സുലേഖയോ പീതാംബരക്കുറുപ്പോ; യുഡിഎഫില്‍ അനിശ്ചിതത്വം
തിരുവനന്തപുരം: അരുവിക്കര നിയോജക മണ്ഡലത്തില്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ യുഡിഎഫില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനുളള ചര്‍ച്ചകള്‍ അനന്തമായി നീളുകയാണ്. നേരത്തെ സ്ഥാനാര്‍ഥിയെ നിര്‍ണയിച്ച് മുന്‍തൂക്കമുണ്ടാക്കാന്‍ യുഡിഎഫ് ശ്രമം നടത്തിയിരുന്നെങ്കിലും അന്തരിച്ച കാര്‍ത്തികേയന്റെ ഭാര്യ സുലേഖ താത്പര്യം പ്രകടമാക്കാത്തതിനെ തുടര്‍ന്ന് അത് നീളുകയായിരുന്നു.
ഒരുമാസം മുന്‍പ് തന്നെ മണ്ഡലത്തില്‍ പ്രചരണം തുടങ്ങിയിരുന്ന എല്‍ഡിഎഫ് ആകട്ടെ ശക്തനായ എതിരാളിയെ മുന്നോട്ടുവെച്ചതോടെ യുഡിഎഫിലെ സ്ഥാനാര്‍ഥി നിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സഹതാപ വോട്ടില്‍ കണ്ണുനട്ട് സുലേഖയെ തന്നെ സ്ഥാാര്‍ഥിയാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഇതിനായി സോണിയാ ഗാന്ധിയെ സമീപിക്കാനും ഉമ്മന്‍ചാണ്ടി തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍, സ്ഥാനാര്‍ഥിയാകാന്‍ സുലേഖ ഇപ്പോഴും സമ്മതം മൂളിയിട്ടില്ല. സുലേഖ സ്ഥാനാര്‍ഥിയായില്ലെങ്കില്‍ പീതാംബര കുറുപ്പിനെ സ്ഥാനാര്‍ഥിയാക്കാനും നീക്കം നടക്കുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെങ്കിലും നേരത്തെ പെണ്‍വിഷയത്തില്‍ ആരോപണ വിധേയനായതിനാല്‍ പീതാംബര കുറുപ്പിനെ സ്ഥാനാര്‍ഥിയാക്കരുതെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു.
ഇരുമുന്നണിയേയും തുണച്ച ചരിത്രമാണ് അരുവിക്കരയ്ക്ക് പറയാനുളളത് അതുകൊണ്ടുതന്നെ സ്ഥാനാര്‍ഥി നിര്‍ണയം നിര്‍ണായകമാകും. അരുവിക്കരയിലെ തോല്‍വി വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനെയും ബാധിക്കുമെന്നതിനാല്‍ ഏതുവിധേനയും മണ്ഡലം നിലനിര്‍ത്താനാണ് യുഡിഎഫ് ശ്രമം. യുഡിഎഫ് തോറ്റാല്‍ അത് അഴിമതിക്കെതിരെയുള്ള ജനവിധിയായി കണക്കാക്കുമെന്നും സര്‍ക്കാരിന് ഭയമുണ്ട്.












Click it and Unblock the Notifications