അനുപമ പരമേശ്വരന്‍ ഒടുവില്‍ വെളിപ്പെടുത്തി; പണി വരുന്നു, അതൊരു 20കാരി, 'ഫോണ്‍ ഉണ്ടെന്ന് കരുതി'
നടി അനുപമ പരമേശ്വരനെതിരെ സോഷ്യല്‍ മീഡിയ വഴി നടന്നത് ആസൂത്രിത നീക്കം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയെ കണ്ടെത്തി. നടിയെ കുറിച്ച് മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്ത വ്യക്തിയെ ആണ് തിരിച്ചറിഞ്ഞിരിക്കുന്നത്. നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
20 വയസുള്ള തമിഴ്‌നാട് സ്വദേശിനിയാണ് സംഭവത്തിന് പിന്നില്‍. ഒന്നിലേറെ അക്കൗണ്ടുകള്‍ വഴിയാണ് വ്യാജമായ പ്രചാരണങ്ങള്‍ നടത്തിയത്. സഹതാരങ്ങളെയും സുഹൃത്തുക്കളെയും ടാഗ് ചെയ്തായിരുന്നു ഇതെല്ലാം. ദിവസങ്ങള്‍ക്ക് മുമ്പാണ് തന്നെ കുറിച്ച് മോശം കാര്യങ്ങള്‍ പ്രചരിക്കുന്നു എന്ന് നടിയുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ഒന്നിലധികം അക്കൗണ്ടുകള്‍ വഴി പ്രചാരണം നടക്കുന്നു എന്ന് വ്യക്തമായി.

സൈബര്‍ സെല്ലില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന വിശദമായ അന്വേഷണത്തിലാണ് തമിഴ്‌നാട്ടുകാരിയാണ് പിന്നിലെന്ന് ബോധ്യമായത്. ഇവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് നടിയുടെ തീരുമാനം. അനന്തര ഫലം അനുഭവിക്കേണ്ടി വരുമെന്നും അനുപമ പരമേശ്വരന്‍ പറഞ്ഞു. ഒരു മൊബൈല്‍ ഫോണ്‍ സ്വന്തമായി ഉണ്ട് എന്ന് കരുതി എന്തും ചെയ്യാമോ. സോഷ്യല്‍ മീഡിയ ആക്‌സസ് മോശം കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും നടി താക്കീത് ചെയ്യുന്നു.
നടിയെ കുറിച്ച് മാത്രമല്ല, അവരുടെ കുടുംബത്തെ കുറിച്ചും മോശമായ പ്രചാരണം നടത്തിയിട്ടുണ്ട്. ഒന്നിലധികം വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി ഒരാള്‍ തന്നെയാണ് എല്ലാം ചെയ്തത്. പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയുടെ പേരും മറ്റു വിവരങ്ങളും നടി പരസ്യമാക്കിയില്ല. അവരുടെ പ്രായം കണക്കിലെടുത്താണ് വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്താത്തത് എന്നും അനുപമ വ്യക്തമാക്കി.
സോഷ്യല്‍ മീഡിയ വഴി ആരെയും മോശമാക്കി ചിത്രീകരിക്കാനോ അസഭ്യം പറയാനോ പാടില്ല. മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തിയുള്ള കാര്യങ്ങളല്ല സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കേണ്ടത്. ഓണ്‍ലൈന് വഴി നടത്തുന്ന ഏതൊരു കാര്യവും തെളിവുകള്‍ ബാക്കിയാക്കിയാണ് ചെയ്യുന്നത്. അത് പിന്തുടരുക തന്നെ ചെയ്യുമെന്നും അനുപമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
20 കാരിയുടെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് അനുപമ പറയുന്നത്. താരങ്ങള്‍ക്ക് അവകാശങ്ങള്‍ ഇല്ല എന്നില്ല. സൈബര്‍ ബുള്ളിയിങ് നടത്തുന്നത് കുറ്റം ലഭിക്കുന്ന കാര്യം തന്നെയാണ് എന്നും അനുപമ ഓര്‍മിപ്പിച്ചു. ഡ്രാഗണ്‍, ബൈസണ്‍ എന്നീ ചിത്രങ്ങളാണ് അനുപമയുടേതായി തമിഴില്‍ ഏറ്റവും ഒടുവില്‍ ഇറങ്ങിയത്. ലോക്ഡൗണ്‍ എന്ന തമിഴ് ചിത്രത്തിലും അനുപമ എത്തും.


Click it and Unblock the Notifications