ആറന്മുള വിമാനത്താവളം നിയമക്കുടുക്കില്‍
കൊച്ചി: ആറന്മുള വിമാനത്താവളം നിര്‍മിക്കുന്നതിന് നിയമ തടസ്സങ്ങള്‍ ഒന്നും ഇല്ല എന്ന കെജിഎസ് ഗ്രൂപ്പിന്റെ വാദം തെറ്റാണെന്ന് വാര്‍ത്ത. ആറന്മുളയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മാതൃഭൂമി ന്യൂസ് ചാനലാണ് വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്.
ആറന്മുളയിലെ വിമാന താവള നിര്‍മാണവുമായി ബന്ധപ്പെട്ട് കേസുകള്‍ ഒന്നും ഇപ്പോള്‍ നിലവില്‍ ഇല്ല എന്നാണ് കെജിഎസ് ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ 2013 ഒക്ടോബര്‍ 18 നാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് ഹൈക്കോടിയുടെ ഇടക്കാല ഉത്തരവ് നിലവില്‍ വരുന്നത്. അടുത്ത ഉത്തരവ് വരുന്നത് വരെ ഇടക്കാല ഉത്തരവ് പ്രാബല്യത്തില്‍ ഉണ്ടായിരിക്കും എന്നും വ്യക്തമാണ്.

ആറന്‍മുളയില്‍ വിമാനത്താവളം നിര്‍മിക്കാന്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയും അന്തിമ അനുമതി നല്‍കിയത്. ഇത് ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചചകള്‍ക്കും വഴിവച്ചിരുന്നു. വിമാനത്താവള നിര്‍മാണത്തിന് നിയമ തടസ്സങ്ങള്‍ ഒന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെജിഎസ് ഗ്രൂപ്പ് പിടിച്ചു നിന്നത്. പ്രദേശത്തെ മിച്ച ഭൂമി സംബന്ധിച്ച പ്രശ്‌നം ഇപ്പോഴും കോടതിയുടെ പരിഗണനയില്‍ ആണ്. എന്നാല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ഉടന്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളത്തിന് മിച്ച ഭൂമി പ്രശ്‌നത്തില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചതും വിവാദമായിട്ടുണ്ട്.
ആറന്മുളയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്ന് ഹൈക്കോടതിയുടെ ഉത്തരവ് പരിഗണിക്കാതെയാണ് ഇപ്പോള്‍ വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ ഉത്തരവിനെ കുറിച്ച് പരിസ്ഥിതി മന്ത്രാലയത്തിനെ ബോധ്യപ്പെടുത്തേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിന് ആയിരുന്നുവെന്നും പറയപ്പെടുന്നു.












Click it and Unblock the Notifications