പാട്ടപ്പിരിവല്ല, സിപിഎമ്മിന്റേത് ഒറ്റുകൊടുക്കൽ; രൂക്ഷവിമർശനവുമായി കെസി വേണുഗോപാൽ
ആശ വർക്കർമാരുടെ സമരത്തിനെതിരായ സിപിഎം വിമർശനത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് എംപി കെസി വേണുഗോപാൽ. പിരിവെടുത്തും സമരം ചെയ്തും തന്നെയാണ് രാജ്യത്തെ തൊഴിലാളികൾ എല്ലാകാലത്തും അവരുടെ അവകാശങ്ങൾ നേടിയെടുത്തിരുന്നത്. തൊഴിലാളി പ്രസ്ഥാനം എന്ന് അവകാശപ്പെടുന്ന സിപിഎമ്മിന് ഇപ്പോൾ പാട്ടപ്പിരിവിനോട് തൊട്ടുകൂടായ്മ അനുഭവപ്പെടുന്നുണ്ടെങ്കിൽ അവരുടെ രാഷ്ട്രീയ ജീനുകളിൽ നിന്നും തൊഴിലാളികളോടുള്ള പ്രതിബദ്ധത നഷ്ടപ്പെട്ടു എന്നാണ് അർത്ഥമെന്നും കെസി വേണുഗോപാൽ പറഞ്ഞു. കെസി വേണുഗോപാലിന്റെ പ്രതികരണം ഇങ്ങനെ

'ആശാവർക്കർമാരുടെ സമരത്തിന് പിന്നിൽ പാട്ടപ്പിരിവുകാർ ആണെന്ന രീതിയിൽ സമരത്തെ അധിക്ഷേപിക്കാൻ ഇറങ്ങി തിരിച്ചിരിക്കുകയാണ് സിപിഎം. എന്ന് മുതലാണ് പാട്ടപ്പിരിവിനോട് സിപിഎമ്മിന് അവജ്ഞ തോന്നി തുടങ്ങിയത്? പിരിവെടുത്തും സമരം ചെയ്തും തന്നെയാണ് രാജ്യത്തെ തൊഴിലാളികൾ എല്ലാകാലത്തും അവരുടെ അവകാശങ്ങൾ നേടിയെടുത്തിരുന്നത്. തൊഴിലാളി പ്രസ്ഥാനം എന്ന് അവകാശപ്പെടുന്ന സിപിഎമ്മിന് ഇപ്പോൾ പാട്ടപ്പിരിവിനോട് തൊട്ടുകൂടായ്മ അനുഭവപ്പെടുന്നുണ്ടെങ്കിൽ അവരുടെ രാഷ്ട്രീയ ജീനുകളിൽ നിന്നും തൊഴിലാളികളോടുള്ള പ്രതിബദ്ധത നഷ്ടപ്പെട്ടു എന്നാണ് അർത്ഥം. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് കേവലം സംസ്ഥാനത്തെ ഭരിച്ചുമുടിക്കുക മാത്രമായിരുന്നില്ല ചെയ്തതെന്നും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ തൊഴിലാളിപക്ഷ രാഷ്ട്രീയത്തെ കൂടിയാണ് കുത്തക മുതലാളിമാർക്ക് മുന്നിൽ പണയം വച്ചതെന്നും ചരിത്രം വിലയിരുത്തും.
കോൺഗ്രസിന്റെയോ സിപിഎമ്മിന്റെയോ ബിജെപിയുടെയോ കൊടികളിൽ ഒരെണ്ണമെങ്കിലും ആശാവർക്കർമാരുടെ സമരത്തിനിടയിൽ നിങ്ങൾ കണ്ടിരുന്നോ? വിളിക്കുന്ന മുദ്രാവാക്യങ്ങളിൽ ഏതെങ്കിലും രാഷ്ട്രീയപാർട്ടികളോട് വിധേയത്വം അവർ കാണിച്ചത് നിങ്ങൾ കേട്ടുവോ? കക്ഷിരാഷ്ട്രീയ ഭേദമന്യേ മനുഷ്യരെ മനുഷ്യരായി കാണാൻ കഴിയുന്ന എല്ലാവരും ഒരൊറ്റസ്വരത്തോടെ ഒരൊറ്റ ചുവടുമായി സെക്രട്ടറിയേറ്റിന് മുന്നിലേക്ക് ചെന്നവരെയല്ലേ ഈ ദിവസങ്ങളിൽ നിങ്ങൾ കണ്ടത്? കൊടുംവെയിലിൽ നാലുചുവരിന്റെ സുരക്ഷിതത്വമില്ലാതെ രണ്ടാഴ്ചയിലേറെക്കാലമായി അവർ തുടരുന്ന സമരം, സ്വന്തം വീട്ടിലെ അടുപ്പ് പുകയ്ക്കുന്നതിനുവേണ്ടിയാണ്, ഓരോ കുടുംബങ്ങളുടെയും വയറു നിറയ്ക്കുന്നതിനുവേണ്ടിയാണ്, തോളത്ത് കിടന്നുറങ്ങുന്ന കുഞ്ഞുങ്ങളുടെ മുഖത്തൊരു പുഞ്ചിരിക്ക് വേണ്ടിയാണ്. ആ സമരത്തെ പച്ചക്കള്ളം പറഞ്ഞ് ഒറ്റുകൊടുക്കുന്ന, നെറികേടിന്റെ പേര് കൂടിയായി സിപിഎം മാറുകയാണ്.
ആശാവർക്കർമാരുടെ സമരത്തിന് പിന്നിൽ പാട്ടപ്പിരിവുകാരാണെന്ന, അരാജക സംഘടനകലാണെന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിന്റെ പ്രസ്താവന ചരിത്രം പോലും മാപ്പ് നൽകാത്ത തരംതാഴ്ന്ന, വിലകുറഞ്ഞ അഭിപ്രായപ്രകടനമാണ്. കേവലം വ്യക്തിപരം എന്നുപറഞ്ഞ് ഈ പ്രസ്താവനയെ തള്ളിക്കളയാൻ കഴിയില്ല. മുൻപ് ഈ സമരത്തെ അപമാനിച്ച രംഗത്തെത്തിയത് സംസ്ഥാനത്തെ മന്ത്രിമാർ തന്നെയാണ്. ഇപ്പോൾ സിപിഎമ്മിന്റെ നാവായി ഒരു മുതിർന്ന നേതാവ് തന്നെ രംഗത്തെത്തിയത് ഈ സർക്കാർ എങ്ങനെയാണ് ആശാവർക്കർമാരുടെ സമരത്തെ കാണുന്നത് എന്നതിന്റെ ദൃഷ്ടാന്തമാണ്.
പിഎസ് സി ചെയർമാന്റെയും അംഗത്തിന്റെയും ശമ്പളം വർധിപ്പിച്ച്, ഡൽഹിയിൽ ഇരിക്കുന്ന മഹാന്റെ യാത്രാബത്ത കുത്തനെ കൂട്ടി മുൻഗണന എന്താണെന്ന് ഈ സർക്കാർ തന്നെ നമുക്ക് കാണിച്ചുതന്നു.
നാളെ ഭീകരവാദികളായി മുദ്രകുത്തി സെക്രട്ടറിയേറ്റിന് മുന്നിൽനിന്നും ആശാവർക്കർമാരെ തല്ലിയോടിക്കാൻ ഈ സർക്കാർ തുനിഞ്ഞാലും അതിൽ അത്ഭുതപ്പെടേണ്ടി വരില്ല. എളമരം കരീം ഒരു നാവാണ്. ഈ സർക്കാരിന്റെ, ഇടതുപക്ഷമെന്ന് ഉദ്ഘോഷിക്കുന്ന സിപിഎമ്മിന്റെ, കരുതലുണ്ടെന്ന് പച്ചക്കള്ളം പറയുന്നൊരു മുഖ്യമന്ത്രിയുടെ നാവ്. ആ നാവ് ഞങ്ങളുടെതല്ല എന്ന് പറയാൻ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നതാണ് ആദ്യ ചോദ്യം.
അധികാരത്തിന്റെയും ആഡംബരത്തിന്റെയും സുഖശീതളിമയിൽ ഉണ്ടും ഉറങ്ങിയും കിടക്കുന്ന നേതാക്കൾക്ക് പരിചയമില്ലാത്ത പട്ടിണിയുടെ യാഥാർഥ്യം കൂടിയാണ് സെക്രട്ടറിയേറ്റിനു മുന്നിൽ ആശാ വർക്കർമാർ പറയുന്നത്. അവർക്കു മുൻപിൽ ചെന്ന് മുട്ടുകുത്തിയിരുന്ന് മാപ്പിരക്കണം എളമരം കരീം. എന്നിട്ടാവാം ബാക്കി. രാഷ്ട്രീയത്തിന് അതീതമായി ആശാവർക്കർമാരെ ചേർത്ത് പിടിക്കുന്ന രാഷ്ട്രീയമുണ്ട്. അത് സ്നേഹത്തിന്റെയും കരുണയുടെയും സഹാനുഭൂതിയുടെയും മനുഷ്യത്വത്തിന്റെയും രാഷ്ട്രീയമാണ്. അത് കോൺഗ്രസിനുണ്ട്. പാട്ടപ്പിരിവുകാർ എന്നും അരാജകവാദികൾ എന്നും മുദ്രകുത്തിയാൽ ഒലിച്ചുപോകുന്നതല്ല ആ സ്ത്രീകളുടെ രോഷം. ആ രോഷത്തിനൊപ്പം ഞങ്ങൾ ഉണ്ടാവും എന്നും, അവസാനം വരെയും. എളമരം എത്ര വിഷം തുപ്പിയാലും, സിപിഎം ആരെ കൊണ്ട് എത്ര വിഷം തുപ്പിച്ചാലും ചരിത്രം നിങ്ങളെ രേഖപ്പെടുത്തുക ഒറ്റുകാർ എന്നായിരിക്കും.












Click it and Unblock the Notifications