അരൂർ-തുറവൂർ ഉയരപ്പാത; ആദ്യ റീച്ചിലെ പണികൾ പൂർത്തിയായി; കുരുക്കഴിക്കാൻ പുതിയ പ്ലാൻ
അരൂർ-തുറവൂർ ഉയരപ്പാതയുടെ നിർമ്മാണത്തിൽ നിർണായക പുരോഗതി. പാതയുടെ ആദ്യ റീച്ചിലെ അവസാന ഗർഡറുകളുടെ മേൽത്തട്ട് കോണ്‍ക്രീറ്റിംഗ് പൂർത്തിയായി. എആർ റസിഡൻ്റസിക്ക് സമീപത്തെ 24 മുതൽ 28 വരെയുള്ള പില്ലറുകൾക്കിടയിലെ പ്രവൃത്തികളാണ് പൂർത്തീകരിച്ചത്.
110 കെവി ഹൈ-വോൾട്ടേജ് വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ വൈകിയതാണ് കോൺക്രീറ്റിംഗ് പ്രവൃത്തികളും ഗർഡർ സ്ഥാപിക്കലും വൈകാൻ കാരണമായത്. അതേസമയം വൈദ്യുതി ലൈനുകൾ ഉയർത്തി സ്ഥാപിച്ചതിന് പിന്നാലെ നാല് തൂണുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബാക്കിയുള്ള ഗർഡറുകൾ സ്ഥാപിക്കുന്നതിലെ തടസം നീങ്ങി.

മേൽത്തട്ടിലെ കോണ്‍ക്രീറ്റിംഗ് പ്രവർത്തികൾ കഴിഞ്ഞ മാസം 31 ഓടെ പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ സാങ്കേതിക കാരണങ്ങളെ തുടർന്ന് പ്രവൃത്തികൾ വൈകുകയായിരുന്നു. തുടർന്ന് ഇന്നലെയോടെ മാത്രമാണ് പണികൾ പൂർത്തീകരിക്കാനായത്. ഇതോടെ ആദ്യ റീച്ചിലെ മുഴുവൻ പ്രവൃത്തികളും പൂർത്തിയായി.
രണ്ടാമത്തെ റീച്ചിൻ്റെ നിർമ്മാണ പ്രവൃത്തനങ്ങളും അതിവേഗത്തിൽ പുരോഗമിക്കുന്നുണ്ട്. തുറവൂർ ജംഗ്ഷന്റെ തെക്കുഭാഗത്തേക്ക് നീളുന്ന 210 മീറ്റർ എലവേറ്റഡ് ഹൈവേയും 280 മീറ്റർ അപ്രോച്ച് റോഡുമാണ് നിർമ്മിക്കുന്നത്. അതിനിടയിൽ പാതയുടെ പെയിൻ്റിംഗ്, സംരക്ഷണഭിത്തികളുടെ നിർമ്മാണം, സിഗ്നലിംഗ് സംവിധാനങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളും പുരോഗമിക്കുകയാണ്.
ആലപ്പുഴ ജില്ലയിലെ അരൂർ മുതൽ തുറവൂർ വരെയുള്ള ദേശീയ പാത 66ലാണ് 13.23 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് ഹൈവെ നിർമ്മിക്കുന്നത്.
ഏകദേശം ഒമ്പത് മീറ്റർ ഉയരമുള്ള 364 തൂണുകളുള്ള ആറ് വരി എലിവേറ്റഡ് ഇടനാഴിയായാണ് പദ്ധതി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഏകദേശം 2200 കോടി രൂപയാണ് നിർമ്മാണച്ചെലവ്. പദ്ധതി ഈ വർഷം ഡിസംബറോടെ പൂർത്തിയാക്കുമെന്നായിരുന്നു നേരത്തേ ദേശീയപാത അതോറിറ്റി വ്യക്തമാക്കിയത്.
തുറവൂർ ഭാഗത്തുള്ള നിർമ്മാണങ്ങളിൽ ചെറിയ ചില മാറ്റങ്ങൾ ആവശ്യമുള്ളതിനാൽ സമയപരിധി നീട്ടി. ഗതാഗത കുരുക്ക് ഒഴിവാക്കാനായി തുരവൂർ ജങ്ഷൻ കഴിഞ്ഞ് തുറൂവൂർ ക്ഷേത്രം വരെ പാലം നീട്ടാനായി 150 മീറ്ററോളം വരുന്ന ആറ് അധിക സ്പാനുകൾ നിർമ്മിക്കാനാണ് പദ്ധതി. ആദ്യത്തെ പ്ലാൻ പ്രകാരം തിരക്കേറിയ ജങ്ഷനിൽ ഒരു വലിയ മതിലും ഒരു എക്സിറ്റ് റാമ്പുമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അത്തരത്തിൽ നിർമ്മിച്ചാൽ ഈ പ്രദേശത്തെ കുരുക്ക് കൂടുതൽ രൂക്ഷമായേക്കും. ഈ സാഹചര്യത്തിലാണ് പുതിയ സ്പാൻ കൂടി നിർമ്മിക്കാൻ തീരുമാനിച്ചത്.


Click it and Unblock the Notifications
