'ബിജെപി= ആനമുട്ട', കേരളം പ്രതിരോധിക്കുന്നു, എങ്കിലും കരുതലോടെയിരിക്കണമെന്ന് അരുന്ധതി റോയ്
വയനാട്: ഫാസിസത്തെ പ്രതിരോധിക്കുന്നതിൽ കേരളത്തെ കുറിച്ചുളള പ്രതീക്ഷ പങ്കുവെച്ച് പ്രമുഖ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയ്. ഇതുവരെ കേരളത്തിന് ഫാസിസത്തെ തടഞ്ഞ് നിർത്താൻ സാധിച്ചിട്ടുണ്ടെന്ന് അരുന്ധതി റോയ് പറഞ്ഞു. കേരളം പ്രതിരോധമുയർത്തുമ്പോൾ ഈ നാടിനെ തകർക്കാനാണ് അവർ ശ്രമിക്കുകയെന്നും അരുന്ധതി റോയ് കൂട്ടിച്ചേർത്തു. വയനാട് സാഹിത്യോത്സവത്തിൽ 'ദി ടോക്കബിൾ ആൻഡ് അൺടോക്കബിൾ' എന്ന സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്.
അരുന്ധതി റോയിയുടെ വാക്കുകൾ ഇങ്ങനെ: ' കേരളത്തിലും ഭീതിയുടേതായ ഒരു അന്തരീക്ഷമുണ്ടെന്ന് അറിയാം. ദില്ലിയില്‍ ജീവിക്കുന്നവര്‍ക്കറിയാം, അക്രമത്തിന്റെ വ്യാപ്തി വളരെ വലുതാണ്. കൊല്ലപ്പെടാം, ആള്‍ക്കൂട്ടത്താല്‍ ആക്രമിക്കപ്പെടാം. അടുത്ത സുഹൃത്തുക്കള്‍ പലരും ജയിലിലാണ്. കേരളം ഇന്ന് വരെ അതിനെ പ്രതിരോധിച്ചിട്ടുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട എസ്എസ്എസ് മെസ്സേജ് ലഭിച്ചത് തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ നിന്നാണ്.

തന്റെ സഹോദര ഭാര്യ മെസ്സേജ് ചെയ്തത്, 'ബിജെപി= ആനമുട്ട' എന്നാണ്. തനിക്ക് വളരെ അഭിമാനം തോന്നി. ഇത്തരം പ്രതിരോധങ്ങളുണ്ടാകുമ്പോള്‍ അവര്‍ ഈ നാടിനെ തകര്‍ക്കാന്‍ ശ്രമിക്കും. നമ്മള്‍ അതിനെ നേരിടാന്‍ തയ്യാറായിരിക്കണം. കാരണം അവര്‍ വളരെ പ്രതികാര ബുദ്ധിയോട് കൂടിയുളളവരാണ്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ യോഗി ആദിത്യനാഥ് പറഞ്ഞത്, ബിജെപിക്കല്ലാതെ മറ്റേത് പാര്‍ട്ടിക്ക് വോട്ട് ചെയ്താലും യുപി കേരളം പോലെ ആയി മാറും എന്നായിരുന്നു.
അതേ, കേരളം വളരെ അപകടം പിടിച്ച സ്ഥലമാണ്. താന്‍ വരുന്നത് കോട്ടയത്ത് നിന്നാണ്. അമ്മ ഒരു സ്‌കൂള്‍ നടത്തുന്നു. അവര്‍ക്ക് 89 വയസ്സുണ്ട്. അമ്മ പോകുന്ന ആശുപത്രി തുടങ്ങിയത് അവര്‍ പഠിപ്പിച്ച കുട്ടികളാണ്. അവിടെയുളള ഡോക്ടര്‍മാരുടെ കുട്ടികള്‍ അമ്മയുടെ സ്‌കൂളില്‍ പഠിക്കുന്നു, വളരെ ഭീകരമായ അവസ്ഥയാണല്ലോ അല്ലേ. യുപി കേരളമായി മാറും എന്നൊക്കെ പറഞ്ഞ് ഭയപ്പെടുമ്പോള്‍ അതിനെ പരിഹാസത്തോടെ അല്ലാതെ എങ്ങനെയാണ് നോക്കുക, അരുന്ധതി റോയ് പറഞ്ഞു.












Click it and Unblock the Notifications