സിസിഎല്ലില്‍ പങ്കെടുക്കുന്ന താരങ്ങളെ വിലക്കുമോ? കേരള സ്‌ട്രൈക്കേഴ്‌സുമായി ബന്ധമില്ലെന്ന് അമ്മ
കേരള സ്‌ട്രൈക്കേഴ്‌സിന്റെ നോണ്‍ പ്ലെയിംഗ് ക്യാപ്റ്റന്‍ മോഹന്‍ലാല്‍ ആയിരുന്നു. ഇടവേള ബാബു ആയിരുന്നു മാനേജര്‍

കൊച്ചി: താരസംഘടനയായ അമ്മയും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മാനേജ്‌മെന്റും തമ്മില്‍ ഭിന്നത. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഓര്‍ഗനൈസര്‍ സ്ഥാനത്ത് നിന്ന് പിന്മാറുകയാണ് എന്ന് മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മ വ്യക്തമാക്കി.
സി സി എല്ലില്‍ കളിക്കുന്ന കേരള സ്‌ട്രൈക്കേഴ്‌സ് എന്ന ടീമുമായി തങ്ങള്‍ക്ക് ബന്ധമില്ല എന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് എന്ന ടീമിന്റെ പേരില്‍ നിന്ന് അമ്മ എന്നത് ഒഴിവാക്കണം. എന്നാല്‍ അമ്മയില്‍ അംഗങ്ങളായ അഭിനേതാക്കള്‍ സ്വന്തം നിലയില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന് വിലക്കില്ല എന്നും ഇടവേള ബാബു പറഞ്ഞു.

ആനയെ വെച്ച് നടത്തിയിരുന്ന ഉത്സവം കുഴിയാനയെ വച്ച് നടത്തുന്ന പോലെ
അതേസമയം ആനയെ വെച്ച് നടത്തിയിരുന്ന ഉത്സവം കുഴിയാനയെ വച്ച് നടത്തുന്ന പോലെയാണ് ഇപ്പോഴത്തെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് എന്നാണ് ഇടവേള ബാബു അഭിപ്രായപ്പെട്ടു. കേരള സ്‌ട്രൈക്കേഴ്‌സിന്റെ നോണ്‍ പ്ലെയിംഗ് ക്യാപ്റ്റന്‍ മോഹന്‍ലാല്‍ ആയിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് മോഹന്‍ലാലിനെ മാറ്റണം എന്ന് നിര്‍ദേശമുണ്ട്.

ഇടവേള ബാബുവായിരുന്നു കേരള സ്‌ട്രൈക്കേഴ്‌സ് ടീം മാനേജര്‍
മോഹന്‍ലാല്‍ തന്റെ ചിത്രങ്ങള്‍ സി സി എല്ലിന് ഉപയോഗിക്കരുത് എന്ന് നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ടീം നീക്കം ചെയ്തിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവായിരുന്നു കേരള സ്‌ട്രൈക്കേഴ്‌സ് ടീം മാനേജര്‍.

കുഞ്ചാക്കോ ബോബന്‍ ക്യാപ്റ്റന്‍
2011 ല്‍ ആണ് സിനിമാ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി കൊണ്ട് സി സി എല്‍ ആരംഭിക്കുന്നത്. 2012 മുതല്‍ അമ്മയും സി സി എല്ലില്‍ ഭാഗമായിരുന്നു. നിലവിലെ സീസണില്‍ കുഞ്ചാക്കോ ബോബന്‍ ക്യാപ്റ്റന്‍. ഉണ്ണി മുകുന്ദന്‍, മണിക്കുട്ടന്‍, കലാഭവന്‍ പ്രജോദ്, രാജീവ് പിള്ള തുടങ്ങിയ താരങ്ങള്‍ കേരള സ്‌ട്രൈക്കേഴ്‌സ് ടീമില്‍ ഉണ്ട്. അതേസമയം ഈ സീസണിലെ ആദ്യ രണ്ട് കളിയിലും കേരള സ്‌ട്രൈക്കേഴ്‌സ് തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

കേരള സ്ട്രൈക്കേഴ്സിന്റെ നിലവിലെ ഉടമസ്ഥര്‍ ഇവര്‍
അടുത്ത മത്സരം ഞായറാഴ്ച തിരുവനന്തപുരത്ത് വെച്ചാണ് നടക്കുന്നത്. രാജ്കുമാര്‍ സേതുപതി, ഭാര്യ ശ്രിപ്രിയ, ഷാജി ജെയ്സന്‍ എന്നിവരാണ് കേരള സ്ട്രൈക്കേഴ്സിന്റെ നിലവിലെ ഉടമസ്ഥര്‍. കൊവിഡിനെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി സി സി എല്‍ സംഘടിപ്പിച്ചിരുന്നില്ല. ഇതിന് ശേഷമാണ് ഇത്തവണ വീണ്ടും ആരംഭിച്ചത്. ഫെബ്രുവരി 18 മുതല്‍ അഞ്ച് വാരാന്ത്യങ്ങളിലായി ആകെ പത്തൊമ്പത് മത്സരങ്ങള്‍ ആണ് സംഘടിപ്പിക്കുന്നത്.












Click it and Unblock the Notifications