'ഹൈക്കോടതിയേക്കാൾ വലിയ വിധികർത്താക്കളാണോ? ക്ഷമക്കും ഒരു അതിരുണ്ട്', ഇനി കോടതിയിൽ കാണാമെന്ന് എംബി രാജേഷ്
മാതൃഭൂമി പത്രത്തിന് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുൻ മന്ത്രി എംബി രാജേഷ്. ഹൈക്കോടതി വിധിക്ക് ശേഷവും ഭാര്യയുടെ നിയമനം സംബന്ധിച്ച് പച്ചക്കള്ളം വാർത്തയായി നൽകുകയും വ്യക്തിഹത്യ നടത്തുകയുമാണെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എംബി രാജേഷ് തുറന്നടിക്കുന്നു.
മാതൃഭൂമിയും ചിലരും ചേർന്ന് നടത്തുന്ന വ്യക്തിഹത്യക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും തനിക്കെതിരെ ആസൂത്രിത ഗൂഢാലോചനയാണ് നടക്കുന്നതെന്നും എംബി രാജേഷ് ആരോപിച്ചു.
എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്: 'മാതൃഭൂമീ ക്ഷമക്കും ഒരതിരുണ്ട്. ഇനി കോടതിയിൽ കാണാം. മാതൃഭൂമി ക്രിമിനൽ ഗൂഢാലോചന നടത്തുകയാണ്. എന്നോടുള്ള രാഷ്ട്രീയ വിരോധം മൂലം കുടുംബത്തെ തന്നെ നശിപ്പിക്കാനാണ് ആ പത്രത്തിലെ ചില നികൃഷ്ട ജീവികൾ ചില സാമൂഹിക വിരുദ്ധർക്കൊപ്പം ഗൂഢാലോചന നടത്തുന്നത്. റാങ്ക് ലിസ്റ്റ് അട്ടിമറിച്ചാണ് എം ബി രാജേഷിൻ്റെ ഭാര്യക്ക് നിയമനം നൽകിയതത്രേ. നിയമനം അനധികൃതമാണത്രേ. ആണോ? എന്നാൽ പത്രാധിപർ കോടതിയിൽ തെളിയിക്ക്. നിയമനങ്ങളെല്ലാം ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ശരിവെച്ചാലും നുണ ആവർത്തിക്കുകയോ? ഹൈക്കോടതിയേക്കാൾ വലിയ വിധികർത്താക്കളാണോ ഇവർ?

മിനിഞ്ഞാന്നു നൽകിയ വാർത്തയും അതിലെ നുണകൾ പലതും നിലനിൽക്കില്ലെന്നു വന്നപ്പോൾ ഇന്ന് മാറ്റം വരുത്തി നൽകിയ വാർത്തയും ഗൂഢാലോചനയിൽ നിന്നുണ്ടായതാണ്. ഒരു സാമൂഹിക വിരുദ്ധന് വിരോധമുള്ളവരെ അപമാനിക്കാനുള്ള ആയുധമായി ഈ പത്രത്തിലെ ചിലർ നിന്നു കൊടുക്കുമ്പോൾ ചോദിക്കാനും പറയാനും അവിടെ ആളും നാഥനുമില്ലാതായി.
മാതൃഭൂമിയും ചിലരും ചേർന്ന് നടത്തുന്ന വ്യക്തിഹത്യക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ലഭ്യമായ രേഖകളെല്ലാം അഭിഭാഷകർക്ക് കൈമാറി. മാനനഷ്ടക്കേസ് മാത്രമല്ല, അതിനൊപ്പം മറ്റു ചില നിയമനടപടികളുമായിക്കൂടി മുന്നോട്ടു പോകാനാവും എന്നാണ് നിയമോപദേശം.ആസൂത്രിത ഗൂഡാലോചനയിലൂടെ ബോധപൂർവ്വം പച്ചക്കള്ളം വാർത്തയായി നൽകുക. അതിലൂടെ സൈബറാക്രമണത്തിനുള്ള ആയുധം യു ഡി എഫ് സൈബർ ക്രിമിനലുകൾക്ക് നൽകുക. ആ ഉദ്ദേശ്യം നടന്നു കഴിഞ്ഞാൽ ആദ്യ വാർത്തയിൽ പറഞ്ഞ കള്ളങ്ങൾ പതുക്കെ വിഴുങ്ങുക എന്നതാണ് വ്യക്തിഹത്യയുടെ ആസൂത്രിത രൂപം. ഗൂഢാലോചന വാർത്തയിൽ മാത്രം ഒതുങ്ങുന്നില്ല. വാർത്ത മാത്രമല്ല, പുറത്തു നിന്ന് വളയമില്ലാത്ത ചാട്ടമാണ്. എത്ര ചാടുമെന്ന് കാണാം.
ഈ ക്രൂരമായ വ്യക്തിഹത്യ സഹിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. ക്ഷമിക്കുന്നതിന് ഒരു പരിധിയുണ്ട് . 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്തെ ദുരാരോപണമാണ് മാതൃഭൂമി വീണ്ടും ആവർത്തിച്ചത്. ഹൈക്കോടതി നിയമനങ്ങൾ ശരിവെച്ച് മൂന്നുകൊല്ലത്തിനു ശേഷവും. അന്ന് ചിലർ ഉയർത്തിയ മറ്റൊരു നീചമായ ആരോപണം വാളയാർ കേസുമായി ബന്ധപ്പെട്ടായിരുന്നു. സിബിഐ കുറ്റപത്രം സത്യം പുറത്തുകൊണ്ടുവന്നപ്പോഴാണ് അപവാദപ്രചാരകർ ഗത്യന്തരമില്ലാതെ നിർത്തിയത്. പക്ഷേ ഞാൻ കൊടുത്ത മാനഷ്ടക്കേസ് ഇപ്പോൾ വിചാരണ ഘട്ടത്തിലാണ്.
നിയമനത്തിൻ്റെ പേരിലെ വ്യക്തിഹത്യക്കെതിരെയും അന്ന് തന്നെ നിയമനടപടിക്ക് ഒരുങ്ങിയതാണ്. ആവശ്യമായ നിർണായക വിവരങ്ങളെല്ലാം കയ്യിലെത്തിയപ്പോഴേക്കും സ്പീക്കറായി. ഉന്നത ഭരണഘടനാ പദവിയിലുള്ള സ്പീക്കർ ഒരു നിയമനടപടിക്കു കോടതി കയറിയിറങ്ങുന്നതിൻ്റെ അനൗചിത്യം ഒഴിവാക്കാൻ വേണ്ടി മാത്രമാണ് അന്ന് കേസ് നൽകാതിരുന്നത്. അന്ന് അതിന് നേതൃത്വം നൽകിയവർ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ വ്യക്തിഹത്യ നിർത്തുകയും ചെയ്തു.
അക്കൂട്ടത്തിലെ ഒരുവൻ മാത്രമാണിപ്പോൾ വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നത്. കാലടി സമരമാണ് ഇപ്പോഴത്തെ കാരണം. യു ഡി എഫിനു വേണ്ടിയാണിത്. പക്ഷേ അയാളെ പൂർണ്ണമായി വിശ്വസിക്കാനാവില്ല എന്നറിയാവുന്നതിനാൽ മാതൃഭൂമി ഒഴികെ മറ്റാരും കൂടെ കൂടിയില്ല. അതിനാലാണ് മാതൃഭൂമിക്കും അവരുടെ കൂട്ടാളിക്കുമെതിരെ നിയമ നടപടി സ്വീകരിക്കുന്നത്.
പിൻകുറിപ്പ്:നിയമത്തിനപ്പുറം ചാടിയ ഒരു ആപ്പീസറുമുണ്ട് ഗൂഢാലോചനയിൽ. ഒന്നും ആർക്കും മനസ്സിലാവില്ലെന്നു കരുതരുത്. ഭരണസ്വാധീനം കൊണ്ട് രക്ഷപ്പെടാം എന്നും കരുതണ്ട. വളയമില്ലാതെ ചാടാൻ ഉപദേശിച്ച ശശികുമാരൻ തന്നെ നിയമപരിരക്ഷ നൽകുമെന്ന് ആപ്പീസർ ഉറപ്പാക്കുന്നതു നന്നാവും'.


Click it and Unblock the Notifications
