അച്ഛന്‍ വരേണ്ടിയിരുന്ന ചടങ്ങ്; ഉദ്ഘാടനം ചെയ്ത് നടക്കാന്‍ ഞാന്‍ ആരുമല്ല; ഉദ്ഘാടനച്ചടങ്ങിനെത്തിയ ആരതി പറഞ്ഞത്
ഇന്ത്യയുടെ ആത്മാവിനേറ്റ വലിയ മുറിവായിരുന്നു ഏപ്രില്‍ 22ന് ഉണ്ടായ പഹല്‍ഗാം ഭീകരാക്രമണം. അതിര്‍ത്തി കടന്നെത്തിയ ഭീകരരുടെ ക്രൂരതയില്‍ 26 നിരപരാധികളുടെ ചോരയാണ് കാശ്മീരിലെ പഹല്‍ഗാം താഴ്‌വരയില്‍ വീണത്. പുല്‍മേട്ടില്‍ മരിച്ചു വീണവരുടെയും അവര്‍ക്കു വേണ്ടി വിലപിച്ച കുടുംബാംഗങ്ങളുടെയും ദൃശ്യങ്ങള്‍ ഇന്ത്യന്‍ ജനതയുടെ മനസിലെ മായാത്ത മുറിവായി മാറി.
അന്നത്തെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാളാണ് കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍. മകള്‍ ആരതിയുടെ മുന്നില്‍ വച്ചാണ് രാമചന്ദ്രന്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചത്. അച്ഛന്‍ തന്റെ കൈകളില്‍ കിടന്ന് മരിച്ചുവെന്ന് തിരിച്ചറിഞ്ഞ മകള്‍ വലിയ വേദന നെഞ്ചിലേറ്റിയാണ് കുഞ്ഞുങ്ങളുടെ കൈപിടിച്ച് അവിടെ നിന്ന് രക്ഷപ്പെട്ടത്.

നാട്ടിലെത്തിയ ശേഷമുള്ള ആരതിയുടെ അനുഭവങ്ങളും അവര്‍ പ്രകടിപ്പിച്ച മനോധൈര്യവും അവിശ്വസനീയതയോടെയാണ് കേരള ജനത കേട്ടിരുന്നത്. അച്ഛന്‍ ഭീകരാക്രമണത്തില്‍ മരിച്ച വിവരം നാട്ടില്‍ എത്തുന്നതു വരെ ആരതി അമ്മയെ അറിയിച്ചില്ല. അച്ഛന്‍ മരിച്ചതിന്റെ എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി കാശ്മീരില്‍ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടി ക്രമങ്ങള്‍ അടക്കം പൂര്‍ത്തിയാക്കി. പിന്നീട് സംസ്‌കാരച്ചടങ്ങില്‍ എല്ലാ സങ്കടങ്ങളും അണപൊട്ടിയൊഴുകിയ ആരതിക്കൊപ്പം കേരളത്തിലെ ജനങ്ങളും കണ്ണീരൊഴുക്കി.
അച്ഛന്റെ മരണത്തിലും അസാമാന്യ ധൈര്യം പ്രകടിപ്പിച്ച ആരതിയെ ഭാരതത്തിന്റെ ധീരപുത്രി എന്നാണ് എല്ലാവരും വിശേഷിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ആരതിയെ പ്രശംസിച്ചു. ഇപ്പോഴിതാ കുടുംബവുമായി ഏറ്റവും അടുപ്പമുള്ള വ്യക്തി ആരംഭിച്ച സ്ഥാപനം ഉദ്ഘാടനം ചെയ്തത് ആരതിയാണ്. എന്നാല്‍ ആരതി സ്ഥാപനം ഉദ്ഘാടനം ചെയ്യുന്ന വീഡിയോയുടെ താഴെ വിമര്‍ശനവുമായി പതിവു പോലെ ചിലരെത്തി. മകള്‍ സെലിബ്രിറ്റിയായി എന്ന രീതിയിലാണ് ആക്ഷേപ കമന്റുകള്‍.
എന്നാല്‍ താന്‍ എന്തിന് ഈ സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ സമ്മതിച്ചു എന്നതിന് ആരതിക്ക് വ്യക്തമായ മറുപടിയുണ്ട്. ആരതിയുടെ വാക്കുകള്‍: ഞാനിന്നു വന്നത് അച്ഛനു വേണ്ടിയാണ്. ഒരു മാസം മുന്‍പാണ് ഈ പരിപാടി നടന്നിരുന്നതെങ്കില്‍ അച്ഛന്‍ ഇവിടെ ഉണ്ടാകുമായിരുന്നു. അങ്ങനെയെങ്കില്‍ ഈ ഉദ്ഘാടനത്തിന് ഞാന്‍ വരേണ്ട കാര്യമില്ലായിരുന്നു. ഞാനിന്നു വന്നത് അച്ഛനു വേണ്ടിയാണ്. അച്ഛന്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ട്. വിനോദ് അങ്കിളിന്റെ ഒരു നല്ല കാര്യം നടക്കുമ്പോള്‍ അച്ഛന്റെ സാന്നിധ്യം വേണമെന്ന് തോന്നി. ഇങ്ങനെ ഉദ്ഘാടനം ചെയ്തു നടക്കാന്‍ ഞാന്‍ ആരുമല്ല. ഏപ്രില്‍ 21 വരെ ഞാന്‍ നിങ്ങളെപ്പോലെ ഒരാള്‍ മാത്രമായിരുന്നു.
ആരതിയെക്കാളും വലിയൊരു ഹീറോയിനെ ഞാന്‍ കണ്ടിട്ടില്ല എന്നാണ് സ്ഥാപനത്തിന്റെ ഉടമയായ വിനോദ് പറഞ്ഞത്. ആണായാലും പെണ്ണായാലും കൈക്കാര്യം ചെയ്യാന്‍ പറ്റാത്ത ഒരു സിറ്റുവേഷനെ ധൈര്യത്തോടെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്ത ആളാണ് ആരതി. ബ്രേവ് ഹാര്‍ട്ട് എന്നാണ് ഞാന്‍ നോട്ടീസില്‍ ആരതിയുടെ പേരിനൊപ്പം ചേര്‍ത്തിരിക്കുന്നതെന്നും വിനോദ് പറഞ്ഞു.












Click it and Unblock the Notifications