നിലമ്പൂരില്‍ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകും?: ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടൻ ഷൗക്കത്ത് യു ഡി എഫ് സ്ഥാനാർത്ഥിയായേക്കും. ഡി സി സി പ്രസിഡന്റ് വി എസ് ജോയിയേയും പരിഗണിച്ചിരുന്നെങ്കിലും കെ പി സി സി നേതൃതലത്തില്‍ ആര്യാടൻ ഷൗക്കത്തിന് മുന്‍തൂക്കം ലഭിക്കുകയായിരുന്നു. സ്ഥാനാർത്ഥി പട്ടിക കെ പി സി സി ഹൈക്കമാന്‍ഡിന് കൈമാറുമ്പോള്‍ അതില്‍ ആര്യാടൻ ഷൗക്കത്തിന്റെ പേര് മാത്രമായിരിക്കും ഉണ്ടാകുക. ഔദ്യോഗിക പ്രഖ്യാപനം തിങ്കാളാഴ്ച തന്നെയുണ്ടാകും.
എല്‍ ഡി എഫിലും സ്ഥാനാർത്ഥി ചർച്ചകള്‍ സജീവമാണ്. അധ്യാപകൻ പ്രൊഫസർ എം. തോമസ് മാത്യു, മുൻ ഇന്ത്യൻ ഫുട്ബോൾ താരവും കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ യു ഷറഫലി, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് പി. ഷബീർ, നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലിം, ആരോഗ്യ വകുപ്പിൽ പ്രവർത്തിക്കുന്ന ഡോ. ഷിനാസ് ബാബു, സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.എം. ഷൗക്കത്ത് എന്നിവരാണ് എല്‍ ഡി എഫിന്റെ പരിഗണനയിലുള്ളത്. ബി ജെ പി നിലമ്പൂരില്‍ സ്ഥാനാർത്ഥിയെ നിർത്തിയേക്കില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

അന്‍വറിന്റെ രാജി
നിലമ്പൂർ എംഎൽഎയായിരുന്ന പിവി അൻവർ എം എല്‍ എ സ്ഥാനം രാജിവെച്ചതിനെ തുടർന്ന് നടക്കുന്ന തിരഞ്ഞെടുപ്പ് യു ഡി എഫ്, എല്‍ ഡി എഫ് മുന്നണികള്‍ക്കെന്ന പോലെ പിവി അന്‍വറിനും നിർണ്ണായകമാണ്. യു ഡി എഫ് പ്രവേശനത്തിനായി പിവി അന്‍വർ സമ്മർദ്ദം ചെലുത്തിയിരുന്നെങ്കില്‍ തല്‍ക്കാലം അദ്ദേഹത്തെ സഹകരിപ്പിക്കാനാണ് മുന്നണി തീരുമാനം.
2016, 2021 തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന്റെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച അൻവർ ആര്യാടൻ ഷൗക്കത്തിനെയും (2016) വി വി പ്രകാശിനെയുമാണ് (2021) പരാജയപ്പെടുത്തിയിരുന്നത്. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെയും മറ്റു ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് അൻവർ എൽ ഡി എഫ് വിട്ട അദ്ദേഹം ആദ്യം ഡി എം കെ രൂപീകരിക്കുകയു പിന്നീട് തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) ചേരുകയുമായിരുന്നു. ടി എം സിയില്‍ ചേരുന്നതിന് മുന്നോടിയായി എം എല്‍ എ സ്ഥാനം രാജിവെച്ച അദ്ദേഹം യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
വോട്ടെടുപ്പ് ജൂണ്‍ 19 ന്
ജൂൺ 19നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഗസറ്റ് വിജ്ഞാപനം തിങ്കളാഴ്ച പുറത്തിറക്കും. വോട്ടെണ്ണൽ ജൂൺ 23 തിങ്കളാഴ്ചയാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂൺ 2 തിങ്കളാഴ്ചയും നാമനിർദേശ പത്രിക കളുടെ സൂക്ഷ്മ പരിശോധന തീയതി ജൂൺ 3 ചൊവ്വാഴ്ചയും നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 5 വ്യാഴാഴ്ചയും ആയിരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു കേൽക്കർ പറഞ്ഞു.
സ്വതന്ത്രവും നീതിയുക്തവും വിശ്വസനീയവുമായ തിരഞ്ഞെടുപ്പുകളുടെ അടിത്തറയിൽ പുതുക്കിയ ശുദ്ധമായ വോട്ടർ പട്ടികയായതിനാൽ അതിന്റെ ഗുണനിലവാരം, ആരോഗ്യം, വിശ്വസ്തത എന്നിവ മെച്ചപ്പെടുത്തുന്നതിൽ തീവ്രവും സുസ്ഥിരവുമായ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും ചീഫ് ഇലക്ഷൻ കമ്മീഷൻ പറഞ്ഞു.
1950 ലെ ജന പ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 14-ൽ ഇലക്ഷൻ നിയമങ്ങൾ (ഭേദഗതി) നിയമം 2021 ൽ ഭേദഗതി ചെയ്തതിനുശേഷം, ഒരു വർഷത്തിൽ വോട്ടറായി ചേരുന്നതിന് നാല് യോഗ്യതാ തീയതികൾ എന്ന വ്യവസ്ഥയനുസരിച്ച്, 2025 ഏപ്രിൽ 1 യോഗ്യതാ തീയതിയായി പരാമർശിച്ച് കമ്മീഷൻ ഇലക്ടറൽ റോളിന്റെ പ്രത്യേക സംഗ്രഹ പരിഷ്‌കരണം നടത്തിയിട്ടുണ്ട്. അതിൽ യോഗ്യരായ പൗരന്മാരിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.
2025 ഏപ്രിൽ 1 യോഗ്യതാ തീയതിയായി വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള തീയതിയായി നിശ്ചയിച്ചു. വോട്ടർ പട്ടികകളുടെ പ്രത്യേക സംഗ്രഹ പരിഷ്‌കരണം സമയബന്ധിതമായി പൂർത്തിയാക്കിയ ശേഷം, വോട്ടർ പട്ടികയുടെ അന്തിമ പ്രസിദ്ധീകരണം 2025 മെയ് 5 ന് നടന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതിക്ക് 10 ദിവസം മുമ്പ് വരെ ലഭിക്കുന്ന അപേക്ഷകളിൽ, അടുത്ത യോഗ്യതാ തീയതിയുമായി ബന്ധപ്പെട്ട്, നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി വരെ വോട്ടർ പട്ടിക തുടർച്ചയായി പുതുക്കുന്ന പ്രക്രിയ തുടരും.
എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഉപതിരഞ്ഞെടുപ്പിൽ ഇവിഎമ്മുകളും വിവിപാറ്റുകളും ഉപയോഗിക്കാൻ കമ്മീഷൻ തീരുമാനിച്ചു. ആവശ്യത്തിന് ഇവിഎമ്മുകളും വിവിപാറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്, കൂടാതെ ഈ മെഷീനുകളുടെ സഹായത്തോടെ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. വോട്ടറുടെ പ്രധാന തിരിച്ചറിയൽ രേഖ ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ് (EPIC) ആയിരിക്കും. എന്നിരുന്നാലും ആധാർകാർഡ് ഉള്‍പ്പെടേയുള്ള മറ്റ് തിരിച്ചറിയല്‍ കാർഡുകളും പരിഗണിക്കും












Click it and Unblock the Notifications