ആശങ്കപ്പെട്ടത് സംഭവിച്ചു..!! തമിഴ്‌നാട്ടിലെ റേഷന്‍ കട തകര്‍ത്ത് അരിക്കൊമ്പന്‍
ചെന്നൈ: ചിന്നക്കനാലില്‍ നിന്ന് കാടുമാറ്റിയ അരിക്കൊമ്പന്‍ തമിഴ്‌നാട്ടില്‍ ഭീതി വിതക്കുന്നു. അരിക്കൊമ്പന്‍ ഇന്നലെ അര്‍ധരാത്രിയോടെ തമിഴ്‌നാട്ടിലെ മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കട തകര്‍ക്കാന്‍ ശ്രമിച്ചു. റേഷന്‍ കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തെങ്കിലും അരി എടുക്കാനായില്ല. ഇതോടെ അരിക്കൊമ്പന്‍ വനത്തിലേക്ക് തന്നെ തിരിച്ചുപോവുകയും ചെയ്തു. തകരഷീറ്റ് കൊണ്ടായിരുന്നു ഇവിടത്തെ റേഷന്‍ കടയുടെ ജനല്‍ മറച്ചിരുന്നത്. ഇത് കൊമ്പ് കൊണ്ട് കുത്തിപ്പൊളിച്ചിട്ടുണ്ട്.
മേഘമലയില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെയാണ് മണലാര്‍ എസ്‌റ്റേറ്റ്. ഈ എസ്‌റ്റേറ്റിനോട് ചേര്‍ന്നിട്ടുള്ള വനമേഖലയിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അരിക്കൊമ്പന്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി തമിഴ്‌നാട് വനമേഖലയില്‍ തന്നെയായിരുന്നു അരിക്കൊമ്പന്‍ ചുറ്റിത്തിരിഞ്ഞിരുന്നത്. മേഘമലയിലെ കറുപ്പസ്വാമി എന്നയാളുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിന് സമീപത്തെ വനമേഖലയില്‍ ആയിരുന്നു അരിക്കൊമ്പന്‍.

കേരളത്തിലെ ചിന്നക്കനാലില്‍ നിരവധി റേഷന്‍ കടകള്‍ അരിക്കൊമ്പന്‍ തകര്‍ത്തിട്ടുണ്ട്. അരിയാണ് ഇഷ്ടഭക്ഷണം. ഇതിനാലാണ് അരിക്കൊമ്പന്‍ എന്ന പേര് വീണത്. നിരവധി പരാതികള്‍ ഉയര്‍ന്നതിന് ശേഷമാണ് അരിക്കൊമ്പനെ വനം വകുപ്പ് ചിന്നക്കനാലില്‍ നിന്ന് മാറ്റിയത്. റേഡിയോ കോളര്‍ ഘടിപ്പിച്ച അരിക്കൊമ്പന്റെ നീക്കങ്ങള്‍ വനം വകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു.
എന്നാല്‍ പലപ്പോഴും ഉള്‍വനത്തില്‍ സിഗ്നല്‍ ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. തമിഴ്‌നാട് വനമേഖലയിലേക്ക് കടന്നതിന് പിന്നാലെ അവിടെ അരിക്കൊമ്പന്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കുമോ എന്ന ആശങ്കയിലായിരുന്നു വനം വകുപ്പ്. അതേസമയം മേഘമല എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കു താമസിക്കാന്‍ നിര്‍മിച്ചിരുന്ന കെട്ടിടം അരിക്കൊമ്പന്‍ ഇടിച്ചു തകര്‍ത്തെന്ന് എസ്റ്റേറ്റിലെ കാവല്‍ക്കാരന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇക്കാര്യം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നില്ല. അരിക്കൊമ്പന്‍ ഈ ഭാഗത്ത് തുടരുന്നതിനാല്‍ മേഘമലയിലേക്ക് സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്നു അരിക്കൊമ്പന്‍. ഏപ്രില്‍ അവസാനത്തോടെയാണ് അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തുറന്ന് വിട്ടത്.
12 ഓളം പേരെ കൊന്നിട്ടുള്ള അരിക്കൊമ്പന്‍ ചിന്നക്കനലാലിലെ ജനവാസ മേഖലയില്‍ വലിയ നാശനഷ്ടമാണ് സൃഷ്ടിച്ച് കൊണ്ടിരുന്നത്. നിരവധി തവണ റേഷന്‍ കടകളും അരിക്കൊമ്പന്‍ തകര്‍ത്തിട്ടുണ്ട്. ചിന്നക്കനാലിലേക്ക് തന്നെ അരിക്കൊമ്പന്‍ തിരിച്ചെത്താനുള്ള സാധ്യത വനം വകുപ്പ് നേരത്തെ കണ്ടിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അരിക്കൊമ്പന്‍ തമിഴ്‌നാട് വനാതിര്‍ത്തിയില്‍ തന്നെ തുടരാനാണ് സാധ്യത.
അതേസമയം അരിക്കൊമ്പന്റെ നിരീക്ഷണത്തിനായി 40 പേരടങ്ങുന്ന സംഘത്തെ തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ നിയോഗിച്ചിട്ടുണ്ട്. മേഖലയില്‍ ജനങ്ങള്‍ രാത്രിയാത്ര ഒഴിവാക്കണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അരിക്കൊമ്പന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് പെരിയാര്‍ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.












Click it and Unblock the Notifications