അരിക്കൊമ്പന്റെ ചെലവ് വഹിക്കാമോ, കേരള സര്‍ക്കാര്‍ കടത്തിലാണെന്ന് കോടതി, സാബുവിന്റെ ഹര്‍ജി തള്ളി
കൊച്ചി: അരിക്കൊമ്പനെ കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ ഹര്‍ജി തള്ളി. ആന ഒരു സംസ്ഥാനത്തിന്റെ ഭാഗമെന്ന് പറയാനാവില്ലെന്ന് കേരളം കോടതിയെ അറിയിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരും, കേന്ദ്ര സര്‍ക്കാരും ഒരുപോലെ ഹര്‍ജിയെ എതിര്‍ത്തു.
അരിക്കൊമ്പനെ തമിഴ്‌നാട് പിടികൂടിയാലും കേരളത്തിലെ മറ്റൊരു ഫോറസ്റ്റ് ഡിവിഷനിലേക്ക് മാറ്റണമെന്നത് അടക്കമായിരുന്നു സാബുവിന്റെ ആവശ്യങ്ങള്‍. ഹര്‍ജി തള്ളിയ കോടതി സാബുവിനെ വിമര്‍ശിക്കുകയും, പരിഹസിക്കുകയും ചെയ്തു. ഹര്‍ജിയുടെ ഉദ്ദേശശുദ്ധിയില്‍ സംശയവും കോടതി പ്രകടിപ്പിച്ചു. എന്തുകൊണ്ടാണ് ആനയെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നതെന്ന് കോടതി സാബുവിനോട് ചോദിച്ചു.

അരിക്കൊമ്പന് സംരക്ഷണമൊരുക്കുക, കേരളത്തിലേക്ക് കൊണ്ടുവരിക. ആനയ്ക്ക് ചികിത്സ ലഭ്യമാക്കുക തുടങ്ങിയ മൂന്ന് ആവശ്യങ്ങളാണ് സാബു മുന്നോട്ട് വെച്ചത്. എന്തുകൊണ്ട് ഈ ഹര്‍ജിയില്‍ കോടതിയില്‍ ഇടപെടണമെന്ന് വിശദീകരിക്കാനും സാബുവിന് സാധിച്ചിട്ടില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.
ഹര്‍ജിയുടെ സത്യസന്ധതയില്‍ സംശയം പ്രകടിപ്പിച്ച കോടതി, എന്തിനാണ് ആനയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതെന്നും ചോദിച്ചു. നിലവില്‍ ആന തമിഴ്‌നാട്ടിന്റെ വനമേഖലയിലാണ് ഉള്ളത്. തമിഴ്‌നാട് പറയുന്നത് ആനയെ ഉള്‍വനത്തിലേക്ക് അയക്കണമെന്നാണ്. തമിഴ്‌നാട്ടിലെ വനംവകുപ്പ് ആനയെ ഉപദ്രവിച്ചുവെന്നതിനും തെളിവില്ലെന്ന് കോടതി പറഞ്ഞു.
തമിഴ്‌നാട് വനംവകുപ്പ് ആനയെ സംരക്ഷിക്കാമെന്ന് അറിയിച്ചതാണ്. അങ്ങനെയുള്ള സാഹചര്യമുള്ളപ്പോള്‍ എന്തിനാണ് ആനയെ തിരികെ കൊണ്ടുവവരണമെന്ന് സാബു പറയുന്നതെന്നും കോടതി ചോദിച്ചു. ഇതിന് ശേഷമായിരുന്നു സാബു കോടതി നന്നായി പരിഹസിച്ചത്. അരിക്കൊമ്പന്റെ ചെലവ് മുഴുവന്‍ വഹിക്കുമോ എന്നും കോടതി സാബുവിനോട് ചോദിച്ചു.
കേരള സര്‍ക്കാരാണെങ്കില്‍ കടബാധ്യതയിലാണ്. അരിക്കൊമ്പന്‍ ഉള്‍ക്കാട്ടിലേക്ക് മാറ്റുന്നതിന് അടക്കമുള്ള ദൗത്യത്തിനായി സര്‍ക്കാര്‍ 80 ലക്ഷം രൂപ ചെലവഴിച്ചു. സാബു ബിസിനസില്‍ മികച്ച് നില്‍ക്കുകയല്ലേ. തമിഴ്‌നാട് സര്‍ക്കാര്‍ ആനയെ മാറ്റാന്‍ തയ്യാറായാല്‍ എല്ലാ ചെലവും സാബു വഹിക്കുമോയെന്ന് കോടതി ചോദിച്ചു
സാബു രാഷ്ട്രീയപാര്‍ട്ടി നേതാവ് കൂടിയായത് കൊണ്ട് മുഴുവന്‍ ചെലവും വഹിക്കാമല്ലോ എന്നും കോടതി സാബുവിനെ പരിഹസിച്ചു. കേരളത്തിലെ രാഷ്ട്രീയപ്രവര്‍ത്തകന് തമിഴ്‌നാട്ടില്‍ നടക്കുന്നൊരു കാര്യത്തില്‍ എന്താണിത്രതാല്‍പര്യം. രാഷ്ട്രീയ പാര്‍ട്ടി നേതാവ് കൂടിയായ സാബു ആ ഉത്തരവാദിത്തതോടെ പെരുമാറണം.
തമിഴ്‌നാട്ടിലെ കാര്യങ്ങളില്‍ പരാതിയുണ്ടെങ്കില്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, ജസ്റ്റിസ് സി ജയചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സാബുവിന്റെ ഹര്‍ജിയില്‍ എന്താണ് പൊതുതാല്‍പര്യമെന്നും കോടതി ചോദിച്ചു.












Click it and Unblock the Notifications