അരുവിക്കരയില്‍ കനത്ത മഴ... പോളിങ്ങും കനത്ത് തന്നെ; 50 ശതമാനം കടന്നു
തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിന് ആവേശത്തോടെ തുടക്കം. രാവിലെ ഏഴ് മണിയ്ക്കാണ് പോളിംഗ് തുടങ്ങിയത്. തുടക്കത്തില്‍ മഴ മാറി നിന്നതിനാല്‍ കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയത്. ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ 15 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു.

എന്നാല്‍ ഉച്ചയോടെ മണ്ഡലത്തില്‍ കനത്ത മഴ തുടങ്ങി. എങ്കിലും പോളിങിനെ ഇത് കാര്യമായി ബാധിച്ചിട്ടില്ല. ഉച്ചയ്ക്ക് രണ്ട് മണിവരെ 53 ശമാനം പോളിങ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പോളിങ് ബൂത്തുകളില്‍ രാവിലെ തന്നെ തിരക്കേറിയതോടെ സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും ആവേശത്തിലാണ്. ബൂത്തുകളിലെ ആള്‍ത്തിരക്ക് നല്ല ലക്ഷണമാണ് എന്ന് യു ഡി എഫ് സ്ഥാനാര്‍ഥി ശബരീനാഥന്‍ പറഞ്ഞു.

എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം വിജയകുമാറും ബി ജെ പിയുടെ ഒ രാജഗോപാലും വിജയപ്രതീക്ഷയിലാണ്. പുരുഷന്മാരാണ് രാവിലെ തന്നെ ബൂത്തുകളില്‍ എത്തി സമ്മതിദാനാവകാശം വിനിയോഗിച്ചത്. വിരലില്‍ എണ്ണാവുന്ന സ്ത്രീകള്‍ മാത്രമേ ആദ്യത്തെ അരമണിക്കൂറില്‍ വോട്ട് ചെയ്യാനെത്തിയുള്ളൂ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ 70.02 ശതമാനമായിരുന്നു പോളിങ്. ഇത്തവണ പോളിങ് ശതമാനം ഇതിലും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പോളിങ്. 154 ബൂത്തുകളാണ് ആകെയുള്ളത്. 110 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് നടക്കും. ആകെ 1,84,223 വോട്ടര്‍മാരാണ് അരുവിക്കരയില്‍ വോട്ടുകുത്തുക. ഇതില്‍ 97,535 സ്ത്രീകളും 86,688 പുരുഷന്മാരുമാണ്. കഴിഞ്ഞ തവണ 1,16,436 വോട്ടുകളാണ് പെട്ടിയില്‍ വീണത്. വോട്ടിംഗ് മെഷീനില്‍ ചിഹ്നത്തിന് പുറമെ സ്ഥാനാര്‍ത്ഥികളുടെ ചിത്രവും പതിച്ചിട്ടുള്ള ആദ്യ തിരഞ്ഞെടുപ്പാണ് അരുവിക്കരയില്‍.












Click it and Unblock the Notifications