മകരവിളക്കിനൊരുങ്ങി ശബരിമല; സന്നിധാനത്തേക്ക് ഭക്തരുടെ തിരക്ക്
മകരവിളക്ക് മഹോത്സവത്തിനായി അയ്യന്റെ പൂക്കാവനമായ ശബരിമല ഒരുങ്ങി. മകരവിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. മരുതമനയിൽ ശിവൻകുട്ടിയാണ് ഇത്തവണ മുതൽ തിരുവാഭരണ വാഹകസംഘത്തിന്റെ ഗുരുസ്വാമി. ബുധനാഴ്ച വൈകിട്ടാണ് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന. പിന്നാലെ പൊന്നമ്പല മേട്ടിൽ മകര ജ്യോതി തെളിയിക്കും.
ഘോഷയാത്ര കടന്നുപോകുന്ന പാതയിൽ 11 സ്ഥലങ്ങളിൽ ആഭരണപ്പെട്ടികൾ തുറന്ന് ദർശനമുണ്ടാകും. കുളനട ഭഗവതിക്ഷേത്രം, ഉള്ളന്നൂർ ദേവീക്ഷേത്രം, കുറിയാനപ്പള്ളി ദേവീക്ഷേത്രം, പാമ്പാടിമൺ അയ്യപ്പക്ഷേത്രം, അയിരൂർ പുതിയകാവ് ദേവീക്ഷേത്രം, തിരുവാഭരണപ്പാറ, ഇടക്കുളം അയ്യപ്പക്ഷേത്രം, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാർ മഹാവിഷ്ണു ക്ഷേത്രം, കൊട്ടാരത്തിൽ രാജരാജേശ്വരീ മണ്ഡപം, ളാഹ വനംവകുപ്പ് സത്രം എന്നിവിടങ്ങളിലാണ് ദർശനം.

ഹൈക്കോടതി ഉത്തരവ് പ്രകാരം മകരവിളക്ക് പ്രമാണിച്ച് ശബരിമലയില്‍ നാളെയും മറ്റന്നാളും ഭക്തർക്ക് നിയന്ത്രണമുണ്ട്. നാളെ സ്പോട്ട് ബുക്കിങ് അടക്കം 40,000 പേര്‍ക്കും മകരവിളക്ക് ദിനമായ മറ്റന്നാള്‍ 35000 പേര്‍ക്കും മാത്രമേ ദർശനം അനുവദിക്കുകയുള്ളു. മകരവിളക്ക് ദിനം നിലയ്ക്കലില്‍ നിന്ന് 10 ന് ശേഷവും പമ്പയില്‍ നിന്ന്11ന് ശേഷവും തീര്‍ഥാടകരെ കടത്തിവിടൂ.
പതിനെട്ടാംപടിക്ക് മുകളിലുള്ള ഭാഗത്ത് (ഫ്ലൈ ഓവര്‍ ഉള്‍പ്പെടെ) 5000 പേരില്‍ കൂടുതല്‍ പാടില്ല. 13നും 14നും എരുമേലി വഴിയുള്ള കാനനപാതയിലൂടെ 1000 തീര്‍ഥാടകരെയും സത്രം- പുല്ലുമേടുവഴി 1500 പേരേയും മാത്രമേ അനുവദിക്കൂ. അപ്പാച്ചിമേട് -ബെയ്‌ലി ബ്രിഡ്ജ് വനപാതയിലൂടെ ആരെയും പ്രവേശിപ്പിക്കില്ല. ജനുവരി 20 ന് രാവിലെ 6 മണിയോടുകൂടി നട അടച്ച് തിരുവാഭരണവുമായി രാജപ്രതിനിധി പടി ഇറങ്ങി മടക്കയാത്ര ആരംഭിക്കും.
ഇന്നു മുതല്‍15 വരെ പമ്പയില്‍ പാര്‍ക്കിങ് അനുവദിക്കില്ല. പുല്ലുമേട്ടില്‍ ബിഎസ്എന്‍എല്‍ താല്‍ക്കാലിക മൊബൈൽ ടവർ സ്ഥാപിച്ചു. ആയിരം ബസുകള്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. 15 മുതല്‍ 18വരെ 55,000 തീര്‍ഥാടകരെ മാത്രമാകും സന്നിധാനത്തേക്ക് കടത്തി വിടുക.












Click it and Unblock the Notifications