ആറ്റിങ്ങല്‍ കൊല:അനുശാന്തിക്ക് തടവുകാരുടെ മര്‍ദ്ദനം
തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിലെ പ്രതിയും കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയുമായ അനുശാന്തിക്ക് ജയിലില്‍ വച്ച് മര്‍ദ്ദനമേറ്റെന്ന് വാര്‍ത്ത.കേരള കൗമുദിയുടെ ഓണ്‍ലൈന്‍ ഇംഗ്ലീഷ് പതിപ്പിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്.
കേസിലെ രണ്ടാം പ്രതിയാണ് അനുശാന്തി. തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിത ജയിലിലാണ് അനുശാന്തിയെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടത്തെ സഹ തടവുകാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
സ്വന്തം കുഞ്ഞിനെ പോലും കൊലക്ക് കൊടുത്തവള്‍ എന്ന രീതിയിലായിരുന്നു മറ്റ് തടവുപുള്ളികളുടെ പ്രതികരണം. സംഘം ചേര്‍ന്നായിരുന്നു അനുശാന്തിയെ മറ്റ് വനിത തടവുകാര്‍ ആക്രമിച്ചതത്രെ. ഇവര്‍ക്ക് പിന്നീട് ജയിലില്‍ വച്ച് തന്നെ പ്രാഥമിക ചികിത്സ നല്കി.
കേസിലെ ഒന്നാം പ്രതിയായ നിനോ മാത്യുവിനെ തെളിവെടുപ്പിനായി ടെക്നോപാര്ക്കിലെത്തിച്ചപ്പോള് ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ആവശ്യത്തിന് പോലീസ് സംരക്ഷണം ഇല്ലാതെയായിരുന്നു നിനോയെ തെളിവെടുപ്പിനായി കൊണ്ടുചെന്നതെന്ന് ആക്ഷേപം ഉണ്ടായിരുന്നു. നിനോ മാത്യുവിനെ ആക്രമിച്ച സംഭവത്തില്‍ 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്നാണ് വിവരം.
അനുശാന്തിയേയും നിനോ മാത്യുവിനേയും ആറ്റിങ്ങല്‍ ആലംകോട്ടെ വീട്ടിലേക്ക് തെളിവെടുപ്പിന് കൊണ്ടു പോകുന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. നാട്ടുകാര്‍ ഏതു രീതിയിലായിരിക്കും പ്രതികരിക്കുക എന്ന കാര്യത്തില്‍ ഒരുറപ്പും പോലീസിനില്ല. എത്ര ശക്തമായ സുരക്ഷ ഒരുക്കിയാലും നാട്ടുകാര്‍ പ്രശ്നമുണ്ടാക്കുമെന്ന് തന്നെയാണ് പോലീസ് കരുതുന്നത്.