'നമ്മൾ ഒന്നാണെന്ന് കാണിച്ച കൂട്ടർ', ഒരുമയുടെ രാഷ്ട്രീയത്തിന്റെ പാട്ടുമായി ആര്യ ദയാൽ, ഇടത് പ്രചാരണ ഗാനം വൈറൽ
വേനല്‍ച്ചൂടിനെ കടത്തി വെട്ടി തിരഞ്ഞെടുപ്പ് ചൂട് മൂര്‍ദ്ധന്യത്തിലെത്തി നില്‍ക്കുമ്പോള്‍ പാട്ടിലൂടെ കളം പിടിക്കുകയാണ് ഇടതുപക്ഷം. തിരഞ്ഞെടുപ്പ് കാലം വരുമ്പോള്‍ കലാപരമായ പ്രചാരണത്തില്‍ എന്നും ഒരുപടി മുന്നില്‍ നില്‍ക്കുന്ന എല്‍ഡിഎഫ് ഇക്കുറിയും പതിവ് തെറ്റിച്ചിട്ടില്ല. യുവഗായിക ആര്യ ദയാല്‍ സംഗീതം നല്‍കി പാടിയ എല്‍ഡിഎഫിന്റെ പുതിയ തിരഞ്ഞെടുപ്പ് ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
നമ്മള്‍ എന്നാണ് ഈ പ്രചാരണ ഗാനത്തിന്റെ പേര്. മലബാര്‍ ശൈലിയിലുളള പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നതും കണ്ണൂരുകാരിയായ ആര്യ ദയാല്‍ തന്നെയാണ്. നാടൻ പാട്ടിന്റെ ശൈലിയും ആധുനിക സംഗീതവും കോർത്തിണക്കിയാണ് ആര്യ ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്.

നമ്മൾ എന്ന പേരിൽ തന്നെ മലയാളികളുടെ ഒരുമ എന്ന ആശയം നിറഞ്ഞ് നിൽക്കുന്നു. കേരളത്തിന്റെ ഒത്തൊരുമയും സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും എടുത്ത് കാണിക്കുന്ന ദൃശ്യങ്ങളും ഈ ഗാനത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. ഇടതുപക്ഷത്തിന്റെ സാമൂഹിക നയങ്ങളും പൊതുജനക്ഷേമ പദ്ധതികളും ഈ ഗാനത്തിൽ പ്രതിഫലിക്കുന്നു.
വിദ്യാഭ്യാസ രംഗം, പൊതുഗതാഗതം, ടൂറിസം തുടങ്ങി വിവിധ മേഖലകളിൽ ഇടത് സർക്കാരിന് കീഴിൽ കേരളം കൈവരിച്ച നേട്ടങ്ങളെയും പാട്ടിൽ അടയാളപ്പെടുത്തുന്നു. ജാതിക്കും മതത്തിനും അതീതമായി മനുഷ്യർ ഒന്നാണെന്നും വേലി കെട്ടി വേർപെടുത്താതെ ഒന്നാണെന്ന് കാണിച്ച മനുഷ്യരുണ്ടെന്നും ഈ പാട്ട് പറയുന്നു. അതുകൊണ്ടുതന്നെ ഈ ആൽബം ഒരു പ്രചാരണ ഗാനം എന്നതിലുപരി ഒരു സാമൂഹിക സന്ദേശമായും മാറുന്നു. ഒന്നായി തന്നെ നാം തുടരുമെന്ന പ്രതീക്ഷയും തീരുമാനവും പങ്കുവെച്ചാണ് 'നമ്മൾ' അവസാനിക്കുന്നത്.












Click it and Unblock the Notifications