ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയയപ്പ് പരിപാടി റദ്ദാക്കി: രാജേന്ദ്ര വിശ്വനാഥ് ആർലേകർ 2 ന് ചുമതലയേല്‍ക്കും
തിരുവനന്തപുരം: പദവി ഒഴിയുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ശനിയാഴ്ച നല്‍കാനിരുന്ന യാത്രയയപ്പ് റദ്ദാക്കി. രാജ്ഭവന്‍ ജീവനക്കാര്‍ ഇന്ന് വൈകിട്ടായിരുന്നു ഗവര്‍ണര്‍ക്ക് യാത്രയയപ്പ് തീരുമാനിച്ചിരുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ യാത്രയയപ്പ് ഉപേക്ഷിക്കുകയായിരുന്നു.
മൻമോഹൻ സിങിന്റെ നിര്യാണത്തെ തുടർന്ന് ഡിസംബർ 26 മുതൽ ജനുവരി 1 വരെ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട് രാജ്യത്താകമാനം ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി പൊതുഭരണ വകുപ്പും ഉത്തരവിലൂടെ അറിയിച്ചു.

മറ്റന്നാള്‍ രാവിലെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് യാത്ര തിരിക്കുന്നത്. കേരള ഗവർണ്ണർ പദവിയില്‍ അഞ്ച് വർഷം പൂർത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിന്റെ ഗവർണ്ണറായിട്ടാണ് പുതുതായി നിയമിച്ചിരിക്കുന്നത്. ജനുവരി രണ്ടിന് അദ്ദേഹം ബിഹാറിന്റ പുതിയ ഗവർണ്ണറായി ചുമതലയേല്‍ക്കും.
അതേസമയം, കേരളത്തിന്റെ പുതിയ ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ പുതുവത്സര ദിനത്തിൽ കേരളത്തിലെത്തും. രണ്ടാം തിയതിയാണ് അദ്ദേഹം ഔദ്യോഗിക ചുമതല ഏറ്റെടുക്കുക. ബീഹാറിന്റെ ഗവർണർ പദവിയിൽ നിന്നാണ് 70കാരനായ ആർലെകർ കേരള ഗവർണറായി എത്തുന്നത്.
ഗോവ സ്വദേശിയായ രാജേന്ദ്ര വിശ്വനാഥ് അർലേകർ കുട്ടിക്കാലം മുതല്‍ തന്നെ ആർ എസ് എസ് അനുഭാവിയും പ്രവർത്തകനുമാണ്. 1989 ല്‍ ബി ജെ പിയില്‍ ചേർന്ന അദ്ദേഹം 1990 മുതല്‍ സംസ്ഥാനത്തെ ബി ജെ പിയിലെ പ്രധാന നേതാക്കന്മാരില്‍ ഒരാളായി മാറി. 2015ൽ വനം പരിസ്ഥിതി മന്ത്രിയായും ചുമതലയേറ്റ അദ്ദേഹം ഗോവ നിയമസഭയെ ഇന്ത്യയിലെ ആദ്യ പേപ്പർ രഹിത നിയമസഭയാക്കി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ച ഭരണാധികാരിയാണ്.
2014 മനോഹർ പരീക്കർ കേന്ദ്ര പ്രതിരോധ മന്ത്രിയായപ്പോള്‍ ഗോവയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരെ അർലേകറിനെ പരിഗണിച്ചിരുന്നു. 2021 ജുലൈ 7 നാണ് ഹിമാചല്‍ പ്രദേശ് ഗവർണ്ണായി അദ്ദേഹത്തെ രാഷ്ട്രപതി നിയമിക്കുന്നത്. പിന്നീട് അദ്ദേഹത്തെ ബിഹാറിലേക്ക് മാറ്റി. കടുത്ത ആർ എസ് എസ് പശ്ചാത്തലമുള്ള രാജേന്ദ്ര വിശ്വനാഥ് അർലേകറിനെ കേരള ഗവർണ്ണറായി നിയമിച്ചതില്‍ ബി ജെ പിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന വിലയിരുത്തലും ശക്തമാണ്.












Click it and Unblock the Notifications