സ്വർണവില കുറയുന്നത് കണ്ട് വാങ്ങി വെയ്ക്കുന്നുണ്ടോ? ഇക്കാര്യം അറിയണം..സാമ്പത്തിക വിദഗ്ധൻ പറയുന്നു
സ്വർണവില കുറയുന്നത് കണ്ട് ആവശ്യമില്ലാതെ വാങ്ങി സൂക്ഷിക്കേണ്ട കാര്യമില്ലെന്ന് പ്രമുഖ കമ്മോഡിറ്റി എക്സ്പെർട്ട് അനിൽ കുമാർ. മാത്രമല്ല ആഭരണങ്ങൾക്ക് പകരം ഡിജിറ്റൽ സ്വർണനിക്ഷേപങ്ങളിലേക്ക് മലയാളികൾ മാറിച്ചിന്തിക്കേണ്ട കാലം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. എകണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
'സ്വർണവില കുറയുന്നത് കണ്ട് ആവശ്യമില്ലാതെ വാങ്ങിക്കുന്ന ആൾക്കാരുണ്ട്. ഈ സമയത്ത് വാങ്ങാതിരുന്നാൽ അവസരം നഷ്ടമാകുമോ എന്നൊക്കെയാണ് ആളുകളുടെ ഭയം. പക്ഷെ അങ്ങനെ വാങ്ങുന്നത് ഒട്ടും ഗുണകരമല്ല.ഈ സമയത്ത് ആളുകൾ അനാവശ്യമായിട്ട് സ്വർണാഭരണങ്ങളും വാങ്ങി വെയ്ക്കുന്നുണ്ട്. അതും അത്ര ലാഭകരമല്ല. മറ്റ് സാധ്യകകൾ പരിശോധിക്കണം. വേണമെങ്കിൽ ഇടിഎഫിൽ നമ്മുക്ക് പണം നിക്ഷേപിക്കാം. ഇലക്ട്രോണിക് ഗോൾഡ് റസീറ്റ് സംവിധാനമുണ്ട് അതിൽ നിക്ഷേപിക്കാം. സ്വർണാഭരണം വാങ്ങുമ്പോൾ പണിക്കൂലിയും ജിഎസ്ടയുമെല്ലാം നമ്മുക്ക് നഷ്ടമാണ്.

ആഭരണങ്ങൾ വാങ്ങുന്നതൊക്കെ വൈകാരിമായാണ് നമ്മൾ കാണുന്നത്. പക്ഷെ ഇപ്പോഴത്തെ പുതിയ കാലത്തെ കുട്ടികൾ സ്വർണം മാറി പ്ലാറ്റിനം, ഡയമണ്ട്, 18 കാരറ്റ് ആഭരണങ്ങൾ എന്നിവയിലേക്കെല്ലാം പോകുന്നുണ്ട്. ഒന്നാലോചിക്കേണ്ടത് സ്വർണം വാങ്ങുമ്പോൾ നിങ്ങൾ ലക്ഷങ്ങളും ആയിരങ്ങളുമൊക്കെ നൽകണം. എന്നാൽ ഇടിഎഫിലേക്കൊക്കെ പോകുമ്പോൾ അത്രയും ചെലവാകുന്നില്ല. അതായത് സുരക്ഷിതമായി തന്നെ നിങ്ങളുടെ പണം ഡിമാറ്റ് ഫോർമാറ്റിൽ സൂക്ഷിക്കാം.
അന്താരാഷ്ട്ര വിപണിയിൽ വില കുറയുമ്പോഴും ഇന്ത്യയിൽ വില അത്ര കുറയില്ല. അതിന് പ്രധാന കാരണം നമ്മൾ സ്വർണം ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതി ചെയ്യുമ്പോഴുള്ള ചെലവ് ഇവിടെ ബാധിക്കും. ഡോളർ ഇൻഡക്സിൽ വരുന്ന മാറ്റം നമ്മുടെ വിലയെ സ്വാധീനിക്കും. രൂപയുടെ മൂല്യം കുറഞ്ഞാൽ ആ ആഘാതവും ഇറക്കുമതി ചെലവും ജിഎസ്ടിയും പണിക്കൂലിയും എല്ലാം സ്വർണത്തെ ബാധിക്കുന്നതാണ്.
അടുത്തിടെ നാഷ്ണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഒരു ഇജിആർ എന്ന സംവിധാനം നടപ്പാക്കിയിട്ടുണ്ട്. അതായത് ഇലക്ട്രോണിക് ഗോൾഡ് റസീപ്റ്റ്. അതിൻ്റെ ഗുണം എന്താണെന്ന് വെച്ചാൽ രാജ്യത്ത് 60 വോൾട്ടുകളാണ് അവർ ആരംഭിച്ചത്. ഇടിഎഫ് വാങ്ങുന്നതിനേക്കാൾ ഇത് വാങ്ങുമ്പോഴുള്ള മെച്ചം എന്താണെന്ന് വെച്ചാൽ ഇടിഎഫ് വൈകീട്ട് 3.30 മണി വരെയാണ് നമ്മുക്ക് ട്രേഡ് ചെയ്യാൻ സാധിക്കുക. അതേസമയം ഇജിആർ രാത്രി 11.55 വരെ ട്രേഡ് ചെയ്യാം. അതായത് ജ്വല്ലറികളിൽ പോയാലും രാത്രി 9 മണിക്ക് അപ്പുറത്ത് നമ്മുക്ക് സ്വർണം വാങ്ങാൻ കഴിയില്ല. അവിടെയാണ് ഇത്തരത്തിലൊരു സാധ്യത.
സ്വർണം ഇത്തരത്തിൽ വാങ്ങിയാലും പണത്തിന് ആവശ്യം വരുമ്പോൾ പെട്ടെന്ന് തന്നെ വിറ്റ് പണമാക്കാൻ സാധിക്കും. എങ്ങനെയാണെന്ന് വെച്ചാൽ ഇവരുടെ വോൾട്ടിൽ നമ്മൾ നമ്മുടെ ഓർണമെൻ്റ്സ് കൊടുക്കുന്നു. അവർ ഒരു ടോക്കണൊക്കെ വെച്ചിട്ട് നമ്മുടെ ഡീമാറ്റ് അക്കൌണ്ടിലേക്ക് മാറ്റിത്തരും. ഇപ്പോഴത്തെ അവസ്ഥയിൽ സ്വർണം സൂക്ഷിക്കുകയെന്നത് വളരെ അധികം അപകടം പിടിച്ച അവസ്ഥയാണ്. അത് വീട്ടിലാണെങ്കിലും ബാങ്കിലാണെങ്കിലും. ഇജിആറായി സ്വർണം വാങ്ങുമ്പോൾ അത്തരത്തിലുള്ള ആശങ്കകൾ ഒന്നുമില്ല'.


Click it and Unblock the Notifications
