സ്വർണം വിൽക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടോ? ചതി പറ്റരുത്, ഇക്കാര്യങ്ങൾ സൂക്ഷിക്കണം
സ്വർണ വില പിടിച്ചാൽ കിട്ടാത്ത തരത്തിൽ മുകളിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണ്. വില കുറച്ചെങ്കിലും കുറഞ്ഞിട്ട് വേണം വിവാഹ ആവശ്യങ്ങൾക്കും മറ്റുമുളള സ്വർണം വാങ്ങാൻ എന്ന് കരുതി കാത്തിരിക്കുന്നവർക്ക് കനത്ത തിരിച്ചടി നൽകിയാണ് വിലയിലെ ഈ കുതിപ്പ്. ഇങ്ങനെ പോയാൽ ദിവസങ്ങൾക്കുളളിൽ തന്നെ പവൻ വില 2 ലക്ഷത്തിലേക്ക് എന്ന കാര്യത്തിൽ സ്വർണവ്യാപാരികൾക്ക് സംശയമില്ല.
ഇന്ന് ആരും പ്രതീക്ഷിക്കാത്ത തരത്തിലാണ് സ്വർണവിലയിൽ വൻ കുതിപ്പ് ഉണ്ടായത്. ഒരു ദിവസം കൊണ്ട് എട്ടായിരത്തിന് മുകളിലാണ് പവൻ വില കൂടിയത്. ഇതോടെ ആളുകൾ കയ്യിലുളള സ്വർണം വിൽക്കാനുളള തത്രപ്പാടിലുമാണ്. സ്വർണം വിൽക്കുന്നത് ഈ സമയത്ത് സൂക്ഷിച്ച് വേണം എന്ന മുന്നറിയിപ്പ് നൽകുകയാണ് സ്വർണ വ്യാപാരിയായ അരുൺ മാർക്കോസ്.
സീ മലയാളത്തിന് നൽകിയ പ്രതികരണത്തിൽ നിന്ന്: '' നിലവിലെ സാഹചര്യത്തില്‍ വിലയില്‍ ഇത്ര വലിയ കുതിപ്പ് സ്വര്‍ണവിലയില്‍ സംഭവിക്കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ഒരു ദിവസം തന്നെ ഒരു ഗ്രാമിന് ആയിരത്തിന് മുകളിലാണ് വില കൂടിയത്. സാധാരണഗതിയില്‍ ഒരു ദിവസം രണ്ട് തവണയൊക്കെ വില കൂടിയപ്പോഴും ഗ്രാമിന് 500 രൂപയോട് അടുത്തുളള വര്‍ധനവേ ഉണ്ടായിട്ടുളളൂ. ഇപ്പോഴുളള വര്‍ധനവ് അപ്രതീക്ഷിതമാണ്.

നിരവധി പേരാണ് സ്വര്‍ണം വില്‍ക്കാനായി വരുന്നത്. വാങ്ങാനായി വരുന്നവര്‍ കുറവാണ്. സ്വര്‍ണവില ഇത്തരത്തില്‍ വലിയ മാറ്റത്തിലേക്ക് പോകുന്നത് വ്യാപാരം മാന്ദ്യത്തിലേക്ക് പോകാന്‍ കാരണമാകും. ആളുകള്‍ക്ക് വീടുപണി ആവശ്യത്തിനോ സ്ഥലം വാങ്ങാനോ ഒക്കെയായിട്ട് സ്വര്‍ണം വിറ്റ് പണമാക്കാനാണ് നോക്കുന്നത്.
സ്വര്‍ണവില നിലവില്‍ ഒരു പവന് 1,31,160 രൂപയാണ്. വില്‍ക്കുമ്പോഴും അതിനോട് അടുത്ത തുക തന്നെ ലഭിക്കും. ഇതോടെ ആളുകള്‍ കയ്യിലുളള സ്വര്‍ണം വിറ്റ് പണമാക്കി മാറ്റി അവരുടെ കാര്യങ്ങള്‍ നടത്താനാണ് ശ്രമിക്കുന്നത്. ഈ സമയത്ത് ജനങ്ങള്‍ കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി വേണം സ്വര്‍ണം വില്‍ക്കാനായി ഓരോ സ്ഥാപനങ്ങളിലേക്ക് ചെല്ലാന്‍.
വില ഇത്രയും കയറി നില്‍ക്കുന്നത് കൊണ്ട് കുറേ ആളുകള്‍ ചൂഷണത്തിന് ഇരയാകുന്നുണ്ട്. മാത്രമല്ല വ്യാജ സ്വര്‍ണം വില്‍ക്കുന്ന സംഘങ്ങളും സജീവമായിട്ടുണ്ട്. കോട്ടയത്തെ ഒരു ജ്വല്ലറിയില്‍ 50 വയസ്സിന് മുകളില്‍ പ്രായമുളള ഒരു സ്ത്രീ വള വില്‍ക്കുന്നതിനായി വന്നു. സംശയം തോന്നി വള കട്ട് ചെയ്തപ്പോള്‍ ഉളളില്‍ സ്വര്‍ണം അല്ലായിരുന്നു, വേറെ ലോഹം ആയിരുന്നു. അത് വേറെ ആരോ കൊടുത്ത് വിട്ടതാണ് എന്നൊക്കെ പറഞ്ഞ് അവര്‍ ഒഴിവായി പോകുന്ന സാഹചര്യമായിരുന്നു.
നിങ്ങളുടെ ഫോട്ടോ എടുക്കുമെന്നും ഇനി ഇത്തരത്തില്‍ ചെയ്താല്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യും എന്ന് ആ വ്യാപാരിക്ക് പറയേണ്ടി വന്നു. ഇത്തരത്തിലുളള കാര്യങ്ങളും നടക്കുന്നുണ്ട്. ആളുകള്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലാണ്. അതുകൊണ്ട് ഇത്തരം തട്ടിപ്പുകളും നടക്കുന്നുണ്ട് എന്ന് ഓര്‍ക്കണം, അരുണ്‍ മാര്‍ക്കോസ് പറയുന്നു.












Click it and Unblock the Notifications