അരിക്കൊമ്പന്‍ റിട്ടേണ്‍സ്..? കുമളിക്ക് എട്ട് കിലോമീറ്റര്‍ അകലെ എത്തി, ജാഗ്രതയോടെ വനം വകുപ്പ്
ഇടുക്കി: ചിന്നക്കനാലില്‍ നിന്ന് പിടികൂടി നാടുകടത്തിയ അരിക്കൊമ്പന്‍ മടങ്ങി വരുന്നതായി സൂചന. അരിക്കൊമ്പനില്‍ ഘടിപ്പിച്ച റേഡിയോ കോളറിലെ സിഗ്നല്‍ പ്രകാരം ആന കേരളത്തിന്റെ അതിര്‍ത്തി പ്രദേശമായ കുമളിക്ക് എട്ട് കിലോമീറ്റര്‍ മാത്രം അകലത്തില്‍ എത്തി എന്നാണ് റിപ്പോര്‍ട്ട്. ഒരു മാസം മുമ്പാണ് അരിക്കൊമ്പനെ നീണ്ട പ്രയത്‌നത്തിനൊടുവില്‍ പിടികൂടി നാടുകടത്തിയത്.
പെരിയാര്‍ കടുവ സങ്കേതത്തില്‍ ആണ് അരിക്കൊമ്പനെ പിന്നീട് തുറന്ന് വിട്ടത്. ഇവിടെ നിന്ന് സ്വന്തം തട്ടകത്തിലേക്ക് അരിക്കൊമ്പന്‍ തിരിച്ച് വരുന്നതായാണ് റിപ്പോര്‍ട്ട്. റേഡിയോ കോളറില്‍ നിന്ന് ലഭിക്കുന്ന സിഗ്നല്‍ പ്രകാരം അരിക്കൊമ്പന്റെ നിലവിലെ സഞ്ചാര പാത ചിന്നക്കനാല്‍ ലക്ഷ്യമാക്കിയാണ്. തമിഴ്നാട് വന മേഖലയിലാണ് അരിക്കൊമ്പനുള്ളത്. കേരള - തമിഴ്നാട് വനം വകുപ്പുകള്‍ അരിക്കൊമ്പന്റെ ശരീരത്തിലെ റേഡിയോ കോളറില്‍ നിന്നുള്ള നീക്കങ്ങള്‍ നിരീക്ഷിച്ച് വരികയാണ്.

ലോവര്‍ ക്യാംപില്‍ അരിക്കൊമ്പന്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ചിന്നക്കനാലിലേക്ക് 80 കിലോമീറ്റര്‍ ആണുള്ളത്. ഇതില്‍ 40 കിലോമീറ്റര്‍ പരിധി അരിക്കൊമ്പന്‍ ചിന്നക്കനാലില്‍ ഉണ്ടായിരുന്നപ്പോള്‍ സഞ്ചരിക്കുന്ന വന മേഖലയാണ് എന്നതിനാല്‍ ഇവിടം പരിചിതമാണ്. അതിനാല്‍ തന്നെ അരിക്കൊമ്പന്‍ തിരികെ എത്താനുള്ള സാധ്യത ഏറെയാണ് എന്നാണ് വിലയിരുത്തല്‍.
രണ്ട് ദേശീയ പാതകളും ഒരു അന്തര്‍ സംസ്ഥാന പാതയും മുറിച്ച് കടന്ന് വേണം ചിന്നക്കനാലിലേക്ക് എത്താന്‍. അരിക്കൊമ്പന്‍ ഇതില്‍ ഒരു ദേശീയ പാത ഇതിനോടകം ആന മുറിച്ചുകടന്നു എന്നാണ് വനം വകുപ്പിന്റെ അനുമാനം. ഇനി മതികെട്ടാന്‍ ചോല ഇറങ്ങിയാല്‍ അരിക്കൊമ്പന് ചിന്നക്കനാല്‍ ഭാഗത്തേക്കു പോകാനാകും എന്നതിനാല്‍ വനം വകുപ്പ് കനത്ത ജാഗ്രതയിലാണ്. അരിക്കൊമ്പന്‍ ഇന്നലെ രാത്രി മുതല്‍ ഇന്നു രാവിലെ വരെ തേക്കടി വനമേഖലയുടെ പരിസരത്തായിരുന്നു.
ജനവാസമേഖലയ്ക്ക് അടുത്തെത്തിയതോടെ ആകാശത്തേക്ക് വെടിയുതിര്‍ത്ത് ശബ്ദമുണ്ടാക്കി അരിക്കൊമ്പനെ തുരത്തി. എന്നാല്‍ ഇവിടെ നിന്ന് ഉള്‍വനത്തിലേക്ക് പോകാതെ കുമളി-തമിഴ്നാട് അതിര്‍ത്തിയിലൂടെ ലോവര്‍ ക്യാമ്പിലേക്കാണ് അരിക്കൊമ്പന്‍ എത്തിയത്. ഇതാദ്യമായല്ല അരിക്കൊമ്പന്‍ കുമളിക്ക് സമീപമെത്തുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് കുമളിക്ക് ആറു കിലോമീറ്റര്‍ അടുത്ത് വരെ അരിക്കൊമ്പന്‍ എത്തിയിരുന്നു.
പിന്നീട് ഇവിടെ നിന്ന് മേദകാനം ഭാഗത്തേക്ക് മടങ്ങുകയായിരുന്നു. ഇതിന് ശേഷമാണ് ജനവാസമേഖലയിലേക്ക് എത്തിയത്. 12 ഓളം പേരുടെ ജീവനെടുത്ത അരിക്കൊമ്പന്‍ വര്‍ഷങ്ങളായി ചിന്നക്കനാലുകാരുടെ ഉറക്കം കെടുത്തുകയായിരുന്നു. ഒടുവില്‍ ഏറെ പണിപ്പെട്ടാണ് അരിക്കൊമ്പനെ ഇവിടെ നിന്ന് മാറ്റിയത്. അരി ഇഷ്ടഭക്ഷണമായതിനാലാണ് ഒറ്റയാന് അരിക്കൊമ്പന്‍ എന്ന പേര് വീണത്. ചിന്നക്കനാലിലെ നിരവധി റേഷന്‍ കടകള്‍ നിരവധി തവണ അരിക്കൊമ്പന്‍ തകര്‍ത്തിട്ടുണ്ട്.












Click it and Unblock the Notifications