അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി കോടതി
കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി സിബിഐ കോടതി. കേസിൽ വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് എറണാകുളം സിബിഐ കോടതി തള്ളിയത്. കേസിൽ ഇരുവർക്കും എതിരെ കൊലപാതകം, ഗൂഢാലോചന കുറ്റമാണ് സിബിഐ ചുമത്തിയിട്ടുള്ളത്.
തങ്ങൾക്കെതിരെ തെളിവില്ലെന്നും അതിനാൽ ഗൂഢാലോചന കുറ്റം നിലനിൽക്കില്ലെന്നുമാണ് ഇരുവരും കോടതിയിൽ വാദിച്ചത്. എന്നാൽ കൊലപാതകത്തിനായി ഗൂഢാലോചന നടത്തിയതിന്റെ സാക്ഷി മൊഴികൾ ഉണ്ടെന്ന് ജയരാജൻരേയും രാഗേഷിന്റേയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും ലഭിച്ചിരുന്നുവെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. അതുകൊണ്ട് തന്നെ വിടുതൽ ഹർജി തള്ളണമെന്നും പ്രോസിക്യൂഷൻ ശക്തമായി ആവശ്യപ്പെട്ടിരുന്നു.

യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷുമടക്കമുള്ളവർ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വച്ച് യൂത്ത് ലീഗ് പ്രവർത്തകർ തടയുകയും ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഷുക്കൂർ കൊല്ലപ്പെട്ടത്. ചെറുകുന്ന് കീഴറയിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്.
വാഹനം ആക്രമിക്കപ്പെട്ട ശേഷം പി ജയരാജനേയും ടി വി രാജേഷിനേയും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചാണ് ഇരുവരും കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് സി ബി ഐ കുറ്റപത്രത്തിൽ പറയുന്നത്.












Click it and Unblock the Notifications