ചൂരൽമലയും മുണ്ടക്കൈയും വാസയോഗ്യമോ?; വിദഗ്ധ സംഘം ഇന്ന് വയനാട്ടിലേക്ക്, അപകടസാധ്യതകൾ വിലയിരുത്തും
വയനാട് മേപ്പാടി പഞ്ചായത്തിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസംഘം ഇന്ന് (ഓഗസ്റ്റ് 13) പരിശോധിക്കും. ദുരന്തപ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലേയും അനുബന്ധ മേഖലകളിലേയും അപകടസാധ്യതകൾ സംഘം വിലയിരുത്തും. ദുരന്തം എങ്ങനെയാവാം നടന്നതെന്നും ഉരുൾപൊട്ടലിൽ എന്തെല്ലാം പ്രതിഭാസങ്ങളാണു സംഭവിച്ചതെന്നും സംഘം വിലയിരുത്തും. വിദഗ്ധ പരിശോധനക്കുശേഷം റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കും.
പ്രദേശത്തെ അനുയോജ്യമായ ഭൂവിനിയോഗവും വിദഗ്ധസംഘം ശുപാർശ ചെയ്യും. 2005ലെ ദുരന്തനിവാരണ അതോറിട്ടി നിയമം 24(എച്ച്) പ്രകാരമായിരിക്കും സംഘം പ്രവർത്തിക്കുക. സെന്റർ ഓഫ് എക്സലൻസ് ഇൻ വാട്ടർ റിലേറ്റഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (സി.ഡബ്ല്യൂ.ആർ.എം.) പ്രിൻസിപ്പൽ സയന്റിസ്റ്റും മേധാവിയുമായ ഡോ: ടി.കെ.ദൃശ്യ, സൂറത്ത്കൽ എൻഐടി അസോസിയേറ്റ് പ്രൊഫസർ ഡോ. ശ്രീവൽസ കൊളത്തയാർ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ താരാ മനോഹരൻ, കേരള ദുരന്തനിവാരണ അതോറിട്ടി ഹസാർഡ് ആൻഡ് റിസ്‌ക് അനലിസ്റ്റ് പി. പ്രദീപ് എന്നിവരാണ് വിദഗ്ധസംഘത്തിലുള്ളത്.

തിങ്കളാഴ്ച നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹവും 3 ശരീരഭാഗങ്ങളുമാണ് കണ്ടെടുത്തത്. നിലമ്പൂര്‍ മേഖലയില്‍ നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹവും ഒരു ശരീരഭാഗവും വയനാട്ടിലെ കാന്തന്‍പാറയ്ക്ക് സമീപത്തെ ആനടിക്കാപ്പില്‍ നിന്നും രണ്ട് ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 231 മൃതദേഹങ്ങളും 205 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് നിലമ്പൂരില്‍ നിന്നും ഒരു മൃതദേഹം കണ്ടെത്തിയിരുന്നു.
എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ്, പോലീസ്, വനംവകുപ്പ് തുടങ്ങിയ സേനാവിഭാഗങ്ങൾ തെരച്ചിലിന് നേതൃത്വം നല്‍കി. 236 സന്നദ്ധ സേവകരാണ് തിങ്കളാഴ്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ തെരച്ചിലിനായി ചൂരല്‍മല കണ്‍ട്രോള്‍ റൂമില്‍ രജിസ്റ്റര്‍ ചെയ്തത്. പ്രധാനമായും മുണ്ടക്കൈയിലെയും ചൂരല്‍മല പ്രദേശങ്ങളിലായിരുന്നു സന്നദ്ധ പ്രവര്‍ത്തകരെ തെരച്ചിലിനായി നിയോഗിച്ചത്. ചൂരല്‍മല പാലത്തിന് താഴെ ഭാഗത്ത് വനത്തിലൂടെ ഒഴുകുന്ന പുഴയുടെ തീരങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന മുന്നേറി. അത്യധികം ദുഷ്‌കരമായ മേഖലയില്‍ വനപാലകരും വിവിധ സേനവിഭാഗങ്ങളും പ്രദേശം പരിചയമുള്ള സന്നദ്ധ സേവകരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്.
മലപ്പുറം ജില്ലയിലെ ചാലിയാറില്‍ വിശദമായ തെരച്ചില്‍ ഇന്നും തുടരും.
മുണ്ടേരി ഫാം മുതല്‍ പരപ്പാന്‍പാറ വരെയുള്ള അഞ്ചു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പരിശോധനകള്‍ പൂര്‍ത്തിയാക്കുക. എന്‍.ഡി.ആര്‍.എഫ്, അഗ്നിരക്ഷാ സേന, സിവില്‍ ഡിഫന്‍സ് സേന, പോലീസ്, വനംവകുപ്പ് സേനകള്‍ അടങ്ങുന്ന 60 അംഗ സംഘമാണ് ഇവിടെ തെരച്ചിലിന് നേതൃത്വം നല്‍കുന്നത്. വൈദഗ്ധ്യം ആവശ്യമായതിനാല്‍ ചാലിയാര്‍ പുഴ കേന്ദ്രീകരിച്ചുള്ള തെരച്ചിലിലിന് സന്നദ്ധ പ്രവര്‍ത്തകരെ അനുവദിച്ചിരുന്നില്ല.












Click it and Unblock the Notifications