സപ്ലൈകോ ക്രിസ്മസ് ന്യൂ ഇയര്‍ ഫെയറുകള്‍ വെറും പ്രഹസനമോ? സാധനമില്ലാതെ ഉദ്ഘാടനവും മുടങ്ങി
തിരുവനന്തപുരം: സപ്ലൈകോ ആരംഭിച്ച ക്രിസ്മസ് ന്യൂ ഇയര്‍ ചന്തകളില്‍ സബ്സിഡി ഉല്‍പന്നങ്ങള്‍ പകുതി പോലുമില്ല. സബ്സിഡിയുള്ള 13 ഉല്‍പന്നങ്ങളില്‍ നാലെണ്ണം മാത്രമാണ് ആറ് ജില്ലകളില്‍ ആരംഭിച്ച ഫെയറുകളിലുള്ളത്. ഇതോടെ വിലക്കിഴിവ് പ്രതീക്ഷിച്ച് എത്തിയ ജനങ്ങള്‍ നിരാശരായി മടങ്ങി. പഞ്ചസാര ഒഴികെയുള്ള മുഴുവന്‍ ഉല്‍പന്നങ്ങളും 23 ന് മുന്‍പ് എത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
നിലവില്‍ കടലയും മല്ലിയും ചെറുപയറും വെളിച്ചെണ്ണയും മാത്രമാണ് വിലക്കുറവില്‍ ഫെയറിലുള്ളത്. ഇതില്‍ തന്നെ വെളിച്ചെണ്ണയ്ക്ക് പൊതുവിപണിയിലേതിനേക്കാള്‍ വിലയാണെന്ന പരാതിയും ചിലയിടത്തുണ്ട്. അതിനിടെ സബ്‌സിഡി സാധനങ്ങളില്ലാത്തതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധത്തിൽ തൃശൂരിലെ ക്രിസ്മസ് ചന്ത ഉദ്ഘാടനം മുടങ്ങുകയും ചെയ്തു.

പ്രതിഷേധത്തെ തുടർന്ന് ഉദ്ഘാടകനായ മേയർ എംകെ വർഗീസും എം എൽ എ പി ബാലചന്ദ്രനും ചടങ്ങ് പൂർത്തിയാക്കാതെ മടങ്ങി. വലിയ പ്രതീക്ഷയോടെയാണ് സ്‌പ്ലൈകോയുടെ ചന്തയിലെത്തിയതെന്നും എന്നാൽ ഉദ്ഘാടന ദിവസം തന്നെ സാധനങ്ങളില്ലാത്തത് അംഗീകരിക്കാനാവില്ലെന്നും നാട്ടുകാർ പറഞ്ഞു.
സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ക്രിസ്തുമസ് - ന്യൂ ഇയർ ഫെയറുകൾക്ക് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നടന്ന ചടങ്ങിൽ ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഫെയറുകൾ ഉദ്ഘാടനം ചെയ്തു. പൊതുവിപണിയിൽ സർക്കാർ നടത്തുന്നതു ശ്രദ്ധേയ ഇടപെടലുകളാണെന്നും മന്ത്രി പറഞ്ഞു.
വിവിധ നിത്യോപയോഗ സാധനങ്ങൾ ന്യായവിലയ്ക്കു നൽകാൻ സർക്കാരിനു കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കിടെയും ജനക്ഷേമ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ ആവശ്യത്തിന് സാധനങ്ങള്‍ എത്താതിരുന്നതോടെ വിപണി പ്രഹസനമായെന്നാണ് ആരോപണം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലാണ് സ്‌പെഷ്യൽ ക്രിസ്തുമസ് - ന്യൂ ഇയർ ഫെയറുകൾ സംഘടിപ്പിക്കുന്നത്. കൊല്ലം സപ്ലൈകോ ഡിപ്പോ പരിസരത്തും, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തിലും, കോട്ടയം നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന്റെ പാർക്കിങ് ഗ്രൗണ്ടിലും, എറണാകുളം ശിവക്ഷേത്രം മൈതാനത്തും, തൃശ്ശൂർ കൊച്ചിൻ ദേവസ്വം പള്ളിത്താമം മൈതാനത്തുമാണ് മറ്റ് സപ്ലൈകോ ജില്ലാ ഫെയറുകൾ സംഘടിപ്പിക്കുക. രാവിലെ 10 മുതൽ വൈകിട്ട് എട്ടുവരെ ഫെയറുകൾ പ്രവർത്തിക്കും. ഡിസംബർ 25ന് ഫെയർ അവധിയായിരിക്കും.












Click it and Unblock the Notifications