ഗാന്ധിജിക്ക് പകരം വധിക്കപ്പെടേണ്ടത് നെഹ്‌റുവോ... ആര്‍എസ്എസ് മാസിക പറയുന്നത്
കൊച്ചി: ' ...നാഥുറാം വിനായ് ഗോഡ്‌സെയുടെ ഉന്നം തെറ്റിപ്പോയോ എന്ന് ചരിത്ര വിദ്യാര്‍ത്ഥികള്‍ വിലയിരുത്തിയാല്‍ അത് നിഷേധിക്കാന്‍ കഴിയുന്നതല്ല. വിഭജനത്തിന് കാരണക്കാരന്‍ ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു....'
ആര്‍എസ്എസിന്റെ വാരികയായ കേസരിയില്‍ അച്ചടിച്ചുവന്ന ലേഖനത്തിലെ വരികളാണ്. ലേഖനം എഴുതിയതാകട്ടെ ആര്‍എസ്എസ് നേതാവും ബിജെപി സംസ്ഥാന സമിതി അംഗവും ആയ അഡ്വ ബി ഗോപാലകൃഷ്ണനും. ആര്‍എസ്എസിന്റെ മാസികയില്‍ ആര്‍എസ്എസ് നേതാവെഴുതിയ ലേഖനം ആര്‍എസ്എസിന്റെ അഭിപ്രായം തന്നെയല്ലേ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

ആര്‍എസ്എസ് വാരികയായ കേസരിയുടെ ഒക്ടോബര്‍ 17 പുറത്തിറങ്ങിയ പതിപ്പിലെ 'ഗാന്ധിജിയെ പിന്നില്‍ നിന്ന് കുത്തിയവര്‍' എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍. ആരാണ് ഗാന്ധിയുടെ ഘാതകര്‍ എന്ന ലേഖന പരമ്പരയുടെ തുടര്‍ച്ചയാണിത്.

ഇന്ത്യ വിഭജിക്കപ്പെടാനും ഗാന്ധിജി കൊല്ലപ്പെടാനും കാരണം ജവഹര്‍ലാല്‍ നെഹ്‌റു ആണെന്നാണ് ലേഖകന്‍ വാദിക്കുന്നത്. നെഹ്‌റുവിന്റെ സ്വര്‍ത്ഥതയായിരുന്നു ഇതിന് പിന്നിലെന്നും പറയുന്നു. ഗോഡ്‌സേയുടെ വാദങ്ങള്‍ സത്യസന്ധമായി നോക്കി വിഭജനത്തിന് മുമ്പുള്ള ചരിത്രരേഖകള്‍ പരിശോധിച്ചാല്‍, നാഥുറാം വിനായക് ഗോഡ്‌സേയുടെ ഉന്നം തെറ്റിപ്പോയോ എന്ന് ചരിത്ര വിദ്യാര്‍ത്ഥികള്‍ വിലയിരുത്തിയാല്‍ അത് നിഷേധിക്കാന്‍ കഴിയില്ലെന്നാണ് ലേഖകന്‍ പറയുന്നത്.

നെഹ്‌റു വിശ്വനേതാവാകാന്‍ വെമ്പല്‍ കൊള്ളുകയായിരുന്നു. ചര്‍ച്ചിലിനോടും റൂസ് വെല്‍ട്ടിനോടും ചിയാങ് കൈഷേക്കിനോടും കാണിച്ച ആദരവും അടുപ്പവും നെഹ്‌റു ഗാന്ധിജിയോട് കാണിച്ചിരുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. ഗാന്ധിജിയുടെ സ്വപ്‌നമായിരുന്ന ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തേയും നെഹ്‌റു എതിര്‍ത്തിരുന്നതായും പറയുന്നു.

ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെയുളള രൂക്ഷ വിമര്‍ശനങ്ങളാണ് ലേഖനത്തിന്റെ ഹൈലൈറ്റ്. രാഷ്ട്ര ചിഹ്നങ്ങളില്‍ ഗാന്ധിജി ഒഴികെ ബാക്കിയെല്ലാവരേയും അപ്രസക്തമാക്കുന്നതാണ് നരേന്ദ്ര മോദി പിന്തുടരുന്ന രീതി. അത് ഒരു രാഷ്ട്രീയ തീരുമാനമാണെന്ന് തെളിയിക്കുന്നതാണ് കേസരിയിലെ ലേഖനം എന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഗാന്ധിജിയെ വധിച്ച സംഭവത്തില്‍ ആര്‍എസ്എസിന് ഒരു പങ്കുമില്ലെന്ന് വാദിക്കുന്നതാണ് ലേഖനം. ഗോഡ്‌സെ ആര്‍എസ്എസ്സുകാരനല്ലെന്നും ലേഖനത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട്.
നെഹ്‌റുവിനേക്കാള്‍ ഭേദമായിരുന്നു ഗോഡ്‌സേ എന്നും ലേഖനത്തില്‍ പറയുന്നു. മുന്നില്‍ നിന്ന് വണങ്ങിയാണ് ഗോഡ്‌സേ നിറയൊഴിച്ചത്. നെഹ്‌റു പിന്നില്‍ നിന്ന് കുത്തി, മുന്നില്‍ വണങ്ങുകയായിരുന്നുവെന്നും ലേഖകന്‍ ആരോപിക്കുന്നു.












Click it and Unblock the Notifications