ആറന്മുള "നാഥനില്ലാ കളരിയായിരുന്നു, മുൻ എംഎൽഎ ഒരു ഫണ്ട് പോലും ചിലവഴിച്ചിട്ടില്ല';മറുപടിയുമായി അബിൻ വർക്കി
ആറന്മുള മണ്ഡലത്തിലെ എംഎൽഎ ഫണ്ട് വിനിയോഗം സംബന്ധിച്ച് എംഎൽഎ അബിൻ വർക്കിയും മുൻ എംഎൽഎ വീണ ജോർജും തമ്മിലുള്ള വാക്ക്പോര് മുറുകുന്നു. കഴിഞ്ഞ ദിവസം അബിൻ്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി വീണ ജോർജ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കിട്ടിരുന്നു. ഇപ്പോഴിതാ തൻ്റെ വാക്കിൽ ഉറച്ച് നിൽക്കുകയാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് എംഎൽഎ.
2021 മുതൽ 26 വരെ ആറന്മുള "നാഥനില്ലാ കളരിയായിരുന്നു ". സാധാരണക്കാരന് വേണ്ട വികസന പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

'കഴിഞ്ഞ ദിവസം മുൻ ആറന്മുള എംഎൽഎയുടെ ആസ്തി വികസന ഫണ്ടുമായി ബന്ധപ്പെട്ട് എനിക്ക് ലഭിച്ച വിവരാവകാശ രേഖ പ്രകാരം കുറച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു. അതിൽ പൂർണ്ണമായും അടിയുറച്ചു നിൽക്കുന്നു. 2021- 2026 സാമ്പത്തിക വർഷത്തിൽ ആറന്മുള എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ല എന്നുള്ള വിവരാവകാശ രേഖ ഇതിനോടകം വാർത്താ സമ്മേളനം നടത്തി പുറത്തുവിട്ടിട്ടുണ്ട്.
2021-22 കാലഘട്ടത്തിൽ എംഎൽഎക്ക് ലഭിച്ചിരുന്ന ആസ്തി വികസന ഫണ്ട് കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ഒരു കോടി രൂപയായിരുന്നു. ഇതിൽ ഒരു രൂപ പോലും പ്രൊപ്പോസ് ചെയ്യാൻ ശ്രീമതി. വീണാ ജോർജിന് സാധിച്ചിട്ടില്ലന്നാണ് വിവരാവകാശ രേഖ ചൂണ്ടിക്കാണിക്കുന്നത്.
അതോടൊപ്പം 2022-23ലെ സ്പെഷ്യൽ ഡെവലപ്മെന്റ് ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ലഭിച്ചെങ്കിലും ഒരു രൂപ പോലും പ്രൊപ്പോസ് ചെയ്യാനോ ഭരണാനുമതി ലഭിക്കാനോ സാഹചര്യമുണ്ടായിട്ടില്ല എന്നത് ഗൗരവതരമാണ്.
ഇത്തരത്തിൽ 2021 മുതൽ 2026 വരെയുള്ള വർഷങ്ങളിൽ ഒരു എംഎൽഎക്ക് ലഭിച്ച 26 കോടി രൂപയിൽ 25 കോടി രൂപയും ചിലവഴിച്ചിട്ടില്ല എന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.
അതേ സമയം, 2026 മാർച്ച് മാസത്തിൽ ,നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നു കൊല്ലത്തെ പ്രൊപ്പോസലുകൾ ഒന്നിച്ചു നൽകാനും ഭരണാനുമതി ലഭിക്കുന്നതിനും വേണ്ടിയിട്ടുള്ള ഒരു പ്രത്യേക അനുമതി സംസ്ഥാന സർക്കാർ ആറന്മുള നിയോജകമണ്ഡലം എംഎൽഎക്ക് കൊടുക്കുകയുണ്ടായി. ഇങ്ങനെ കുറെയധികം പ്രൊപ്പോസലുകൾ നൽകിയിരുന്നെങ്കിലും അതിനൊന്നും ഭരണാനുമതിയും ലഭിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട രേഖയും ഈ പോസ്റ്റിനോടൊപ്പം ചേർക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഇതിനു മറുപടിയായി കേവലം വിരലിലെണ്ണാവുന്ന രണ്ടുമൂന്നു റോഡുകളുടെ പേര് സൂചിപ്പിച്ച് ഇതൊക്കെ താൻ പൂർത്തിയാക്കിയ പദ്ധതികളാണെന്ന് അവകാശപ്പെട്ട് മുൻ എംഎൽഎയുടെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടിരുന്നു. ആ റോഡുകളുടെ യഥാർത്ഥ അവസ്ഥ പരിശോധിച്ചപ്പോൾ ടി റോഡുകൾ പണി തുടങ്ങിയിട്ടില്ല, ഇല്ലെങ്കിൽ അത് പൂർത്തിയായിട്ടില്ല, അതുമല്ലെങ്കിൽ ബില്ലുകൾ മാറിയിട്ടില്ല എന്ന അവസ്ഥയിലാണ്. പല റോഡുകളുടെയും പണി പോലും തുടങ്ങിയിട്ടില്ല എന്നത് ഇതോടൊപ്പം ചേർക്കുന്ന ചിത്രങ്ങളിൽ നിന്ന് വ്യക്തമാകും.
. 2021 മുതൽ 26 വരെ ആറന്മുള "നാഥനില്ലാ കളരിയായിരുന്നു ". സാധാരണക്കാരന് വേണ്ട വികസന പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല. നടന്നു എന്ന് പറയുന്ന വികസന പ്രവർത്തനങ്ങൾ വഴിയില്ലാതെ നിർമ്മാണം തുടങ്ങാനാകാത്ത ഇലന്തൂർ കോളേജും , കെട്ടിയിട്ടും വെള്ളക്കെട്ട് ആയത് കാരണം നമ്പർ ഇടാൻ പറ്റാത്ത സിപാസ് കോളേജ് കെട്ടിടവും , കൊട്ടിഘോഷിക്കപ്പെട്ട കയറാനും ഇറങ്ങാനും വഴിയില്ലാത്ത അബാൻ മേൽ പാലവുമാണ് എന്നുള്ളത് പത്തനംതിട്ടക്കാർക്ക് മുഴുവൻ അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ ഈ ഇരുണ്ട കാലഘട്ടത്തെ പറ്റി നിയമപരമായ രേഖ കിട്ടിയപ്പോൾ പുറത്തു വിടുക മാത്രമാണ് ഞാൻ ചെയ്തത്. യാതൊരു തരത്തിലുള്ള വ്യക്തി അധിക്ഷേപവും ഇതിനകത്തില്ല.
* ഇടപ്പരിയാരം മുക്കോട് റോഡ്- ഞാൻഎംഎൽഎ ആയ ശേഷം പ്രവർത്തി പൂർത്തിയാക്കാനുള്ള ഇടപെടൽ നടത്തിവരുന്നു
* കുമ്പഴ കോന്നി വെട്ടൂർ റോഡ് - നിർമ്മാണം ഇതുവരെയും ആരംഭിച്ചിട്ടില്ല, റീകാസ്റ്റ് ചെയ്ത് നിർമ്മാണത്തിന് ശ്രമിക്കുന്നു.
* മൂലൂർ റോഡ് - എംഎൽഎ ആയി ചുമതലയേറ്റെടുത്ത ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ പരിശ്രമിക്കുന്നു.
* ഉളനാട് പണിൽ റോഡ് - ഇതുവരെയും നിർമ്മാണം ആരംഭിച്ചിട്ടില്ല, റീടെൻഡർ നടത്തി നിർമ്മാണത്തിന് ശ്രമിക്കുന്നു
* താഴുമ്പൽ പാലാ പറമ്പിൽ റോഡ് - രണ്ടാഴ്ച മുമ്പ് ഫിസിക്കൽ കംപ്ലീഷൻ നടത്താൻ സാധിച്ചു.
കോഴഞ്ചേരി പാലത്തിൽ ലൈറ്റ് സ്ഥാപിക്കാൻ അനുവദിച്ച തുക തടഞ്ഞു എന്ന തരത്തിൽ മുൻ എംഎൽഎയുടെ പ്രചാരണം ശ്രദ്ധയിൽ പെട്ടിരുന്നു.
എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് 99 ലക്ഷം രൂപ കോഴഞ്ചേരി പാലത്തിൻ്റെ ലൈറ്റ് ഇടുന്നതിലേക്കായി പ്രൊപ്പോസ് ചെയ്തിരുന്നു.എന്നാൽ ഞാൻ എംഎൽഎ ആയ ശേഷം കിഫ്ബി, പിഡബ്ലുഡി അധികൃതരുമായി സംസാരിച്ചതിൽ നിന്ന് പാലം നിർമ്മാണത്തിന് ശേഷം ഒരു കോടി രൂപ ബാലൻസ് വരുമെന്ന് വ്യക്തമാവുകയും, ഈ തുക പാലത്തിൻ്റെ അനുബന്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചില്ലെങ്കിൽ അസാധുവായി പോകും എന്ന് മനസ്സിലാക്കി ആ തുക ലൈറ്റ് ഇടുന്നതിലേക്കായി ഉപയോഗപ്പെടുത്തുകയും, ആസ്തി വികസന ഫണ്ടിലെ ഒരു കോടി രൂപ നിയോജക മണ്ഡലത്തിലെ മറ്റ് വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്യും.
ഒരിക്കൽ കൂടി പറയുന്നു 2021 മുതൽ 2026 വരെയുള്ള വർഷങ്ങളിൽ പൂർണ്ണമായും നാഥനില്ലാ കളരിയായും, വികസന മുരടിപ്പും ഫണ്ടുകളുടെ ദുർവിനിയോഗവുമാണ് ആറന്മുള നിയോജകമണ്ഡലത്തിൽ ഉണ്ടായത് എന്നത് വ്യക്തമാണ്


Click it and Unblock the Notifications
