍ വാറണ്ട് പരിഗണിക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.
മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട വിവാദം അന്വേഷിക്കുന്ന എസ്‌ഐയുടെ റെയ്ഡിനിടെയാണ് വയനാട്ടിലെ വീട്ടില്‍ നിന്ന് പരിധിയില്‍ കവിഞ്ഞ അളവില്‍ മദ്യം പിടികൂടിയത്. ഈ വീട് ആന്റോ അഗസ്റ്റിന്റേതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനെതിരെ അബ്കാരി നിയമ പ്രകാരം എക്‌സൈസ് കേസെടുത്തത്. തൊട്ടുപിന്നാലെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. വ്യാഴാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച കോടതി വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.

ഇന്ന് സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതി ഹര്‍ജി പരിഗണിച്ചു. ജാമ്യം നിഷേധിക്കുകയാണ് ചെയ്തത്. പിന്നീടാണ് ആന്റോ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിയതിനാല്‍ ആന്റോ അഗസ്റ്റില്‍ നിലവില്‍ മാനന്തവാടി ജില്ലാ ജയിലില്‍ തുടരും. നാളെ ആന്റോയെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി എക്‌സൈസ് സംഘത്തിന് കസ്റ്റിഡിയില്‍ നല്‍കും. ശേഷമാകും ചൊവ്വാഴ്ച ഹൈക്കോടതി ജാമ്യ ഹര്‍ജി പരിഗണിക്കുക.
മദ്യം കണ്ടെത്തിയ വയനാട് മുട്ടില്‍ വാഴവറ്റയിലെ വീട് തന്റെതല്ല എന്ന വാദമാണ് ആന്റോ അഗസ്റ്റിന്‍ ഉന്നയിക്കുന്നത്. എന്നാല്‍ മുട്ടില്‍ പഞ്ചായത്തിലെ രേഖകള്‍ വച്ചാണ് എക്‌സൈസ് സംഘം ഇതിനെ പ്രതിരോധിച്ചത്. ഈ വര്‍ഷം ആദ്യത്തില്‍ കെട്ടിട നികുതി അടച്ച രേഖയില്‍ ഉടമയുടെ ഭാഗത്ത് ആന്റോയുടെ പേരാണ്. ബില്‍ഡിങ് സര്‍ട്ടിഫിക്കറ്റിലും ആന്റോയുടെ പേരാണത്രെ.
എന്നാല്‍ ഒരു വായ്പ എടുത്തതുമായി ബന്ധപ്പെട്ട് കോടതി നടപടികള്‍ക്ക് ശേഷം ഈ വീട് ലില്ലി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലാണ് എന്നും പറയപ്പെടുന്നു. മദ്യം കണ്ടെത്തിയ വീട് ആന്റോയുടേതാണ് എന്ന് തെളിയിക്കുകയാണ് എക്‌സൈസിന് മുന്നിലുള്ള വെല്ലുവിളി. തന്റേതല്ല എന്ന് തെളിയിക്കാനാകും ആന്റോയുടെ ശ്രമം. വീട് ആന്റോയുടേതല്ല എന്ന് തെളിഞ്ഞാല്‍ എക്‌സൈസ് സംഘത്തിന് തിരിച്ചടിയാകും. ഇക്കാര്യത്തിലുള്ള വ്യക്തത വരുത്തിയ ശേഷമാകും ജാമ്യ ഹര്‍ജിയിലെ ഹൈക്കോടതിയുടെ തീരുമാനം. അതുകൊണ്ടുതന്നെ ആന്റോയ്ക്കും എക്‌സൈസിനും ചൊവ്വാഴ്ച വളരെ നിര്‍ണായകമാണ്.


Click it and Unblock the Notifications
