കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്കമാലിയിൽ മാന്ത്രിക രാവ്.. ആരാധകരിൽ സംഗീത ലഹരി നിറച്ച റഹ്മാൻ മാജിക്! തടിയൂരി ഫ്ളവേഴ്സ്

Google Oneindia Malayalam News

സ്വപ്നങ്ങൾ സഫലമാകുന്ന ചില അപൂർവ്വ നിമിഷങ്ങളുണ്ട്.. ജീവിതത്തിൽ ഒരിക്കലും മറക്കാത്തവ. എആർ റഹ്മാൻ എന്ന പേര് പോലും സിരകളിൽ ലഹരി നിറയ്ക്കുന്നവർക്ക് ഈ രാത്രി ഒരിക്കലും മറക്കാനാവുമെന്ന് തോന്നുന്നില്ല. അങ്കമാലി അഡ്ലക്സ് ഇന്ർറർനാഷണൽ കൺവെൻഷണൽ സെന്റിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് പേരിലും ഒരേ ഒരു വികാരം മാത്രം. എആർ റഹ്മാൻ.

മെയ് 12ന് നടക്കേണ്ടിയിരുന്ന എആർ റഹ്മാൻ ഷോ മഴ മൂലം മുടങ്ങിപ്പോയിരുന്നതിനാൽ ഫ്ളവേഴ്സ് ചാനലിന് ഇത് അഭിമാനപ്രശ്നം കൂടിയായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ ഒരു ദിവസമല്ല, രണ്ട് ദിവസമാണ് എആർ റഹ്മാൻ ആരാധകർക്ക് വേണ്ടി സംഗീത വിസ്മയം തീർത്തത്.

കൊച്ചിയിലെ മാന്ത്രിക രാവ്

കൊച്ചിയിലെ മാന്ത്രിക രാവ്

മൂന്ന് മണിക്കൂർ നേരത്തെ ഒരു മായിക ലോകം. അതായിരുന്നു അങ്കമാലിയിൽ ഫ്ലവേഴ്സ് ടിവി ഒരുക്കിയ എആർ റഹ്മാൻ ഷോ. പത്ത് വർഷങ്ങൾക്കിപ്പുറമാണ് എആർ റഹ്മാന്റെ ഒരു സംഗീത പരിപാടി കേരളത്തിൽ നടക്കുന്നതെന്നോർക്കുക. മെയ് മാസത്തിലെ പരിപാടിക്കെത്തി മഴ നനഞ്ഞ്, ചളിയിൽ കുളിച്ച് നിരാശരായി മടങ്ങിപ്പോയവരൊക്കെ വീണ്ടും കൊച്ചിയിലേക്ക് ഒഴുകിയെത്തി. എആറിന് അല്ലാതെ മറ്റാർക്കാണ് ഈ മാജിക് സാധ്യമാവുക! 6 മണിയാണ് പരിപാടിയുടെ സമയം നിശ്ചയിച്ചിരുന്നത് എങ്കിലും ഉച്ചയോടെ തന്നെ ആളുകളുടെ ഒഴുക്ക് തുടങ്ങിയിരുന്നു.

ഒരു നോക്ക് കാണാൻ അക്ഷമയോടെ

ഒരു നോക്ക് കാണാൻ അക്ഷമയോടെ

മഴ തന്ന പണി മറക്കാത്തത് കൊണ്ട് തന്നെ ഇത്തവണ ഫ്ലവേഴ്സ് പരിപാടിക്കായി തെരഞ്ഞെടുത്തത് കൊച്ചിയിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്ററുകളിൽ ഒന്നായ അഡ്ലക്സ് ആണ്.
നീണ്ട ക്യൂവിൽ നിന്നും 5 മണിയോടെ വേദിയിലേക്ക് ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങി. എആറിനെ ഒരുനോക്ക് കാണാനുള്ള അക്ഷമ എല്ലാ മുഖങ്ങളിലുമുണ്ടായിരുന്നു. വൻ സജ്ജീകരണമാണ് ഷോയ്ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ടായിരുന്നത്. ഡിജിറ്റൽ സഹായത്തോടെ ഒരുക്കിയ സ്റ്റേജും ദൃശ്യവിസ്മയങ്ങളും കാണികളെ അക്ഷരാർത്ഥത്തിൽ മറ്റൊരു ലോകത്തേക്ക് എത്തിക്കാൻ പോന്നവയായിരുന്നു.

സ്വപ്ന സമാനമായ എൻട്രി

സ്വപ്ന സമാനമായ എൻട്രി

പിന്നെ എആറിന് വേണ്ടിയുള്ള കാത്തിരിപ്പ്. ഓരോ തവണയും വേദിയിലെ വെളിച്ചം കെടുമ്പോൾ ആ മാസ്സ് എൻട്രി പ്രതീക്ഷിച്ച് ആൾക്കൂട്ടം ആർത്തിരമ്പി. ഒടുവിൽ 7 മണിയോടെ സംഗീത ചക്രവർത്തിയുടെ സ്വപ്ന തുല്യമായ വരവ്.. ഓരോ എആർ ആരാധകന്റെയും രോമം എഴുന്നേറ്റ് നിന്നു പോയ നിമിഷം. വാക്കുകൾ കൊണ്ടല്ല, അനുഭവം കൊണ്ട് മാത്രം അറിയാനാകുന്ന അനുഭൂതി. കീബോർഡിൽ അൽപ നേരം ഒരു വെടിക്കെട്ട് തീർത്ത് നേരെ പൂരത്തിലേക്ക്. ശിവാജിയിലെ ര ദീദീദി പാടി ത്രസിപ്പിക്കുന്ന തുടക്കം. എആർ മാജിക് എന്തെന്ന് നേരിട്ടറിഞ്ഞ മൂന്ന് മണിക്കൂർ നേരം.

ത്രസിപ്പിച്ച സംഗീത വിരുന്ന്

ത്രസിപ്പിച്ച സംഗീത വിരുന്ന്

കേരളത്തിലായത് കൊണ്ട് തന്നെ എആറിന്റെ സംഘത്തിലെ ഗായകരിൽ കൂടുതലും മലയാളികൾ. പാടിയതിൽ കൂടുതലും തമിഴും മലയാള ടച്ചുള്ളതുമായ ഗാനങ്ങൾ. വിരലിൽ എണ്ണാവുന്നവ മാത്രമായിരുന്നു പുതിയ ഗാനങ്ങൾ. കൂടുതലും റഹ്മാനെ സംഗീത ചക്രവർത്തിയാക്കിയ 90കളിലെ ഗാനങ്ങൾ. ഒരു തലമുറയുടെ മുഴുവൻ ഗൃഹാതുരതയോട്, പ്രണയത്തോട്, ക്യാമ്പസ് ജീവിതത്തോട് ചേർന്ന് കിടക്കുന്നവ. അതേസമയം തന്നെ പുതിയ തലമുറയെപ്പോലും ഇന്നും ത്രസിപ്പിക്കുന്ന ഗാനങ്ങൾ. പാട്ടിനൊപ്പം നൃത്തവിരുന്ന് കൂടി ആയപ്പോൾ പരിപാടി ഒന്നു കൂടി കൊഴുത്തു.

നിലയ്ക്കാത്ത കയ്യടികൾ

നിലയ്ക്കാത്ത കയ്യടികൾ

ഓരോ തവണ എആർ മൈക്ക് ചുണ്ടോട് ചേർത്തപ്പോഴും ആൾക്കൂട്ടം പൂത്തിരി പോലെ പൊട്ടിച്ചിതറി. ജാവേദ് അലി, ബെന്നി ദയാൽ, ഹരിചരൺ, അൽഫോൺസ്, ജോർജ് പീറ്റർ, ശ്വേത മോഹൻ, മിൻമിനി, നീതി മോഹൻ, ജോനിക ഗാന്ധി, റയ്ഹാന, ഇസ്രത് ഖാദ്രി തുടങ്ങിയ എണ്ണം പറഞ്ഞ ഗായകർ എആർ സംഗീതത്തിന് ആ വേദിയിൽ പുതു ജീവൻ നൽകി. ദിൽസേ രേ, ഉയിരേ, ഹ്വാജ, ചിന്ന ചിന്ന ആസൈ, ഹയ് രാമ തുടങ്ങി റഹ്മാന്റെ എക്കാലത്തേയും വലിയ ഹിറ്റുകളോരോന്നായി പാടീത്തീരുമ്പോഴും കൈയ്യടികൾ നിലയ്ക്കുന്നുണ്ടായിരുന്നില്ല.

ധന്യ മുഹൂർത്തങ്ങൾ

ധന്യ മുഹൂർത്തങ്ങൾ

എആർ റഹ്മാന് ആദ്യ ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത റോജയിലെ ചിന്ന ചിന്ന ആസൈ പാടാൻ മിന്മിനി തന്നെ വേദിയിൽ എത്തിയപ്പോൾ കാണികൾ ഉയർത്തിയ ആരവം ആ ഗായകയ്ക്കുള്ള ആദരം കൂടിയായി. പരിപാടിയുടെ ആദ്യ ദിവസം സംഗീത ഗുരുനാഥൻ കൂടിയായ എംകെ അർജുനൻ മാസ്റ്ററെ എആർ റഹ്മാൻ പൊന്നാട അണിയിച്ച് ആദരവ് അർപ്പിച്ച ധന്യ മുഹൂർത്തത്തിനും ആയിരങ്ങൾ സാക്ഷിയായി. കീബോർഡിൽ അന്നേ വിസ്മയം തീർത്ത കൊച്ചു റഹ്മാനെ കുറിച്ചുള്ള ഓർമ്മകൾ അർജുനൻ മാസ്റ്റർ പങ്കുവെച്ചതും അവിസ്മരണീയമായ നിമിഷമായി.

 വെടിക്കെട്ടും പൂരവും

വെടിക്കെട്ടും പൂരവും

എആർ റഹ്മാൻ ഒരു പക്ഷേ ആദ്യമായിട്ടാവും തന്റേതല്ലാത്ത ഒരു ഗാനം ഷോയിൽ അവതരിപ്പിക്കുന്നത്. മലയാളികൾ നെഞ്ചേറ്റിയ സംഗീതകാരൻ, റഹ്മാന്റെ പിതാവ് കൂടിയായ ആർകെ ശേഖറിന്റെ 'മനസ്സ് മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ' എന്ന ഗാനം ശ്വേത മോഹൻ ആലപിക്കുമ്പോൾ എആർ തന്റെ കീബോർഡിൽ വിരലുകളോടിച്ച് പാതിയടഞ്ഞ കണ്ണുകളുമായി ഇരിക്കുന്ന രംഗം അവിടെക്കൂടിയ ഒരാളും മറക്കാനിടയില്ല. പരിപാടി അവസാനിപ്പിക്കാറായി എന്ന സൂചന നൽകി 'നിർത്തിയാലോ' എന്ന് ഒരു തവണ റഹ്മാൻ ചോദിച്ചപ്പോൾ കാണികൾ 'നോ'യെന്ന് അലറി വിളിച്ചു. മുഖത്തൊരു പുഞ്ചിരിയോടെ വീണ്ടും എആർ വെടിക്കെട്ട് തുടർന്നു.

ഇത് റഹ്മാൻ മാജിക്

ഇത് റഹ്മാൻ മാജിക്

പരിപാടിയുടെ അവസാന മണിക്കൂറുകളിലാണ് വേദിക്ക് യഥാർത്ഥത്തിൽ തീപിടിച്ചത്. ഊർവ്വശി ഊർവ്വശി, അന്ത അറബിക്കടലോരം, മുസ്തഫ മുസ്തഫ തുടങ്ങി ഒരു കാലത്തെ യുവത്വത്തെ ലഹരി പിടിപ്പിച്ച ഗാനങ്ങൾ അവസാനത്തേക്ക് കരുതിയത് വെറുതെ ആയില്ല. സീറ്റുകളിൽ നിന്നും ചാടിയെഴുന്നേറ്റ് കാണികൾ നൃത്തം വെച്ച് തുടങ്ങി. കസേരയ്ക്ക് മുകളിൽ കയറിയായിരുന്നു പലരുടേയും പ്രകടനം. ഓരോ വരിയും അവർ എആറിനൊപ്പം പാടി. ആരാധകരെ റഹ്മാൻ തനിക്കൊപ്പം പാടിപ്പിക്കുകയും ചെയ്തു. ആവേശം ഉച്ഛസ്ഥായിയിൽ.. ഇന്ന് ലോകത്ത് ലഭ്യമായിട്ടുള്ള ഒരു മയക്ക് മരുന്നിനും, ആറാം തമ്പുരാൻ ജഗന്നാഥന്റെ ഭാംഗിന് പോലും തരാനാവാത്ത ലഹരി.. വിശേഷിപ്പിക്കാൻ ഒരൊറ്റ വാക്ക് മാത്രം- റഹ്മാൻ മാജിക്.

റോക്കറ്റ് പോലെ മണിക്കൂറുകൾ

റോക്കറ്റ് പോലെ മണിക്കൂറുകൾ

മൂന്ന് മണിക്കൂർ കടന്ന് പോയത് റോക്കറ്റ് വേഗത്തിലായിരുന്നു. കേരളത്തിന്റെ ആവേശം റഹ്മാനേയും ആവേശഭരിതനാക്കി. എല്ലാ വേദിയിലും, ഓരോ നേട്ടത്തിലും റഹ്മാൻ ആവർത്തിക്കുന്ന ആ വാചകം വീണ്ടും- എല്ലാ പുകഴും ഇരൈവനക്ക്.. ഒപ്പം കാണികളോട് ഒരു ആവശ്യവും- ഇതുപോലുള്ള സംഗീത പരിപാടികൾ സംഘടിപ്പിക്കുന്നത് വേണ്ടിയൊരു സ്ഥിരം സംവിധാനമൊരുക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കണമെന്ന്. കേരളത്തിലെ ജനങ്ങൾ അതർഹിക്കുന്നുണ്ട് എന്ന് കൂടി പറഞ്ഞപ്പോൾ സംഗീത പ്രേമികൾക്ക് അത് അമൂല്യമായ അംഗീകാരം കൂടിയായി.

ഇതല്ല മലയാളി അർഹിക്കുന്നത്

ഇതല്ല മലയാളി അർഹിക്കുന്നത്

കൺവെൻഷൻ സെന്ററിൽ സംഗീതത്തിന് എന്ത് കാര്യമെന്ന് ഒരു ചെറുചിരിയോടെ റഹ്മാൻ ചോദിച്ചത് വേദിയെക്കുറിച്ചുള്ള ചെറിയ അതൃപ്തി കൂടി പ്രകടമാക്കുന്നതായിരുന്നു. ആദ്യം തൃപ്പൂണിത്തുറ ഇരുമ്പനത്ത് തുറന്ന മൈതാനത്തായിരുന്നു പരിപാടി നടത്താനുദ്ദേശിച്ചിരുന്നത്. എന്നാൽ മഴയെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ഒന്നുമെടുക്കാതിരുന്നതിനാൽ വേദി ചളിക്കുളമാവുകയും പരിപാടി ജൂൺ 23, 24 തിയ്യതികളിലേക്ക് മാറ്റി വെയ്ക്കുകയുമായിരുന്നു. ലോകമറിയുന്ന സംഗീതകാരന്റെ പരിപാടി കണ്ടത്തിൽ സംഘടിപ്പിച്ചതിന് ഫ്ലവേഴ്സ് ചാനൽ ഏറെ പഴി കേൾക്കുകയും ചെയ്തു.

ശ്രീകണ്ഠൻ നായർക്ക് കൂവൽ

ശ്രീകണ്ഠൻ നായർക്ക് കൂവൽ

വീണ്ടും പരിപാടി സംഘടിപ്പിച്ചുവെങ്കിലും പഴയ കയ്പ്പേറിയ അനുഭവം മറക്കാറായിട്ടില്ലാത്തതിനാൽ, ചാനൽ മേധാവി ആർ ശ്രീകണ്ഠൻ നായർ സ്റ്റേജിലെത്തിയപ്പോൾ ആളുകൾ കൂവലുകളോടെയാണ് വരവേറ്റത്. ആദ്യത്തെ പരിപാടി പൊളഞ്ഞതിനെക്കുറിച്ച് ശ്രീകണ്ഠൻ നായർ തന്നെ പരാമർശിച്ചതോടെ കൂവൽ ഇരട്ടിയായി. എആർ റഹ്മാൻ ഷോ തങ്ങൾ നടത്താതിരിക്കാൻ ചിലർ പരിശ്രമിച്ചുവെന്നും സർക്കാർ സംവിധാനങ്ങളെ പോലും അതിന് കൂട്ടുപിടിച്ചുവെന്നും ശ്രീകണ്ഠൻ നായർ ആരോപിച്ചു. എന്നാൽ റഹ്മാൻ തന്നെ പരിപാടി രണ്ട് ദിവസങ്ങളിലായി അവതരിപ്പിക്കാൻ തയ്യാറാണെന്ന് പറയുകയായിരുന്നുവെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു. എന്തായാലും രണ്ട് ദിവസത്തെ റഹ്മാൻ ഷോ വൻ വിജയമായതോടെ പഴയ നാണക്കേടിൽ നിന്നും ഫ്ളവേഴ്സ് ടിവി രക്ഷപ്പെട്ടിരിക്കുകയാണ്.

ചിത്രങ്ങൾ- പ്രമോദ് ഗംഗാധരൻ

English summary
Flowers TV conducted AR Rahman Show again at Angamali turns a big success
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X